കർണാടകയിലെ ബെലഗാവി ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ മുസ്ലീമായ ഹെഡ്മാസ്റ്ററെ സ്ഥലംമാറ്റാൻ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി. ജൂലൈ 14 ന് നടന്ന സംഭവത്തിൽ ശ്രീരാമസേന അംഗമുൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുലികാട്ടിയിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ കഴിഞ്ഞ 13 വർഷമായി സേവനമനുഷ്ഠിക്കുന്ന ഹെഡ്മാസ്റ്റർ സുലൈമാൻ ഗൊരിനായിക്കിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറഞ്ഞു. സ്കൂളിലെ ടാങ്കിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്ന് പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ആരുടെയും നില ഗുരുതരമല്ല. കുട്ടികൾക്ക് ഉടനടി ചികിത്സ നൽകുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
advertisement
ടാങ്കിൽ വിഷം കലർത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സംശയത്തിന്റെ പേരിൽ സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പുറത്തുനിന്നൊരാൾ ഒരു കുപ്പിയിൽ ഒരു വസ്തു നൽകിയതായും അത് വാട്ടർ ടാങ്കിലേക്ക് ഒഴിക്കാൻ നിർദ്ദേശിച്ചതായും ചോദ്യം ചെലിൽ കുട്ടി വെളിപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുപ്പി കുട്ടിക്ക് നൽകിയത് പ്രതികളിലൊരാളായ കൃഷ്ണ മദാർ ആണെന്ന് തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുക്കുന്നതും.
കൂടുതൽ അന്വേഷണത്തിൽ സാഗർ പാട്ടീൽ, നാഗനഗൗഡ പാട്ടീൽ എന്നിവരുടെ ഭീഷണിക്ക് വഴങ്ങിയാണ് കൃഷ്ണ മദാർ കൃത്യം ചെയ്തതെന്ന് കണ്ടെത്തി. മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി കൃഷ്ണ മദാറിന് പ്രണയമുണ്ടായിരുന്നു. വിഷം കലര്‍ത്താന്‍ സഹായിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ അറിയിച്ച് പ്രശ്‌നമുണ്ടാക്കുമെന്ന് സാഗർ പാട്ടീലും, നാഗനഗൗഡ പാട്ടീലും ഭീഷണിപ്പെടുത്തിയതായി കൃഷ്ണ മദാര്‍ പറഞ്ഞു. ശ്രീരാമ സേനയുടെ താലൂക്ക് തല പ്രസിഡന്റായ സാഗർ പാട്ടീലാണ് സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌കൂളിലെ ഹെഡ്മാസ്റ്ററോഡ് തനിക്ക് വിരോധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ പാട്ടീൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു
സ്കൂൾടാങ്കിൽ വിഷം കലർത്താനുള്ള ശ്രമത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപലപിച്ചു.
"ബെലഗാവി ജില്ലയിലെ സവദത്തി താലൂക്കിലെ ഹുലികാട്ടി ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ മുസ്ലീം സമുദായത്തിൽ പെട്ടയാളാണ്. അദ്ദേഹത്തെ മറ്റൊരിടത്തേക്ക് സ്ഥലം മാറ്റുക എന്ന ദുരുദ്ദേശ്യത്തോടെ, സ്കൂൾ കുട്ടികളുടെ കുടിവെള്ളത്തിൽ വിഷം കലർത്തിയതിന് ശ്രീറാം സേനയുടെ താലൂക്ക് പ്രസിഡന്റ് സാഗർ പാട്ടീലും മറ്റ് രണ്ട് പേരും അറസ്റ്റിലായി. 15 ദിവസം മുമ്പ് നടന്ന ഈ സംഭവത്തിൽ നിരവധി കുട്ടികൾ രോഗബാധിതരായി, പക്ഷേ ഭാഗ്യവശാൽ, ആർക്കും ജീവൻ നഷ്ടപ്പെട്ടില്ല," സിദ്ധരാമയ്യ പറഞ്ഞു. മത മൗലികവാദവും വർഗീയ വിദ്വേഷവും ഹീനമായ പ്രവൃത്തികളിലേക്ക് നയിച്ചേക്കാം, നിരപരാധികളായ കുട്ടികളുടെ കൂട്ടക്കൊലയ്ക്ക് കാരണമായേക്കാവുന്ന ഈ സംഭവം അതിനുള്ള തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.