ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാൻ തന്റെ പാർട്ടി തയ്യാറാണെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ്. കോൺഗ്രസ് സഖ്യത്തിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയാണ് തേജസ്വി യാദവിന്റെ പ്രഖ്യാപനം. ഞായറാഴ്ച മുസാഫർപൂരിലെ കാന്തിയിൽ പാർട്ടി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ തന്റെ പിതാവും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ പാരമ്പര്യം ഓർമ്മിപ്പിച്ച തേജസ്വി യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുകയും ചെയ്തു.
advertisement
മുസാഫർപൂർ, ബോച്ചഹാൻ, ഗൈഘട്ട്, കാന്തി തുടങ്ങിയ മണ്ഡലങ്ങളുടെ പേര് പ്രത്യേകം പരാമർശിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് മത്സരത്തിന് തയ്യാറെടുക്കാൻ തേജസ്വി യാദവ് പ്രവർത്തകരോട് പഞ്ഞു.രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ അടുത്തിടെ പങ്കെടുത്ത യാദവ്, ജനങ്ങളുടെ വോട്ടവകാശം വെട്ടി കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും ആരോപിച്ചിരുന്നു.
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി ആർജെഡി 144 സീറ്റുകളിൽ മത്സരിക്കുകയും 75 സീറ്റുകൾ നേടുകയും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെയ്തിരുന്നു. 70 മണ്ഡലങ്ങളുണ്ടായിരുന്ന കോൺഗ്രസിന് അന്ന് 19 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. എന്നാൽ നിലവിലെ സാഹചര്യത്തിൽ രാഹുൽഹാന്ധിയുടെ സംസ്ഥാനത്തെ പര്യടനവും, വോട്ട്ചോരിയുമെല്ലാം വോട്ടർമാരെ സ്വാധീനിച്ചുവെന്നാണ് ഇരു പാർട്ടികളുടെയും കണക്കുകൂട്ടൽ
നിലവിൽ ഒരു കോൺഗ്രസിന്റെ കൈവശമുള്ള മുസാഫർപൂർ സീറ്റിനെക്കുറിച്ചുള്ള തേജസ്വി യാദവിന്റെ പരാമർശം, മത്സരിക്കുന്ന സീറ്റുകളിൽ ആർജെഡി അവകാശവാദം ഉന്നയിക്കാൻ മടിക്കില്ല എന്നതിന്റെ സൂചനയായി സഖ്യകക്ഷികൾ വ്യാഖ്യാനിക്കുന്നു. മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി ആരായിരിക്കുമന്ന് അടുത്തിടെ രാഹുൽ ഗാന്ധിയോട് ചോദിച്ചപ്പോൾ അതിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. മഹാഗത്ബന്ധൻ സഖ്യത്തിലെ ഉന്നത സ്ഥാനത്തേക്ക് തന്റെ സ്ഥാനം ശക്തിപ്പെടുത്താനുള്ള നീക്കമായാണ് തേജസ്വി യാദവിന്റെ പ്രസ്താവനയെ കണക്കാക്കുന്നത്.
കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിഐപി, ജെഎംഎം, എൽജെപി (പാരസ് വിഭാഗം) എന്നിവയുൾപ്പെടെയുള്ള സഖ്യ കക്ഷികളുമായി സീറ്റ് വിഭജനത്തിൽ തീരുമാനമായിട്ടില്ല.