സംഭവവുമായി ബന്ധപ്പെട്ട് എയർലൈൻസിലെ മുതിർന്ന ഉദ്യോഗസ്ഥരായ തപസ് ഡേ, മനീഷ് സഹാനി, ക്യാപ്റ്റൻ രാഹുൽ പാട്ടീൽ എന്നിവർക്കെതിരെ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകളിലെയും വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിൽ ഫയൽ ചെയ്ത പരാതി പിന്നീട് സംഭവം നടന്ന ഗുരുഗ്രാമിലെ ഡിഎൽഎഫ്-1 പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഏപ്രിൽ 28 ന് ഇൻഡിഗോയുടെ ആസ്ഥാനമായ എമാർ ക്യാപിറ്റൽ ടവർ 2 ൽ വെച്ചാണ് ജാതീയമായ അധിക്ഷേപവും പീഡനവും നടന്നതെന്ന് ട്രെയിനി പൈലറ്റ് പരാതിയിൽ പറയുന്നു.
advertisement
ട്രെയിനിംഗിനായി താൻ എത്തിയ ഉടൻ തന്നെ അധിക്ഷേപം ആരംഭിച്ചുവെന്നും മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ താൻ വിമാനം പറത്താൻ യോഗ്യനല്ലെന്നും ചെരുപ്പ് തുന്നാൻ പോകു എന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി ട്രെയിനി പൈലറ്റ് പരാതിയിൽ പറഞ്ഞു.തനിക്ക് ഇവിടെ ഒരു കാവൽക്കാരനായിരിക്കാൻ പോലും അർഹതയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും പട്ടികജാതിക്കാരനെന്ന നിലയിൽ തന്നെ അപമാനിക്കാനും തരംതാഴ്ത്താനും ഉദ്ദേശിച്ചുള്ളതാണ് ഈ പരാമർശങ്ങൾ എന്നും ട്രെയിന് പൈലറ്റ് പരാതിയിൽ പറയുന്നു.രാജിവയ്ക്കാൻ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ മനഃപൂർവവും നിരന്തരവുമായ പീഡനമായിരുന്നു നടന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.
പൈലറ്റിനെ വാക്കാൽ അധിക്ഷേപിച്ചതിന് പുറമേ, ശമ്പളം കുറയ്ക്കൽ, നിർബന്ധിത പുനർപരിശീലനം, യാത്രാ ആനുകൂല്യങ്ങൾ റദ്ദാക്കൽ എന്നിവ കുറ്റാരോപിതർ നടത്തിയതായും റിപ്പോർട്ടുണ്ട്.പൊതുസമൂഹത്തിൽ മനഃപൂർവ്വം അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി എസ്‌സി/എസ്ടി നിയമത്തിലെ 3(1)(ആർ), 3(1)(എസ്) വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ബിഎൻഎസിലെ 351(2), 352, 3(5) വകുപ്പുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള വിവേചനം, ഉപദ്രവം അല്ലെങ്കിൽ പക്ഷപാതം എന്നിവയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതും ബഹുമാനിക്കുന്നതുമായ ഒരു ജോലിസ്ഥലമായിരിക്കും ഇൻഡിഗോ എയർലൈൻസെന്നും ഇൻഡിഗോ വക്താവ് വ്യക്തമാക്കി.