ഐപിഎൽ 15-ാ൦ സീസണിനായി ഗംഭീര മുന്നൊരുക്കങ്ങളാണ് ഹൈദരാബാദ് നടത്തിയതെങ്കിലും ഈ സീസണിൽ മികച്ച തുടക്കം നേടാൻ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല. സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ തോൽവിയോടെ തുടങ്ങിയ ഹൈദരാബാദ്, രണ്ടാം മത്സരത്തിൽ ലക്നൗവിനെതിരെയും തോൽവി വഴങ്ങി. ലക്നൗവിനെതിരെ ജയം കൈയകലെ നഷ്ടമായപ്പോൾ ഹൈദരാബാദിനെ പിന്തുണയ്ക്കാനായി ഗാലറിയിൽ എത്തിയിരുന്ന കാവ്യ അതീവ നിരാശയായാണ് കാണപ്പെട്ടത്. ഹൈദരാബാദിന്റെ തോൽവിയിൽ നിരാശയോടെ ഇരിക്കുന്ന കാവ്യയുടെ ഈ ചിത്രങ്ങൾ വൈകാതെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.
advertisement
ഈ ചിത്രങ്ങൾ വെച്ച് രസകരമായ പ്രതികരണങ്ങളുമായി ഒരുപാട് ആരാധകർ രംഗത്തെത്തിയിരുന്നു. കാവ്യയുടെ അവസ്ഥയോട് സഹതാപം പുലർത്തുന്ന പോസ്റ്റുകളായിരുന്നു പലതും. കാവ്യ ഇതിലും മികച്ചത് അർഹിക്കുന്നുണ്ടെന്നും കളി ജയിക്കാനല്ലെങ്കിൽ ഇനി കാവ്യയെ സ്റ്റേഡിയത്തിലേക്ക് വിളിക്കരുതെന്നും ഒട്ടേറെ ആരാധകർ ട്വിറ്ററിൽ കുറിച്ചു.
‘കാവ്യ ഇതല്ല അർഹിക്കുന്നത്. കെയ്ൻ വില്യംസൻ, അബ്ദുൽ സമദ്, അഭിഷേക് ശർമ, ഉമ്രാൻ മാലിക്, നിക്കോളാസ് പുരാൻ, രാഹുൽ ത്രിപാഠി, ഏയ്ഡൻ മാർക്രം.. നിങ്ങളെല്ലാവരും ദയവായി കാവ്യയെ സന്തോഷിപ്പിക്കാൻ ശ്രമിക്കൂ.’– ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു. കാവ്യയുടെ ഇന്നത്തെ ദിവസം മോശമായിരുന്നു. കാവ്യ ഇതിലും മികച്ചത് തന്നെ അർഹിക്കുന്നുവെന്ന് മറ്റൊരു ആരാധകൻ കുറിച്ചു.
സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണ് കാവ്യ. ലക്നൗവിനെതിരായ മത്സരത്തിൽ ജയം കൈയകലെ വെച്ചാണ് ഹൈദരാബാദിന് നഷ്ടമായത്. ടോസ് നേടി ലക്നൗവിനെ ബാറ്റിങ്ങിന് അയച്ച ഹൈദരാബാദ് ബൗളർമാരുടെ മികവിൽ ലക്നൗവിനെ 169 റൺസിൽ ഒതുക്കി നിർത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അവസാന ഓവറുകളിൽ റൺ കണ്ടെത്താൻ കഴിയാതെ വന്നതോടെ 12 റൺസിനായിരുന്നു ടീമിന്റെ തോൽവി. ആദ്യത്തെ രണ്ട് മത്സരങ്ങളും തോറ്റ ഹൈദരാബാദ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.