സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് യശ്വന്ത് സിന്‍ഹ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റിട്ടത്.
ഇന്ത്യന്‍ സൈന്യം രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം പേരുടെ നിയന്ത്രണത്തിലാണെന്ന് രാഹുല്‍ ഗാന്ധി ബീഹാറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചതിന് പിന്നാലെയാണ് മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സൈന്യത്തിലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുടെ ആധിപത്യത്തെയാണ് പത്ത് ശതമാനം എന്ന രാഹുല്‍ ഗാന്ധിയുടെ ആഖ്യാനം ഉദ്ദേശിക്കുന്നത്.
രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ ജാതി ചര്‍ച്ചയിലേക്ക് വലിച്ചിഴച്ചതില്‍ താന്‍ നിരാശനാണെന്നും ഇന്ത്യന്‍ സൈന്യത്തിനുള്ള ഒരേയൊരു ജാതി ദേശസ്‌നേഹം, ധൈര്യം, ത്യാഗം എന്നിവയാണെന്നും സിന്‍ഹ എക്‌സില്‍ കുറിച്ചു.
advertisement
നവംബര്‍ നാലിന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ കുടുബ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് രാഹുല്‍ ഗാന്ധി സൈന്യത്തിനെതിരെ പരാമര്‍ശം നടത്തിയത്. രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യത്തിന്റെ വക്താവാണ് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിവിധ പ്രധാന സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുടെ ആധിപത്യമുണ്ടെന്ന് അദ്ദേഹം നിരന്തരം വാദിച്ചു.
"ഞങ്ങള്‍ക്ക് ഡാറ്റ വേണം, എത്ര ദളിതര്‍, ഒബിസി (മറ്റ് പിന്നോക്ക വിഭാഗങ്ങള്‍), ഗോത്രവര്‍ഗക്കാര്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ഉയര്‍ന്ന ജാതിക്കാര്‍ എന്നിവരുണ്ട്", രാഹുല്‍ ഗാന്ധി ബീഹാറിലെ റാലിയിലും ആവര്‍ത്തിച്ച് ചോദിച്ചു. രാജ്യത്തുടനീളമുള്ള ജാതി അടിസ്ഥാനത്തിലെ അസമത്വത്തെ കുറിച്ചും അദ്ദേഹം വാദിച്ചു.
ഇന്ത്യയുടെ ജനസംഖ്യയുടെ 90 ശതമാനവും ദളിതര്‍, മഹാദളിതര്‍, പിന്നോക്കവിഭാഗക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ളവരാണെങ്കിലും കോര്‍പ്പറേറ്റുകളിലും ഉദ്യോഗസ്ഥരിലും നീതിന്യായ വ്യവസ്ഥയിലും മറ്റ് പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇവര്‍ക്കുള്ള പ്രാതിനിധ്യം കുറവാണെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.
"ബാങ്കിന്റെ എല്ലാ പണവും ആ ഉയര്‍ന്നജാതിക്കാരായ പത്ത് ശതമാനം പേരിലേക്കാണ് പോകുന്നത്. അവര്‍ക്ക് എല്ലാ ജോലികളും ലഭിക്കുന്നു. മിക്കയിടങ്ങളിലും അവര്‍ ആധിപത്യം പുലര്‍ത്തുന്നു. അവര്‍ എല്ലാം നിയന്ത്രിക്കുന്നു. ജുഡീഷ്യറിയെ നോക്കൂ. അവിടെ എല്ലാം കൈകാര്യം ചെയ്യുന്നത് അവരാണ്. സൈന്യത്തില്‍ പോലും അവര്‍ക്ക് ആധിപത്യമുണ്ട്. ജനസംഖ്യയിലെ 90 ശതമാനം പേരെയും നിങ്ങള്‍ക്ക് എവിടെയും കാണാന്‍ കഴിയില്ല", രാഹുല്‍ ഗാന്ധി പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നവംബര്‍ 14-ന് പ്രഖ്യാപിക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് 11-ന് നടക്കും.
