തൊഴിൽ വകുപ്പ്, കർണാടക സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കിയോണിക്‌സ്), മൈസൂർ സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് (എംഎസ്‌ഐഎൽ), സൈനിക് വെൽഫെയർ ബോർഡ് തുടങ്ങിയ വകുപ്പുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള പരീക്ഷ എഴുതാൻ ഹിജാബ് ധരിച്ച സ്ത്രീകൾക്ക് അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു. ഇതിനെ സ്കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവുമായി ബന്ധിപ്പിച്ച് തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് നിരവധി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്നും സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് അനുവദിക്കുമെന്നു പറഞ്ഞ് തന്റെ പ്രസ്താവന ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും എം.സി സുധാകർ പറഞ്ഞു. തന്റെ പ്രസ്താവനയ്ക്ക് സുപ്രീംകോടതി വിധിയുമായി യാതൊരു ബന്ധവുമില്ലെന്നും സംസ്ഥാനത്തെ കോർപ്പറേഷനുകളിലേക്കോ ബോർഡുകളിലേക്കോ റിക്രൂട്ട്‌മെന്റിനായി പരീക്ഷ എഴുതുന്ന വനിതകളുമായി ബന്ധപ്പെട്ടുള്ള തീരുമാനം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കർണാടകത്തിൽ പരീക്ഷകളില്‍ ഹിജാബിന് വിലക്കില്ല; നിരോധനത്തിൽ ഇളവുമായി സിദ്ധരാമയ്യ സർക്കാർ
”ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ നീറ്റ് പരീക്ഷ എഴുതാനും അനുവദിക്കാറുണ്ട്. ഇത്തരം ബോർഡുകളുടെ അതേ സംവിധാനങ്ങളാണ് കർണാടക എക്‌സാമിനേഷൻ അതോറിറ്റി (കെഇഎ) മുഖേന നടത്തുന്ന പരീക്ഷകളിലും സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി സ്‌കൂളുകളുടെ കാര്യത്തിൽ മാത്രമാണ്. ഇത്തരം പരീക്ഷകളുമായി അതിന് യാതൊരു ബന്ധവുമില്ല”, മന്ത്രി പറഞ്ഞു. ഇത്തരം ജോലിക്ക് അപേക്ഷിക്കുന്ന സ്ത്രീകൾ പ്രായപൂർത്തിയായവരാണെന്നും തങ്ങളുടെ മതാചാരങ്ങൾക്കോ ഇഷ്ടത്തിനോ അനുസരിച്ച്, ശരിയാണെന്ന് തോന്നുന്നത് ചെയ്യാൻ അവർക്ക് അവകാശമുണ്ടെന്നും എം.സി സുധാകർ കൂട്ടിച്ചേർത്തു.
കർണാടകയിലെ അഞ്ച് കോർപ്പറേഷനുകളിലെ വിവിധ വകുപ്പുകളിലെ ഒഴിവുള്ള തസ്തികകളിലേക്കുള്ള പരീക്ഷ ഒക്ടോബർ 28, 29 തീയതികളിലാണ് നടക്കുക.”പരീക്ഷക്കായി ഞങ്ങൾ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. വിശദമായ പരിശോധനയ്‌ക്കായി പരീക്ഷക്ക് ഒരു മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രത്തിലെത്താൻ ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്”, മന്ത്രി കൂട്ടിച്ചേർത്തു.
ഹിജാബ് വിവാദം
കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഉഡുപ്പിയിലെ സർക്കാർ കോളേജിൽ ഹിജാബ് (Hijab) ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കുന്നത് വിലക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെതിരെ പെൺകുട്ടികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ, സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിരുന്നു. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ടെങ്കിലും അതിൽ ഭിന്നവിധിയാണ് ഉണ്ടായത്.
വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കർണാടകയുടെ ഐക്യവും മതേതര പൈതൃകവും ഉറപ്പാക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു.