TRENDING:

വിജയ് യുടെ പേരില്ലാതെ കരൂർ ദുരന്തത്തിന്റെ FIR; സൂപ്പർതാരത്തേ നോവിക്കാതെ ഡിഎംകെ സർക്കാര്‍

Last Updated:

സംഭവത്തിന് പിന്നാലെ ടിവികെയുടെ രണ്ടും‌ മൂന്നുംനിര  ഭാരവാഹികൾക്കെതിരെ സർക്കാർ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിലും, സൂപ്പർതാരം വിജയിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്താത്തത് ചർ‌ച്ചയായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയിന്റെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ച സംഭവത്തിൽ തമിഴ്നാട്ടിലെ ഡിഎംകെ സർക്കാർ നീങ്ങുന്നത് അതീവ ജാഗ്രതയോടെ. സംഭവത്തിന് പിന്നാലെ ടിവികെയുടെ രണ്ടും‌ മൂന്നുംനിര  ഭാരവാഹികൾക്കെതിരെ സർക്കാർ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിലും, സൂപ്പർതാരം വിജയിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്താത്തത് ചർ‌ച്ചയായി.
വിജയ്
വിജയ്
advertisement

സൂപ്പർ‌ താരത്തോട് സർക്കാർ സ്വീകരിച്ചിരിക്കുന്ന ഈ മൃദുസമീപനം ചില രാഷ്ട്രീയ കണക്കുകൂട്ടലുകൾ മുൻനിർ‌ത്തിയാണെന്നാണ് നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന സൂചന. അറസ്റ്റോ, ചോദ്യം ചെയ്യലോ, എഫ്ഐആറിൽ പേരുൾപ്പെടുത്തുന്നതോ പോലുള്ള നടപടികൾ വിജയ് യ്ക്കെതിരെ സ്വീകരിക്കുന്നത് ജനപ്രീതിയിൽ ഒന്നാംസ്ഥാനത്തുള്ള താരത്തോടുള്ള അനുഭാവം ഇനിയും വർധിപ്പിച്ചേക്കുമെന്ന ഭയം ഡിഎംകെയ്ക്കുണ്ട്. മാത്രമല്ല, ഭരണകക്ഷിയായ ഡിഎംകെ രാഷ്ട്രീയ എതിരാളിയെ ലക്ഷ്യമിടുന്നു എന്ന പ്രചാരണത്തിന് വഴിയൊരുക്കുകയും ചെയ്യാമെന്നും നേതാക്കൾ പറയുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സർക്കാർ ജാഗ്രതയോടെ നീങ്ങുന്നതെന്നാണ് ഡിഎംകെ നേതാക്കൾ പറയുന്നത്.

advertisement

ദുരന്തത്തിന്റെ കാരണം അന്വേഷിക്കാൻ സർക്കാർ വിരമിച്ച ഹൈക്കോടതി ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച സ്വമേധയാ നടപടികൾ ആരംഭിക്കാൻ സാധ്യതയുള്ള സാഹചര്യവും സർക്കാർ കണക്കിലെടുക്കുന്നുണ്ട്. “തിടുക്കത്തിലാണെന്ന് തോന്നിക്കുന്ന കടുത്ത നടപടികൾ സർക്കാർ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു,” ഒരു ഉന്നതനെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

വിജയിനൊപ്പമുള്ളവർ സംഭവത്തിൽ ഗൂഢാലോചന സംശയിക്കുകയും ബിജെപിയുമായി ബന്ധമുള്ളവർ അന്വേഷണത്തിന് സമ്മർദം ചെലുത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.

advertisement

ശനിയാഴ്ച രാത്രി, കരൂരിൽ റാലി നടന്ന വേലുസാമിപുരത്ത് പ്രചാരണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ടിവികെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകനെതിരെ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം കരൂർ ടൗൺ പൊലീസ് കേസെടുത്തു. ഞായറാഴ്ചയോടെ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആനന്ദ് എന്ന 'ബുസ്സി' ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി സിടി‌ആർ നിർമൽ കുമാർ‌ എന്നിവരെ കൂടി കേസിൽ ഉൾപ്പെടുത്തി.

‌നരഹത്യയ്ക്ക് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ (109) മുതൽ ജീവൻ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ (125b), ഉത്തരവുകൾ അനുസരിക്കാതിരിക്കൽ (223) എന്നിവയും തമിഴ്‌നാട് പ്രോപ്പർട്ടി (നാശനഷ്ടങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകളും ഉൾപ്പെടെയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ, എഫ്‌ഐആറിൽ നിന്ന് വിജയിന്റെ പേര് മാത്രമല്ല, അദ്ദേഹത്തിന്റെ അടുത്ത അനുയായിയും ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ മരുമകനുമായ ജനറൽ സെക്രട്ടറി (തിരഞ്ഞെടുപ്പ്) ആദവ് അർജുനയുടെ പേരും ഒഴിവാക്കിയത് ശ്രദ്ധേയമായി.

advertisement

സംഘടനാപരമായ വീഴ്ചകൾക്ക് തെളിവ് ലഭിച്ചതിനെ തുടർന്നാണ് മറ്റ് ടിവികെ ഭാരവാഹികളെക്കൂടി കേസിൽ ഉൾപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. “ഇത് ഉയർന്ന തലങ്ങളിലേക്ക് പോകുമോ എന്നത് പിന്നീടുള്ള കാര്യമാണ്,” ഒരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഡിഎംകെ ലക്ഷ്യം എന്ത്?

ഡിഎംകെ സർക്കാരിന്റെ ജാഗ്രത അവരുടെ പരസ്യമായ നിലപാടിൽ പ്രകടമായിരുന്നു. ഞായറാഴ്ച പുലർച്ചെ ദുരന്തബാധിതരുടെ കുടുംബങ്ങളെ കാണാൻ കരൂരിൽ പറന്നെത്തിയ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, അനുശോചനങ്ങളിലും നടപടിക്രമങ്ങളിലും മാത്രമായി തന്റെ പ്രതികരണം ഒതുക്കി. വിജയിനെ അറസ്റ്റ് ചെയ്യുമോ എന്ന നേരിട്ടുള്ള ചോദ്യത്തിന്, “രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള” ചോദ്യങ്ങൾക്ക് താൻ ഉത്തരം പറയില്ലെന്ന് സ്റ്റാലിൻ മറുപടി നൽകി. കമ്മീഷന്റെ അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

advertisement

ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സമാനമായ നിലപാടാണ് എടുത്തത്. “എല്ലാ നേതാക്കൾക്കും പ്രചാരണം നടത്താൻ അവകാശമുണ്ട്,” എന്ന് പറഞ്ഞ അദ്ദേഹം, ജനക്കൂട്ടത്തിന്റെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർട്ടികളോട് ആവശ്യപ്പെട്ടു. ഉത്തരവാദിത്തം സംഘാടകർക്കും രണ്ടാം നിര നേതാക്കൾക്കുമാണെന്നും അദ്ദേഹം പറഞ്ഞു.

“ധീരമായ തീരുമാനങ്ങൾ എടുത്തിരുന്ന അന്തരിച്ച ജയലളിതയെപ്പോലെ അല്ല, വൻ ജനപ്രീതിയുള്ള ഒരു സിനിമാതാരത്തെ അറസ്റ്റ് ചെയ്യുന്നതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സ്റ്റാലിൻ 100 തവണ ആലോചിക്കും. ഒരു പക്ഷേ അത് തിരിച്ചടിച്ചേക്കാം. കോടതികളെയോ കമ്മീഷനയോ മറപിടിച്ചുള്ള നീക്കമാണ് നല്ലത്,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

അതേസമയം, ടിവികെ സ്ഥിഗതികൾ നിയന്ത്രിക്കാൻ പാടുപെടുകയാണ്. ശനിയാഴ്ച രാത്രി മുതൽ അവരുടെ കരൂർ ജില്ലാ ഓഫീസ് പൂട്ടിയിട്ടിരിക്കുകയാണ്. ഞായറാഴ്ച കരൂർ മെഡിക്കൽ കോളേജിൽ ടിവികെയുടെ നേതാക്കൾ ആരും ഹാജരായിരുന്നില്ല. പ്രാദേശിക, സംസ്ഥാന ഭാരവാഹികളുടെ ഫോൺ കോളുകൾക്ക് ആരും മറുപടി നൽകിയില്ല. മരിച്ചവരിൽ ആരും ടിവികെ പ്രവർത്തകരായിരുന്നില്ല- മിക്കവരും സാധാരണ ആരാധകരായിരുന്നു. മരിച്ച 40 പേരിൽ 10 പേർ 18 വയസ്സിന് താഴെയുള്ളവരും, ഒൻപത് പേർ 40-നും 60-നും ഇടയിൽ പ്രായമുള്ളവരും, മറ്റുള്ളവർ 18-40 വയസ്സിനിടയിലുള്ളവരുമായിരുന്നു.

നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ഞായറാഴ്ച, ദുരന്തത്തെ 'തീരാനഷ്ടം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വിജയ് ഒരു പ്രസ്താവന പുറത്തിറക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. “ഇത്രയും വലിയ നഷ്ടത്തിന് മുന്നിൽ ഈ തുക വലുതല്ല,” അദ്ദേഹം പറഞ്ഞു. “പക്ഷേ, നിങ്ങളുടെ കുടുംബത്തിൽപ്പെട്ട ഒരാളെന്ന നിലയിൽ നിങ്ങളോടൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണ്.”

എങ്കിലും, ദുരന്തത്തിനുപിന്നാലെ കരൂരിൽ നിന്ന് അദ്ദേഹം വിട്ടുനിന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി സംഭവത്തിന് തൊട്ടുപിന്നാലെ അദ്ദേഹം നഗരം വിട്ടു. ക്യാമറകളെയും മാധ്യമങ്ങളെയും ഒഴിവാക്കിയായിരുന്നു ഇത്.

സംസ്ഥാന സർക്കാർ വിജയിന്റെ ചെന്നൈയിലെ കടൽത്തീര വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും, നിയമപരമായ പോരാട്ടം ആരംഭിച്ചു കഴിഞ്ഞു. തിക്കിലും തിരക്കിലും പെട്ടതിനെക്കുറിച്ച് സിബിഐ അല്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെയുടെ അഭിഭാഷകർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സ്വമേധയാ നടപടികൾ ആരംഭിക്കാനും അവർ കോടതിയെ അഭ്യർത്ഥിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് മധുര ബെഞ്ച് കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദണ്ഡപാണി അവരെ അറിയിച്ചു.

അന്വേഷണം പൂർത്തിയാകുന്നതുവരെ ടിവികെയുടെ പൊതുയോഗങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു അടിയന്തിര ഹർജിയും ഹൈക്കോടതിക്ക് മുന്നിലെത്തിയിരുന്നു.

ഡിഎംകെയെ സംബന്ധിച്ചിടത്തോളം കണക്കുകൂട്ടൽ വ്യക്തമാണ്. എം ജി രാമചന്ദ്രൻ മുതൽ ജയലളിത വരെ സിനിമാപ്രശസ്തി തിരഞ്ഞെടുപ്പ് ശക്തിയായി ഉപയോഗിച്ച തമിഴ്‌നാട്ടിൽ, വിജയിന്റെ ആരാധകവൃന്ദം രാഷ്ട്രീയ സ്വാധീനമായി മാറിയിട്ടുണ്ട്. അന്വേഷണങ്ങൾ അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ ഇപ്പോൾ അറസ്റ്റ് ചെയ്യുന്നത് രാഷ്ട്രീയ പകപോക്കലായി ചിത്രീകരിക്കപ്പെടാം.

‍മറ്റ് പാർട്ടികളുടെ പ്രതികരണം

എഐഎഡിഎംകെ വിമത നേതാവ് ടിടിവി‌ ദിനകരൻ ഏകാംഗ കമ്മീഷനെ നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനം വിവേകപൂർണമായ നീക്കമാണെന്ന് പറഞ്ഞു. മറ്റ് പാർട്ടികൾ ഈ സന്ദർഭം ടിവികെയെയും ഡിഎംകെ സർക്കാരിനെയും ഒരുപോലെ വിമർശിക്കാൻ ഉപയോഗിച്ചു. തമിഴ്‌നാട്ടിലെ സിനിമാ ഭ്രമം “വേദനാജനകമായി”മാറിയെന്ന് വിടുതലൈ ചിരുത്തൈകൾ കക്ഷി നേതാവ് തോൽ തിരുമാവളവൻ പറഞ്ഞു. ദുരിതബാധിതരുടെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു, “ഈ ജനക്കൂട്ടം ഒരു രാഷ്ട്രീയ നേതാവിനെ കാണാനല്ല, ഒരു സിനിമാതാരത്തെ കാണാനാണ് ഒത്തുകൂടിയത്.”

നടനും രാഷ്ട്രീയ നേതാവുമായ  കമൽ ഹാസൻ സംഭവത്തെ "ഹൃദയഭേദകം" എന്ന് വിളിക്കുകയും, മതിയായ ദുരിതാശ്വാസവും വൈദ്യസഹായവും ഉറപ്പാക്കാൻ സംസ്ഥാനത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു. പൊതുയോഗങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഈ ദുരന്തം ഒരു പാഠമായിരിക്കണമെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ സെൽവപെരുന്തകൈ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ദുരിതബാധിതരുടെ കുടുംബങ്ങളെ സഹായിക്കാൻ ജില്ലാ നേതാക്കൾക്ക് നിർദേശം നൽകുകയും സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് ആരോപിക്കുകയും ചെയ്തു.

ഇതിനിടെ, ജഗദീശൻ കമ്മീഷൻ ഞായറാഴ്ച വൈകുന്നേരം സ്ഥലം സന്ദർശിച്ച് പ്രവർത്തനം ആരംഭിച്ചു. "എത്രയും വേഗം" റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
വിജയ് യുടെ പേരില്ലാതെ കരൂർ ദുരന്തത്തിന്റെ FIR; സൂപ്പർതാരത്തേ നോവിക്കാതെ ഡിഎംകെ സർക്കാര്‍
Open in App
Home
Video
Impact Shorts
Web Stories