ഹരീഷ് റാവത്തിന്റെ തോൽവി
2017ൽ ഉത്തരാഖണ്ഡ് തെരെഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ഹരീഷ് റാവത്തായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന കോൺഗ്രസിലെ കരുത്തനായ റാവത്ത് മത്സരിച്ചത് രണ്ടു സീറ്റുകളിൽ നിന്ന്; ഉദ്ദം സിംഗ് നഗർ ജില്ലയിലെ കിച്ച മണ്ഡലത്തിൽ നിന്നും ഹരിദ്വാർ ജില്ലയിലെ ഹരിദ്വാർ റൂറൽ മണ്ഡലത്തിൽ നിന്നും. തന്റെ സ്ഥാനാർഥിത്വം കൊണ്ട് ഈ രണ്ടു ജില്ലകളിലും കോൺഗ്രസിന്റെ സാധ്യത വർധിപ്പിക്കുകയായിരുന്നു റാവത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ 70 മണ്ഡലങ്ങളിൽ ഇരുപതും ഈ ജില്ലകളിലായിരുന്നു.
എന്നാൽ ഭരണവിരുദ്ധ വികാരവും കാലുവാരലും ശക്തമായിരുന്ന തെരഞ്ഞെടുപ്പിൽ റാവത്ത് രണ്ടിടത്തും തോറ്റു. കിച്ചയിൽ രണ്ടായിരത്തോളം വോട്ടിനു തോറ്റപ്പോൾ ഹരിദ്വാർ റൂറലിൽ ഒന്ന് പോരാടാൻ പോലുമാകാതെ ദയനീയ പരാജയം ഏറ്റുവാങ്ങി. പന്ത്രണ്ടായിരത്തിലധികം വോട്ടുകൾക്കായിരുന്നു തോൽവി.
advertisement
2012ൽ ബി.സി. ഖണ്ഡൂരി
ബി.സി. ഖണ്ഡൂരിയുടെ നേതൃത്വത്തിലായിരുന്നു 2012ൽ ബിജെപി ഉത്തരാഖണ്ഡ് നിലനിർത്താൻ പോരിനിറങ്ങിയത്. തെരെഞ്ഞെടുപ്പിന് അഞ്ചു മാസം മുൻപാണ് രമേഷ് പൊക്രിയാലിനെ മാറ്റി സർക്കാരിന്റെ മുഖം മിനുക്കി ഖണ്ഡൂരിയെ ബി.ജെ.പി. മുഖ്യമന്ത്രിയായി വീണ്ടും അവതരിപ്പിച്ചത്. ഖണ്ഡൂരിയുടെ ക്ലീൻ ഇമേജിലൂടെ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ജനവികാരവും മറികടക്കുകയായിരുന്നു ലക്ഷ്യം.
ഖണ്ഡൂരി ഹേയ് സറൂരി (ഖണ്ഡൂരി ആവശ്യമാണ്) എന്നായിരുന്നു ബി.ജെ.പി. മുദ്രാവാക്യം. എഴുപതംഗ നിയമസഭയിലേക്ക് വോട്ടെണ്ണിയപ്പോൾ ബി.ജെ.പി. കോൺഗ്രസിനെക്കാൾ പിന്നിൽ പോയി എന്നുമാത്രമല്ല, മുഖ്യമന്ത്രി സ്ഥാനാർഥിയായ ഖണ്ഡൂരി തോൽക്കുകയും ചെയ്തു. കോട്ദ്വാർ മണ്ഡലത്തിലായിരുന്നു ഖണ്ഡൂരിയുടെ ഞെട്ടിക്കുന്ന തോൽവി.പാർട്ടിയിലെ ഒരു വിഭാഗം ഖണ്ഡൂരിക്കെതിരെ പ്രവർത്തിച്ചതാണ് തോൽവിക്ക് കാരണമായി വിലയിരുത്തപ്പെട്ടത്.
ജയിച്ചത് കോശ്യാരി മാത്രം
2017ൽ തെരഞ്ഞെടുപ്പിനെ നയിച്ച ഹരീഷ് റാവത്തും 2012ൽ തെരഞ്ഞെടുപ്പിനെ നയിച്ച ബി.സി. ഖണ്ഡൂരിയും തോറ്റപ്പോൾ, മുഖ്യമന്ത്രിയായി തെരഞ്ഞെടുപ്പിനെ നയിച്ച് ജയിച്ചു കയറിയത് ഭഗത് സിംഗ് കോശ്യാരി മാത്രമാണ്. 2002ലാണ് ഉത്തർപ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് രൂപീകരിച്ചത്. മേഖലയിൽ നിന്നുള്ള ഭൂരിപക്ഷവും ബി.ജെ.പി. എംഎൽഎമാർ ആയിരുന്നതിനാൽ സംസ്ഥാനത്ത് ബി.ജെ.പി. സർക്കാർ ഉണ്ടാക്കി. നിത്യാനന്ദ സ്വാമി മുഖ്യമന്ത്രിയാകുകയും ചെയ്തു.
2002 ലായിരുന്നു ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ്. അപ്പോഴേക്കും നിത്യാനന്ദയെ മാറ്റി ഭഗത് സിംഗ് കോശ്യാരിയെ മുഖ്യമന്ത്രിയായി ബി.ജെ.പി. ദേശീയ നേതൃത്വം നിയമിച്ചിരുന്നു. തെരെഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ച ഭഗത് സിംഗ് കോശ്യാരി കപ്ക്കോട്ട് മണ്ഡലത്തിൽ നിന്ന് ജയിച്ചെങ്കിലും ബിജെപിയ്ക്ക് ഭരണ തുടർച്ച നേടാനായില്ല.കോശ്യാരിക്ക് ശേഷം 2002-2007 വരെ അഞ്ചു വർഷക്കാലം എൻ.ഡി. തിവാരിയായിരുന്നു മുഖ്യമന്ത്രി. 2007 ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ തിവാരി മത്സര രംഗത്തുണ്ടായതുമില്ല.
സമീപകാല ചരിത്രം തിരുത്തുമോ പുഷ്‌കർ ധാമി
പുഷ്‌കർ ധാമിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി. ഇത്തവണ ബി.ജെ.പി. തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഞ്ചു വർഷത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയായി കഴിഞ്ഞ ജൂലൈ മാസത്തിലാണ് ധാമി ചുമതലയേറ്റത്. 2012 മുതൽ ഖട്ടിമ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ധാമി മണ്ഡത്തിൽ തന്റെ സ്വാധീനം അരക്കിട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
മുഖ്യമന്ത്രിയായ ശേഷം മണ്ഡലത്തിൽ ഓടിയെത്തുക മാത്രമല്ല, ഒന്നര മാസത്തിനിടെ 400 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മണ്ഡലത്തിലെ വോട്ട് കണക്കുകൾ അത്ര സുരക്ഷിതമല്ല ധാമിക്ക്. ബി.ജെ.പി. അനുകൂല തരംഗം ഉണ്ടായിരുന്നിയിട്ടും കഴിഞ്ഞ തവണ ധാമി ജയിച്ചത് മൂവായിരത്തിൽ താഴെ മാത്രം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.
ഏതായാലും സിറ്റിംഗ് മുഖ്യമന്ത്രി തോൽക്കുന്ന പതിവ് ആവർത്തുകുമോ അതോ സമീപകാല ചരിത്രം തിരുത്താൻ പുഷ്‌കർ ധാമിക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.