TRENDING:

ഇന്ത്യയുടെ ഐഐടി ഫാക്ടറി;കൂടുതല്‍ പേരെത്തുന്നത് ബീഹാറിലെ നെയ്ത്ത് ഗ്രാമത്തിൽ നിന്ന്

Last Updated:

വൈദഗ്ധ്യമുള്ള നെയ്ത്തുകാരുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഈ ഗ്രാമത്തിന് 'ബീഹാറിന്റെ മാഞ്ചസ്റ്റര്‍' എന്നും വിളിപ്പേരുണ്ട്

advertisement
ബീഹാറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം, പട്‍വതോളി. പരമ്പരാഗതമായി തുണി നെയ്ത്തിന്റെ കേന്ദ്രമായിരുന്ന ഈ ഗ്രാമത്തില്‍ തലമുറകളായി തറികളുടെ ശബ്ദം നിറഞ്ഞുനില്‍ക്കുന്നു. വൈദഗ്ധ്യമുള്ള നെയ്ത്തുകാരുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഈ ഗ്രാമത്തിന് 'ബീഹാറിന്റെ മാഞ്ചസ്റ്റര്‍' എന്നും വിളിപ്പേരുണ്ട്.
ബീഹാറിന്റെ മാഞ്ചസ്റ്റര്‍
ബീഹാറിന്റെ മാഞ്ചസ്റ്റര്‍
advertisement

എന്നാലിപ്പോള്‍ അക്കാദമിക് രംഗത്ത് സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്ന ശബ്ദമാണ് പട്‍വതോളിയില്‍ നിന്നും ഉയരുന്നത്. പരമ്പരാഗതമായി നെയ്ത്തിനെ ആശ്രയിച്ചിരുന്ന ഒരു സമൂഹം ഇപ്പോള്‍ എഞ്ചിനീയര്‍മാരെയും ഐഐടിക്കാരെയും സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഇന്ത്യയുടെ ഐഐടി ഫാക്ടറി അഥവാ ഐഐടിക്കാരുടെ ഗ്രാമം എന്നാണ് പട്‍വതോളി ഇന്ന് അറിയപ്പെടുന്നത്.

മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് ധാരാളമായി വിദ്യാര്‍ത്ഥികള്‍ ഈ ഗ്രാമത്തില്‍ നിന്നും എത്തുന്നു. ഗ്രാമത്തില്‍ നിന്നുള്ള ഡസന്‍ കണക്കിന് വിദ്യാര്‍ത്ഥികളാണ് കഠിനമായ ഐഐടി ജെഇഇ പരീക്ഷകളില്‍ വിജയം നേടുന്നത്. ഗ്രാമത്തിന്റെ നേട്ടത്തെ സവിശേഷമാക്കുന്നത് മത്സരപരീക്ഷയിലെ ഈ വിജയം മാത്രമല്ല, മറിച്ച് അത് എങ്ങനെ നേടിയെടുക്കുന്നു എന്നത് കൂടിയാണ്.

advertisement

ഒരു കുട്ടിയുടെ സ്വപ്നത്തെ അവന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ മാത്രം ഒതുക്കി നിര്‍ത്താത്ത ഒരു സ്ഥലത്തെ കുറിച്ച് സങ്കല്‍പ്പിക്കുക. അതാണ് പട്‍വതോളിയിലെ യാഥാര്‍ത്ഥ്യം. ശക്തമായ ഒരു സാമൂഹികബോധത്താല്‍ നയിക്കപ്പെടുന്ന ഒരു ഗ്രാമമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പൂര്‍ണ്ണമായും സൗജന്യ പരിശീലനം നല്‍കുന്നു. ഇവിടെ നെയ്ത്തുകാരുടെ കുടുംബത്തില്‍ നിന്നോ അല്ലെങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിന്നോ ഉള്ള എല്ലാ കുട്ടികള്‍ക്കും അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള അവസരം ഉറപ്പാക്കുന്നു. വൃക്ഷ സന്‍സ്ത എന്ന സംഘടനയാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

advertisement

ഈ വര്‍ഷം മാത്രം ഗ്രാമത്തില്‍ നിന്നും ജെഇഇ മെയിന്‍ പരീക്ഷ പാസായ 45 പേരില്‍ 38 വിദ്യാര്‍ത്ഥികള്‍ ഇതിലും കഠിനമായ ജെഇഇ അഡ്വാന്‍സ്ഡിന് യോഗ്യത നേടി. ഇവരില്‍ പലരും മികച്ച സ്‌കോര്‍ തന്നെ നേടി.

ഐഐടികളിലേക്കുള്ള പ്രവേശനത്തിന് പൂര്‍വവിദ്യാര്‍ത്ഥികള്‍ പുതുതലമുറയെ സഹായിക്കുന്നു. മുന്‍ ബാച്ചുകളില്‍ നിന്നുള്ളവര്‍ പുതിയ ബാച്ചുകാര്‍ക്ക്  മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. അറിവ് നേടുകയും അത് പകരുകയും ചെയ്യുന്ന ഒരു പൊട്ടാത്ത ശൃംഖലയാണിത്. അവിടെ എല്ലാവരും പരസ്പരം പ്രോത്സാഹിപ്പിക്കുകയും വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

advertisement

1991-ലാണ് അക്കാദമിക് മികവിന്റെ കേന്ദ്രമായി മാറാനുള്ള ഗ്രാമത്തിന്റെ യാത്ര ആരംഭിച്ചത്. ജിതേന്ദ്ര പട്‍വ എന്ന യുവാവാണ് ഗ്രാമത്തില്‍ നിന്നും ആദ്യമായി ഐഐടിയില്‍ പ്രവേശനം നേടിയത്. അദ്ദേഹത്തിന്റെ നേട്ടം ഗ്രാമത്തില്‍ ഐഐടിയിലേക്കുള്ള ഒരു വിത്ത് പാകി. അദ്ദേഹം ഇപ്പോള്‍ വിദേശത്താണ് താമസിക്കുന്നതെങ്കിലും ഇന്ത്യയിലെ വേരുകള്‍ മറന്നിട്ടില്ല. തന്റെ എന്‍ജിഒ വഴി ജിതേന്ദ്രയും മറ്റ് ഐഐടി ബിരുദധാരികളും വൃക്ഷ സന്‍സ്തയെന്ന സംഘടനയെ പിന്തുണയ്ക്കുന്നുണ്ട്. ഐഐടികളിലേക്ക് കൂടുതല്‍ പേരെയെത്തിക്കാന്‍ ഇവര്‍ ഇന്ധനം നല്‍കുന്നു.

ഡിജിറ്റല്‍ ക്ലാസ് മുറികളും വിശാലമായ ലൈബ്രറിയുമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഈ സംഘടന ഒരുക്കിയിട്ടുള്ളത്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരായ അധ്യാപകര്‍ ഇവര്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസുകള്‍ എടുക്കുന്നു. ആരും പിന്നിലാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പുരോഗതി നിരന്തരം നിരീക്ഷിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗ്രാമത്തിലെ ഭൂരിഭാഗവും നെയ്ത്തുകാരായതിനാല്‍ തന്നെ പല കുടുംബങ്ങള്‍ക്കും കുട്ടികളെ കോച്ചിംഗിനായി നഗരങ്ങളിലേക്ക് അയക്കുന്നത് അസാധ്യമായ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നമാണ് നിരവധിയാളുകളുടെ പ്രയത്‌നത്തിലൂടെ സ്വന്തം ഗ്രാമത്തില്‍ തന്നെ സാധ്യമായത്. പട്‍വതോളി ഒരു വലിയ പാഠം തന്നെ സമൂഹത്തിന് നല്‍കുന്നു. സമൂഹം അവിടുത്തെ കുട്ടികളില്‍ നിക്ഷേപിക്കാന്‍ തീരുമാനിക്കുമ്പോള്‍ അവിശ്വസനീയമായ കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഈ ഗ്രാമം കാണിച്ചുതരുന്നു. മതിയായ പിന്തുണയും കൂട്ടായ ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ഒരു സ്വപ്‌നവും നേടിയെടുക്കുക അസാധ്യമല്ല എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഈ ഗ്രാമം.

മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയുടെ ഐഐടി ഫാക്ടറി;കൂടുതല്‍ പേരെത്തുന്നത് ബീഹാറിലെ നെയ്ത്ത് ഗ്രാമത്തിൽ നിന്ന്
Open in App
Home
Video
Impact Shorts
Web Stories