ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനായിരിക്കും നിര്‍ദ്ദിഷ്ട ട്രസ്റ്റിന്റെ അധ്യക്ഷ പദവി വഹിക്കുക. ഇരകളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. ഈ സംരംഭം നിലവില്‍ അതിന്റെ രൂപീകരണ ഘട്ടത്തിലാണ്. ടാറ്റ സണ്‍സും ടാറ്റാ ട്രസ്റ്റുകളും ചേര്‍ന്ന് സംയുക്തമായി ഇതിനുവേണ്ട ബജറ്റ് കണ്ടെത്തുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 12ന് അഹമ്മദാബാദിനടുത്ത് നടന്ന വിമാന അപകടത്തില്‍ 270 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിന് ടാറ്റ സണ്‍സ് ബോര്‍ഡ് അംഗീകാരം തേടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
advertisement
വിമാനദുരന്തത്തിന് ശേഷം നടന്ന ആദ്യ ബോര്‍ഡ് യോഗത്തില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ നിര്‍ദ്ദിഷ്ട ട്രസ്റ്റിനെക്കുറിച്ച് ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തെ അറിയിക്കുകയും എയര്‍ ഇന്ത്യയുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന ദുരിതാശ്വാസ നടപടികളെക്കുറിച്ച് ഡയറക്ടര്‍മാരെ അറിയിക്കുകയും ചെയ്തിരുന്നു.
ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ-171 വിമാനമാണ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണത്. സമീപകാല ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തമാണ് ഇത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽ മരിച്ചവരിൽ വിദേശ പൗരന്മാരും ഉൾപ്പെടുന്നു.