ലോറി വരുന്നതു കണ്ട ഒരു പെൺകുട്ടി മതിൽ എടുത്തു ചാടിയാണ് രക്ഷപ്പെട്ടത്. മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങൾ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു പെൺകുട്ടിയുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലുമാണുള്ളത്. അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറി പൂർണമായും ഉയർത്തിയിട്ടുണ്ട്.അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിന് കാരണമെന്നാരോപിച്ച് സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നുണ്ട്.
അതേസമയം, നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികൾ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
advertisement
വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടൻ സംഭവസ്ഥലത്തേക്ക് പോകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരുക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കും. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളും. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.