ഡല്‍ഹി എന്‍സിആറില്‍ ഒരു വര്‍ഷത്തേക്ക് പടക്കങ്ങളുടെ വില്‍പ്പനയും നിര്‍മാണവും വിലക്കിക്കൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്ത് പടക്ക നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ പരാമര്‍ശം നടത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഭൂഷണ്‍ ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
എന്‍സിആറിലെ പൗരന്മാര്‍ക്ക് മലിനമാക്കപ്പെടാത്ത വായു ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ മറ്റ് നഗരങ്ങളിലെ ആളുകള്‍ക്ക് എന്തുകൊണ്ട് അത് ആയിക്കൂടെന്ന് സുപ്രീം കോടതി ചോദിച്ചു.
കഴിഞ്ഞ ശൈത്യകാലത്ത് സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിക്കാനായി അമൃത്സറില്‍ പോയിരുന്നുവെന്നും അവിടെ ഡല്‍ഹിയിലേക്കാള്‍ മോശമായ സാഹചര്യമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
advertisement
പടക്കനിര്‍മാണം നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണെന്ന് പടക്ക വ്യാപാരികള്‍ തങ്ങളുടെ ഹര്‍ജിയില്‍ വ്യക്തമാക്കി. ഏപ്രില്‍ മൂന്നിന് സുപ്രീം കോടതി നിരോധനം മാറ്റുന്നതിന് വിസമ്മതിച്ചതായും അവര്‍ തയ്യാറാക്കിയ ഗ്രീന്‍ ക്രാക്കര്‍ ഫോര്‍മുലേഷനുകള്‍ പോലും വിദഗ്ധ സംഘടനയായ നീരിയുമായി(NEERI) ചേര്‍ന്ന് കേന്ദ്രസര്‍ക്കാരും പരിഗണിച്ചിട്ടില്ലെന്നും മുതിര്‍ന്ന അഭിഭാഷകരായ ദാമ ശേഷാദ്രി നായിഡുവും കെ പരമേശ്വറും പറഞ്ഞു.
''പടക്കം നിരോധിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നയമുണ്ടെങ്കില്‍ അത് രാജ്യമെമ്പാടും ബാധകമായിരിക്കണം. ഉന്നതര്‍ താമസിക്കുന്ന ഡല്‍ഹിക്ക് മാത്രമായി പ്രത്യേക നയം ഉണ്ടാക്കാന്‍ കഴിയില്ല. രാജ്യത്തുടനീളം ഒരേ നയം ഉണ്ടായിരിക്കണം,'' ബെഞ്ച് അഭിപ്രായപ്പെട്ടു.
സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ കാരണം 2027-28 വരെ സാധുതയുള്ള ലൈസന്‍സുകള്‍ പോലും റദ്ദാക്കപ്പെടുകയാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ അപേക്ഷകളില്‍ അടിയന്തിര വാദം കേള്‍ക്കണമെന്ന് അവര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. അസോസിയേഷന്‍ ഓഫ് ഫയര്‍വര്‍ക്ക് ട്രേഡേഴ്‌സ്, ഇന്‍ഡിക് കളക്ടീവ്, ഹരിയാന ഫയര്‍വര്‍ക്ക് മാനുഫാക്‌ചേറേഴ്‌സ് എന്നിവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഇപ്പോള്‍ നിലവിലുള്ള സ്ഥിതി തുടരാന്‍ കോടതി ബന്ധപ്പെട്ട അധികാരികളോട് നിര്‍ദേശിച്ചു. ദസറ, ദീപാവി ഉത്സവങ്ങള്‍ക്ക് മുന്നോടിയായി കേസ് സെപ്റ്റംബര്‍ 22ന് വാദം കേള്‍ക്കുന്നതിനായി മാറ്റി.
ശൈത്യകാലത്ത് ഡല്‍ഹിയിലെ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും അന്തരീക്ഷ വായു പൗരന്മാരെ ശ്വാസം മുട്ടിക്കുന്ന തരത്തിലാകുമെന്നും അമിക്കസ് ക്യൂരിയായ മുതിര്‍ന്ന അഭിഭാഷക അപരാജിത സിംഗ് കോടതിയെ അറിയിച്ചു. ഡല്‍ഹിയിലെ വായു മലിനീകരണ സാഹചര്യം വഷളാകുന്നത് കണക്കിലെടുത്താണ് കോടതി അസാധാരണ നടപടികള്‍ സ്വീകരിച്ചതെന്ന് അവര്‍ പറഞ്ഞു.
ഡല്‍ഹിയിലെ ഉന്നതര്‍ അന്തരീക്ഷ മലിനീകരണം കടുക്കുന്ന ദിവസങ്ങളില്‍ ഡല്‍ഹിക്ക് പുറത്തേക്ക് പോകാറുണ്ടെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ നിര്‍ദേശിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് കോടതി ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ അവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും ദരിദ്രരാണ് കഷ്ടപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അടുത്ത ദിവസം തന്നെ വിഷയം പരിഗണിക്കാമെന്നും കോടതി സമ്മതിച്ചു. NEERIയുമായി കൂടിയാലോചിച്ച് അപേക്ഷകള്‍ക്ക് മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത പടക്കങ്ങള്‍(ഹരിത പടക്കങ്ങൾ) നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി ഉത്തരവിനെ തുടര്‍ന്ന് ഡല്‍ഹി എന്‍സിആറില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനും വില്‍ക്കുന്നതിനും നിര്‍മിക്കുന്നതിനും 2024 ഡിസംബര്‍ മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ ഭയപ്പെടുത്തുന്ന വായു ഗുണനിലവാരം കണക്കിലെടുക്കുമ്പോള്‍ വര്‍ഷം മുഴുവന്‍ ഇത്തരമൊരു നിരോധനം ആവശ്യമാണെന്നും ഏപ്രിലില്‍ കോടതി വിധിച്ചിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരം അയല്‍ സംസ്ഥാനങ്ങളായ യുപി, ഹരിയാന, രാജസ്ഥാന്‍ എന്നിവടങ്ങളിലും എന്‍സിആര്‍ ജില്ലകളിലും പടക്കങ്ങള്‍ നിരോധിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.