ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ വളരെ വെല്ലുവിളി നിറഞ്ഞ പ്രശ്‌നമാണെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നതായി ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. വിചാരിച്ചതിനേക്കാളും വളരെ കൂടുതലാണ് കേസുകളുടെ വ്യാപ്തിയെന്നും അദ്ദേഹം നിരീക്ഷിച്ചു. ഹരിയാനയിലെ അംബാലയില്‍ നിന്നുള്ള മുതിര്‍ന്ന പൗരന്മാരായ ദമ്പതികളുടെ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്റെ വ്യാപ്തി വളരെ കൂടുതലാണെന്ന് സർക്കാർ സമർപ്പിച്ച റിപ്പോര്‍ട്ട് കാണിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് മാത്രം ഇരകളില്‍ നിന്ന് 3,000 കോടി രൂപയിലധികമാണ് തട്ടിയെടുത്തത്. ആഗോള തലത്തില്‍ ഇത്തരം കേസുകളുടെ അവസ്ഥ എന്തായിരിക്കുമെന്നും ജസ്റ്റിസ് കാന്ത് ചോദിച്ചു. കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ജസ്റ്റിസ് കാന്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചു.
advertisement
തട്ടിപ്പുകാരെ നേരിടാന്‍ ജുഡീഷ്യല്‍ ഉത്തരവുകളിലൂടെ അന്വേഷണ ഏജന്‍സികളെ ശക്തപ്പെടുത്തണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അല്ലെങ്കില്‍ ഈ പ്രശ്‌നം ഇനിയും വലുതാകുമെന്നും ഇരകള്‍ മുതിര്‍ന്ന പൗരന്മാരാണെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ജഡ്ജിമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും വേഷത്തില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പ് സംഘം നടത്തുന്ന ഡിജിറ്റല്‍ അറസ്റ്റ് കേസുകളെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തണമെന്ന് നേരത്തെ സുപ്രീം കോടതി വാമൊഴിയായി നിര്‍ദ്ദേശിച്ചിരുന്നു.
അതിര്‍ത്തിക്കപ്പുറത്തുനിന്നാണ് ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നും കള്ളപ്പണമിടപാട് സംഘങ്ങളാണ് ഇതിനു പിന്നിലെന്നും അറ്റോര്‍ണി ജനറല്‍ വെങ്കട്ട രമണി വാദിച്ചു.
ഹരിയാനയില്‍ നിന്നുള്ള പ്രായമായ ദമ്പതികളെ വ്യാജ കോടതി ഉത്തരവുകളുടെയും അന്വേഷണ ഏജന്‍സികളുടെയും അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് നടത്തി 1.5 കോടി രൂപയാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്. എന്നാല്‍ രാജ്യത്തുടനീളം ഇത്തരത്തില്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്നും ഇരകളില്‍ കൂടുതലും പ്രായമായവരാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കുറ്റവാളികള്‍ നിയമപാലകരായും ജഡ്ജിമാരായും വേഷം മാറി ഓഡിയോ, വീഡിയോ കോളിലൂടെ ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സൈബര്‍ കുറ്റകൃത്യമാണ് ഡിജിറ്റല്‍ അറസ്റ്റ്. കുറ്റവാളികള്‍ ജഡ്ജിമാരുടെ മുഖം മോര്‍ഫ് ചെയ്യുകയും ഇരകളെ വിളിക്കുകയും കോടതി മുറികളെ പശ്ചാത്തലമായി കാണിക്കുകയും ചെയ്യുന്നുവെന്ന് തുഷാര്‍ മേത്ത പറഞ്ഞു.
