സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഡി.കെ ശിവകുമാറുമായി പങ്കുവയ്ക്കുക എന്ന നിർദേശവും നിലനിന്നിരുന്നു. എന്നാൽ ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഇടപെടലിന്റെ ഫലമായി പ്രശ്നം പരിഹരിച്ചതായി കോൺഗ്രസ് ഉന്നതവൃത്തങ്ങൾ പറഞ്ഞു.
സിദ്ധുവിന്റെ ഹംസഗീതം അഥവാ അവസാന അവസരം
മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറും തമ്മിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരായിരിക്കണമെന്ന കാര്യത്തിൽ തീർച്ചയായും മത്സരമുണ്ടായിരുന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ താൻ ജയിച്ച വരുണ മണ്ഡലത്തിന്റെ ഭാഗമായ കോലാറിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ഉപേക്ഷിക്കാൻ തയ്യാറാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനം നൽകാമെന്നായിരുന്നു പാർട്ടി ഹൈക്കമാൻഡ് നൽകിയ വാഗ്ദാനം. ഇപ്പോൾ ജനപ്രിയ നേതാവിന് ആ സ്ഥാനം നൽകാൻ പാർട്ടി ഹൈക്കമാൻഡ് തീരുമാനിച്ചു. ഇത് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് സിദ്ധരാമയ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്റെ വിജയവും ഒരിക്കൽ കൂടി സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതും അദ്ദേഹത്തെ സംബന്ധിച്ച് ‘ഹംസഗീതം’ ആയിരിക്കുമെന്ന് കരുതുന്നു.
advertisement
സ്വയം പഠിച്ച രാഷ്ട്രീയക്കാരൻ
മൈസൂർ ജില്ലയിലെ സിദ്ധരാമനഹുണ്ടി എന്ന ഗ്രാമത്തിൽ സിദ്ധരാമെ ഗൗഡയുടെയും ബോറമ്മയുടെയും മകനായി ജനിച്ച സിദ്ധരാമയ്യക്ക് നാല് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉള്ളത്. അവരിൽ രണ്ടാമനാണ് സിദ്ധരാമയ്യ. ലിംഗായത്തുകൾക്കും (17-18 ശതമാനം), വൊക്കലിഗകൾക്കും (15-16 ശതമാനം) ശേഷം കർണാടകയിലെ ഏറ്റവും സ്വാധീനമുള്ള മൂന്നാമത്തെ സമുദായമായി കണക്കാക്കപ്പെടുന്ന കുറുബ സമുദായത്തിലെ (7 ശതമാനം) അംഗമാണ് സിദ്ധരാമയ്യ
കന്നുകാലികളെ മേച്ചും വയലിൽ കൃഷി ചെയ്തു അധ്വാനിച്ച് പഠിക്കുകയും അഭിഭാഷകനാവുകയും ചെയ്ത വ്യക്തിയാണ് സിദ്ധരാമയ്യ. അവിടെ നിന്നാരംഭിച്ച വിജയയാത്ര പിന്നീട് 2013ൽ കർണാടക മുഖ്യമന്ത്രിയാകുന്നിടം വരെയെത്തി. ദേവരാജ് ഉർസിന് (1972-77) പുറമെ അഞ്ച് വർഷം പൂർത്തിയാക്കിയ കർണ്ണാടകയിലെ ഏക മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ.
സിദ്ധരാമയ്യയുടെ രാഷ്ട്രീയ യാത്ര യാദൃച്ഛിക ഏറ്റുമുട്ടലുകളും വിധിയുടെ വഴിത്തിരിവുകളും കൊണ്ട് സമ്പന്നമാണ്. ഒരുപക്ഷെ 1978-ൽ അഭിഭാഷകനായ നഞ്ചുണ്ട സ്വാമിയുമായി ഉണ്ടായ ഒരു കൂടിക്കാഴ്ച ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹം ഒരിക്കലും രാഷ്ട്രീയ ലോകത്തേക്ക് കടക്കില്ലായിരുന്നു. ജില്ലാ കോടതിയിൽ വച്ച് കണ്ടുമുട്ടിയ സിദ്ധരാമയ്യയുടെ രാഷ്ട്രീയ ചാതുര്യത്തിൽ മതിപ്പ് തോന്നിയ നഞ്ചുണ്ട സ്വാമി അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു. റാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള ആരാധനയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ അടിത്തറ രൂപപ്പെടുത്തിയത് എന്ന് വേണമെങ്കിൽ പറയാം.
1983-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ലോക്ദൾ സീറ്റിൽ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കർണാടക നിയമസഭയിലെ രാഷ്ട്രീയ അരങ്ങേറ്റം. പിന്നീട് അദ്ദേഹം ജനതാ പാർട്ടിയിൽ ചേർന്നു. അത് 1988-ൽ ജനതാദൾ ആയി മാറി. ഒരു ദശാബ്ദത്തിന് ശേഷം ജനതാദൾ (യുണൈറ്റഡ്), ജനതാദൾ (സെക്കുലർ) എന്നിങ്ങനെ പിളർന്നപ്പോൾ സിദ്ധരാമയ്യ തന്റെ ഗുരുവായ എച്ച്‌ഡി ദേവഗൗഡയ്‌ക്കൊപ്പം നിലയുറപ്പിച്ചു.
നാടകീയമായ ചില സംഭവവികാസങ്ങളെ തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിദ്ധരാമയ്യയെ 2005 ൽ ജെഡി (എസ്) ൽ നിന്ന് പുറത്താക്കി. പക്ഷെ തളരാതെ അദ്ദേഹം തന്റെ പ്രാദേശിക പാർട്ടിയായ ABPJD ആരംഭിക്കാൻ തീരുമാനിച്ചു. പക്ഷേ ഒടുവിൽ 2006-ൽ കോൺഗ്രസിൽ ചേർന്നു. പിന്നീട് 2007 ഡിസംബറിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കർണാടക രാഷ്ട്രീയത്തിലെ ഒരു ശക്തമായ സാന്നിധ്യമായി സിദ്ധരാമയ്യ സ്ഥാനം ഉറപ്പിച്ചു.
വിവാദങ്ങളുടെ തോഴൻ
വാക്കുകൾ വഴങ്ങാത്ത ഒരാളായാണ് സിദ്ധരാമയ്യ അറിയപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി വിവാദ പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. കർണാടക മന്ത്രി സി.എൻ. അശ്വത് നാരായണൻ ഒരിക്കൽ പറഞ്ഞത് സിദ്ധരാമയ്യയെ “പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെപ്പോലെ പുറത്താക്കണം” എന്നായിരുന്നു.
ബി.ജെ.പി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ അഴിമതിക്കാരനായ ലിംഗായത്ത് മുഖ്യമന്ത്രിയെന്ന് വിളിച്ച് സിദ്ധരാമയ്യ വിവാദം സൃഷ്ടിച്ചിരുന്നു. അദ്ദേഹം ലിംഗായത്ത് സമുദായത്തെ അപമാനിക്കുകയാണെന്ന് പറഞ്ഞ് ബിജെപി രംഗത്തെത്തി. ബൊമ്മയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിൽ വിറയ്ക്കുന്ന നായ്ക്കുട്ടി എന്ന് വിശേഷിപ്പിച്ചതും വിവാദമായിരുന്നു.