ബലാത്സംഗം, കൊലപാതകം എന്നിവ കൂടാതെ അർദ്ധരാത്രി യുവതിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അഭാവത്തിൽ പൊലീസ് സംസ്ക്കരിച്ചതിനെ കുറിച്ചും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഹത്രാസിലെ നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കേസ് സിബിഐയെ ഏൽപ്പിക്കുകയാണെന്ന് ആദിത്യനാഥ് ട്വീറ്റിൽ പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ഇരയുടെ കുടുംബത്തിന് നീതിയും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കോൺഗ്രസ്, ടിഎംസി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സമൂഹിക സംഘടനകളും പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയുള്ള സർക്കാർ പ്രഖ്യാപനം പുറത്തുവന്നത്. വെള്ളിയാഴ്ച ജന്തർ മന്തറിൽ സംഘടിപ്പിച്ച റാലിയിൽ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തിരുന്നു.
Also Read പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തില്ല; രഹസ്യമായി സംസ്കാരം നടത്തി യുപി പൊലീസ്
രാജ്യ വ്യാപകമായ പ്രതിഷേധത്തിനിടെ 20 കാരിയുടെ കുടുംബാംഗങ്ങളെ കാണാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച വൈകുന്നേരം ഹാത്രാസിലെത്തി. കുടുംബാഗങ്ങളെ സന്ദർശിച്ച ശേഷം യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
രാഹുലും പ്രിയങ്കയും ഉൾപ്പെടെ അഞ്ച് നേതാക്കൾക്കാണ് ഹത്രാസിലേക്ക് പോകാൻ പൊലീസ് അനുമതി നൽകിയത്. അതേസമം വ്യാഴാഴ്ച ഇവരുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ രാഹുലിനെ പൊലീസ് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ചയും രാഹുൽ മറ്റു നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം എത്തിയത്.