'ഹനുമാൻ ഒരു ആദിവാസിയായിരുന്നു, വനവാസിയായിരുന്നു. ബജ്റംഗ് ബാലി വടക്കും തെക്കും കിഴക്കും മുതൽ പടിഞ്ഞാറ് വരെയുള്ള എല്ലാ ഇന്ത്യൻ സമൂഹങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് പരിശ്രമിച്ചു. ഇത് രാമന്റെ ആഗ്രഹം സഫലമാക്കാനായിരുന്നു. അതുപോലെ ആ ആഗ്രഹം നിറവേറ്റുന്നതുവരെ നാം വിശ്രമിക്കില്ല'- മാൽപുര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ആദിത്യനാഥ് പറഞ്ഞു. രാമഭക്തർ ബി.ജെ.പിക്ക് വോട്ട് ചെയ്യും. രാവണഭക്തർ കോൺഗ്രസിനും- യോഗി പറഞ്ഞു.
advertisement
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന മുറവിളി ശക്തമായ സാഹചര്യത്തിൽ യോഗി തന്റെ പ്രസംഗത്തിലുടനീളം ശ്രീരാമന്റെ പേര് ആവർത്തിക്കുകയാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ രണ്ട് വ്യത്യസ്തരീതികളാണ് വെളിവാകുന്നതെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നു. യോഗി ആദിത്യനാഥ് ഹിന്ദുത്വവാദം പറഞ്ഞ് വോട്ട് പിടിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി വികസന നായകനെന്ന നിലയിലാണ് വോട്ടർമാരെ അഭിസംബോധന ചെയ്യുന്നത്.
യോഗി ഇതാദ്യമായല്ല വോട്ടർമാരെ ആകർഷിക്കാൻ ഭഗവാൻ ഹനുമാനെ കൂട്ടുപിടിക്കുന്നത്. ഈ മാസമാദ്യം ഛത്തീസ്ഗഡിലും സമാനമായ പരാമർശം അദ്ദേഹം നടത്തിയിരുന്നു. 'ഹനുമാൻ ആദിവാസിയായിരുന്നു, വനവാസിയായിരുന്നു. ശ്രീരാമൻ വനവാസത്തിലായിരുന്നപ്പോൾ രാക്ഷസന്മാരിൽ നിന്ന് വനവാസികളെ രക്ഷിക്കാൻ ഹനുമാൻ സഹായിച്ചിരുന്നു. ത്രേതായുഗത്തിൽ രാമൻ ചെയ്തതുപോലെ രാമരാജ്യം കൊണ്ടുവരാനാണ് ബിജെപി ശ്രിക്കുന്നത്'- യോഗി ആദിത്യനാഥ് പറഞ്ഞു.
