കൊക്കോ തോട്ടത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് രാജുവിനെ കണ്ടെത്തിയത്. ബാങ്കില്‍ നിന്നെടുത്ത 10 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതിൽ മനംനൊന്താണ് രാജു ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പ് അടിമാലിയിലെ പൊതുമേഖലാ ബാങ്കില്‍ നിന്നും രാജുവിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സ്ഥലംവിറ്റ് കടം വീട്ടാന്‍ രാജു ശ്രമിച്ചെങ്കിലും വാങ്ങാന്‍ ആളില്ലാത്തതിനാല്‍ അതും നടന്നില്ല.
ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഇടുക്കി ഉള്‍പ്പെടെയുള്ള മേഖലകളിലെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 31നാണ് പ്രളയമേഖലകളിലെ കാര്‍ഷിക വായ്പകളുടെ പലിശയ്ക്ക് ഒരു വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഈ മേഖലകളിലെ വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കും ആറുമാസത്തെ മോറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. പ്രളയമേഖലകളിലെ കുടിശികക്കാരില്‍ നിന്നും വായ്പ തിരിച്ചു പിടിക്കാന്‍ സര്‍ഫാസി നിയമം പ്രയോഗിക്കേണ്ടെന്നും ബാങ്കേഴ്‌സ് സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
advertisement
ഈ നിയന്ത്രണങ്ങളൊക്കെ നിലനില്‍ക്കുമ്പോഴും പ്രളയബാധിത മേഖലയില്‍ കഴിഞ്ഞ 38 ദിവസത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കര്‍ഷകനാണ് രാജു. കീരിത്തോട് സ്വദേശി ദിവാകരന്‍, തോപ്രാംകുടി സ്വദേശി സന്തോഷ്, പെരിഞ്ചാംകുട്ടി സഹദേവന്‍ എന്നിവരാണ് ജപ്തി നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് ഇതിനു മുൻപ് ആത്മഹത്യ ചെയ്തത്. മണിയാറന്‍കുടി സ്വദേശി ടോമി ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സസയിലാണ്.
ഇപ്പോഴും നിരവധി കര്‍ഷകരാണ് ബാങ്കുകളുടെ ജപ്തി ഭീഷണിയില്‍ കഴിയുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ കൈവിട്ട സര്‍ക്കാരിനെതിരെ മലയോര മേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്.
ആത്മഹത്യ ചെയ്ത വാഴത്തോപ്പ് സ്വദേശി ജോണിയുടെ സുഹൃത്തിന്റെ വാക്കുകളില്‍ തന്നെയുണ്ട് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം. 'പാട്ടത്തിനെടുത്ത അഞ്ചേക്കര്‍ സ്ഥലം പ്രളയത്തില്‍ പൂര്‍ണമായി നശിച്ചു. പലിശയ്ക്ക് പണം വാങ്ങി വീണ്ടും കൃഷിയിറക്കി. കട്ടുപന്നികള്‍ കൂട്ടമായെത്തി വാഴയും കപ്പയും നശിപ്പിച്ചു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകളില്‍നിന്നും ഭീഷണിയായി. ഒടുവില്‍ വാഴയ്ക്ക് ഉപയോഗിക്കാനിരുന്ന വിഷം കഴിച്ച് ജോണി ജീവനൊടുക്കി.'
പ്രളയ ശേഷം കൊക്കോ റബര്‍, കുരുമുളക് എന്നിവയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും നിലച്ചു. വെള്ളം പോലും വില കൊടുത്തു വാങ്ങേണ്ട സാഹചര്യത്തില്‍ ആത്മഹത്യാ മുനമ്പിലാണ് ജില്ലയിലെ പല കര്‍ഷകരും.
Also Read കേസ് തീരുന്നതുവരെ കുറവിലങ്ങാട്ട് തുടരാം; കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം മരവിപ്പിച്ചു
