ആറ് പ്രതികളും കഴിഞ്ഞ നാല് വര്‍ഷമായി പരസ്പരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. കൂടാതെ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ആക്രമണം ഇവര്‍ കൃത്യമായി ആസൂത്രണം ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സാഗര്‍ശര്‍മ്മ, മനോരഞ്ജന്‍ ഡി എന്നിവരെയാണ് പാര്‍ലമെന്റിനുള്ളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പാര്‍ലമെന്റിന് പുറത്ത് കളർ സ്മോക് സ്പ്രേയുമായെത്തി പ്രതിഷേധം സംഘടിപ്പിച്ച അമോല്‍ ഷിന്‍ഡെ, നീലം ആസാദ് എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
അതേസമയം ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കാണവെ മനോരഞ്ജന്‍ ഡിയെ അദ്ദേഹത്തിന്റെ പിതാവ് തിരിച്ചറിയുകയായിരുന്നു. ബെംഗളുരുവിലെ ഒരു വിദ്യാര്‍ത്ഥി നേതാവായിരുന്നു തന്റെ മകന്‍ എന്ന് അദ്ദേഹം സിഎന്‍എന്‍ ന്യൂസ് 18നോട് പറഞ്ഞു. എഞ്ചീനിയറിംഗ് ബിരുദധാരിയാണ് മനോരഞ്ജന്‍ എന്നും പിതാവ് പറഞ്ഞു.
advertisement
സമൂഹത്തിന് വേണ്ടി ഒരു നല്ലകാര്യം ചെയ്യാന്‍ പോകുകയാണെന്നാണ് യാത്രയ്ക്ക് മുമ്പ് മനോരഞ്ജന്‍ പിതാവിനോട് പറഞ്ഞത്.
അതേസമയം ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയാണ് നീലം ആസാദ്. മഹാരാഷ്ട്ര സ്വദേശിയാണ് പിടിയിലായ അമോല്‍ ഷിന്‍ഡെ.
പ്രതികള്‍ തമ്മിലുള്ള ബന്ധം
സോഷ്യല്‍ മീഡിയയിലൂടെയാണ് നാല് പ്രതികളും പരിചയത്തിലായതെന്ന് പൊലീസ് പറയുന്നു. സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ പ്രത്യയശാസ്ത്രങ്ങളാണ് ഇവരെ അടുപ്പിച്ചത്. ഭഗത് സിംഗ് ഫാന്‍ ക്ലബ്ബിലെ അംഗങ്ങളായിരുന്നു ഇവര്‍ എന്നും പോലീസ് വ്യക്തമാക്കി.
'' ഞങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ മറ്റൊരു മാര്‍ഗ്ഗമില്ല. ഞങ്ങള്‍ ഈ രാജ്യത്തെ സാധാരണ പൗരന്‍മാരാണ്,'' എന്നാണ് അറസ്റ്റിലാകുന്ന സമയത്ത് നീലം ആസാദ് മാധ്യമങ്ങളോട് പറഞ്ഞത്.
ബിആര്‍ അംബേദ്കര്‍, ഭഗത് സിംഗ് എന്നിവരുടെ പ്രത്യയശാസ്ത്രത്തെ അനുകൂലിച്ചിരുന്ന വ്യക്തിയാണ് നീലം ആസാദ്. ഭഗത് സിംഗിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ നീലം യുവാക്കള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നതായി നാട്ടുകാരും പറയുന്നു.
കൂടാതെ കര്‍ഷകസമരത്തിലും ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിലും നീലം പങ്കെടുത്തിരുന്നു. ബിഎഡ്, എംഎ, എംഫില്‍, ബിരുദദാരിയാണ് അറസ്റ്റിലായ നീലം. നെറ്റ് യോഗ്യതയുള്ള നീലം തൊഴില്‍രഹിതയാണെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം നീലം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. ഇന്‍ഡ്യ സഖ്യത്തെ പിന്തുണച്ച വ്യക്തി കൂടിയാണിവര്‍ എന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെയാണ് പ്രതികള്‍ പരസ്പരം പരിചയത്തിലായത്. പാര്‍ലമെന്റിലേക്കുള്ള സന്ദര്‍ശക പാസ് ലഭിക്കാന്‍ കഴിഞ്ഞ മൂന്ന് മാസമായി മനോരഞ്ജനും സാഗറും ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതികള്‍ എങ്ങനെ ഒരുമിച്ചെത്തി എന്നതിനെപ്പറ്റി അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.
എന്തുകൊണ്ടാണ് വാതക ക്യാനിൽ മഞ്ഞനിറം ഇവര്‍ തെരഞ്ഞെടുത്തത് എന്നതിനെപ്പറ്റിയും അന്വേഷണം നടത്തി വരികയാണ്. ഭഗത് സിംഗിന് ഏറ്റവും ഇഷ്ടപ്പെട്ട നിറമായിരുന്നു മഞ്ഞ. അതുകൊണ്ടാണോ ഈ നിറം അവര്‍ തെരഞ്ഞെടുത്തത് എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.
അതേസമയം പാര്‍ലമെന്റിന് പുറത്ത് നീലം ആസാദും, അമോല്‍ ഷിന്‍ഡെയും പ്രതിഷേധം നടത്തുന്നത് ക്യാമറയില്‍ പകര്‍ത്തിയയാളാണ് ലളിത് ഝാ. കൊല്‍ക്കത്ത സ്വദേശിയാണ് ലളിത്. സംഭവത്തില്‍ ലളിതിനും പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. കേസിലെ ആറാം പ്രതിയെപ്പറ്റി വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.