ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായുള്ള തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിയ്ക്ക് തടസമാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ഗീത ആഘോഷത്തിന്റെ ഭാഗമായി കുരുക്ഷേത്രയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം അതിവേഗം മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'' പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ശക്തമായ ഒരു ഇന്ത്യയാണ് പടുത്തുയര്‍ത്തപ്പെടുന്നത്. വൈകാതെ ലോകരാജ്യങ്ങള്‍ക്കിടയില്‍ നേതൃസ്ഥാനം ഇന്ത്യയ്ക്ക് ലഭിക്കും. അതില്‍ ഒരു സംശയവും വേണ്ട,'' ചൗഹാന്‍ പറഞ്ഞു.
advertisement
'' എന്നാല്‍ തുടര്‍ച്ചയായി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഇന്ത്യയുടെ പുരോഗതിയ്ക്കും വികസനത്തിനും വെല്ലുവിളിയാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരും. ഹരിയാന, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു,'' ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'എന്ന നിര്‍ദേശത്തെക്കുറിച്ചു പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. ലോക്‌സഭ-നിയമസഭാ-തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് എന്നിവ ഒന്നിച്ചു നടത്താനുള്ള കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അംഗീകരിക്കുകയും ചെയ്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു രാജ്യം ഒരു ഒറ്റ തെരഞ്ഞെടുപ്പ് സംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്?
ലോക്സഭയിലേക്കും എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താനുള്ള പദ്ധതിയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. ഈ തെരഞ്ഞെടുപ്പുകളെല്ലാം ഒരൊറ്റ ദിവസം നടത്താനോ അല്ലെങ്കില്‍ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍ക്കാനോ ആണ് ഉദ്ദേശിക്കുന്നത്. വര്‍ഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം നടപ്പിലാക്കുന്നതിന് സമ്മര്‍ദം ചെലുത്തുന്നുണ്ട്.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', നേട്ടങ്ങള്‍ എന്തൊക്കെ?
1. ചെലവ് കുറയ്ക്കാമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ഓരോ തെരഞ്ഞെടുപ്പ് നടത്തുമ്പോഴും ഉണ്ടാകുന്ന വലിയ അളവിലുള്ള ചെലവ് ഇതിലൂടെ കുറയ്ക്കാന്‍ കഴിയും.
2. തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും, സുരക്ഷാ സേനകള്‍ക്കുമുള്ള അമിതമായ ജോലി ഭാരം കുറയ്ക്കാന്‍ കഴിയും. ഇല്ലെങ്കില്‍ ഇവര്‍ പല തവണ ഇലക്ഷന്‍ പ്രക്രിയയില്‍ പങ്കുചേരേണ്ടി വരുന്നു.
3. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയം നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിന് ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയും. എപ്പോഴും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കുറെയേറെ സമയം അതിന്റെ പ്രചരണത്തിനായി സര്‍ക്കാരിന് നീക്കി വയ്ക്കേണ്ടി വരുന്നു. ഇത് നയങ്ങള്‍ നടപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.
4. കൂടുതല്‍ ആളുകളെ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് നിയമ കമ്മീഷന്‍ വ്യക്തമാക്കുന്നു.
കോട്ടങ്ങള്‍ എന്തൊക്കെ?
1. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാന്‍ ഭരണഘടനയിലും മറ്റ് നിയമകാര്യങ്ങളിലും ഒട്ടേറെ തിരുത്തലുകള്‍ വരുത്തേണ്ടി വരും. ഭരണഘടനാ ഭേദഗതി നടത്തുകയും ശേഷം അവ നിയമസഭകളിലേക്ക് നടപ്പിലാക്കുകയും വേണം.
2. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രാദേശിക വിഷയങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയുണ്ട്. ഇത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാന്‍ ഇടയുണ്ട്.
3. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോട് യോജിക്കുകയെന്നതും വളരെ പ്രയാസമുള്ള കാര്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിര്‍ക്കുന്നു.