യാത്ര സമയം കുറയ്ക്കുന്നതിനും കാർബൺ പുറംതള്ളൽ നിയന്ത്രിക്കുന്നതിനും പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിഭാവനം ചെയ്തിട്ടുള്ള അതിവേഗ റെയിൽ ഇടനാഴികൾ പരിസ്ഥിതി സൗഹൃദ യാത്രയ്ക്കും വളർച്ചയ്ക്കും വലിയ ഊന്നൽ നൽകുന്നു. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരാണസി, വാരാണസി-സിലിഗുരി എന്നിവയാണ് നിർദ്ദിഷ്ട പാതകൾ. ഇവ സാമ്പത്തിക കേന്ദ്രങ്ങളെയും സാങ്കേതിക ഹബ്ബുകളെയും നിർമ്മാണ ക്ലസ്റ്ററുകളെയും തമ്മിൽ ബന്ധിപ്പിക്കും.
ലോജിസ്റ്റിക്സ് മേഖലയിൽ പശ്ചിമ ബംഗാളിലെ ദാങ്കുനിയെയും ഗുജറാത്തിലെ സൂറത്തിനെയും ബന്ധിപ്പിക്കുന്ന പുതിയ ചരക്ക് പാതകളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകളും യാഥാർത്ഥ്യമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. റോഡ്, റെയിൽ ഗതാഗതത്തേക്കാൾ ജലപാതകളിലൂടെ ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
advertisement
ഇക്കോ ടൂറിസത്തിനും പ്രകൃതി സൗഹൃദ യാത്രകൾക്കും ബജറ്റ് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലും കിഴക്കൻ ഘട്ടത്തിലെ അരക്കു താഴ്വരയിലും പടിഞ്ഞാറൻ ഘട്ടത്തിലെ പൊതിഗൈ മലയിലും മൗണ്ടൻ ട്രെയിനുകൾ വികസിപ്പിക്കും.
സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനായി ആറ് മേഖലകളിൽ പ്രത്യേക ഇടപെടലുകൾ നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. തന്ത്രപ്രധാനമായ ഏഴ് മേഖലകളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുക, പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുക, എംഎസ്എംഇകളെ ശാക്തീകരിക്കുക, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക സുരക്ഷിതത്വം, നഗര കേന്ദ്രീകൃത സാമ്പത്തിക മേഖലകളുടെ വികസനം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.
