മൂന്ന് ഘട്ടങ്ങളിലായാണ് ഗ്രാമോത്സവം നടക്കുന്നത്: ക്ലസ്റ്റർ തലം, ഡിവിഷണൽ തലം, ഗ്രാൻഡ് ഫിനാലെ. കേരളത്തിൽ, ക്ലസ്റ്റർ ലെവൽ മത്സരങ്ങൾ ഓഗസ്റ്റ് 23-24 തീയതികളിൽ തൃശൂരിലെ വരന്തരപ്പിള്ളിയിലും എറണാകുളത്തെ അമ്പലമുഗളിലും നടക്കും. കാസർകോടിലെ ചെറുവത്തൂരിൽ ഓഗസ്റ്റ് 28-29 -ന് മത്സരങ്ങൾ നടക്കുന്നു. തുടർന്ന് തിരുവനന്തപുരത്തെ പോത്തൻകോടും കണ്ണൂരിലെ വെള്ളച്ചാൽ-മക്രേരിയും ഓഗസ്റ്റ് 30-31 -ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു. പാലക്കാടിലെ അയിലൂരിൽ വച്ച് സെപ്റ്റംബർ 1-2 തീയതികളിലും മത്സരങ്ങൾ നടക്കുന്നു.
advertisement
ദേശീയതലത്തിൽ, ഈശ ഗ്രാമോത്സവം ആന്ധ്രപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി, ഒഡിഷ എന്നിവിടങ്ങളിലെ 35,000-ലധികം ഗ്രാമങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. 5,000-ലധികം സ്ത്രീകൾ ഉൾപ്പെടെ 50,000-ലധികം ഗ്രാമീണർ, 6,000-ലധികം ടീമുകളിലായി ഈ വർഷം മത്സരിക്കുന്നു. സെപ്റ്റംബർ 21-ന് കോയമ്പത്തൂരിലെ ഈശ യോഗ കേന്ദ്രത്തിലെ ആദിയോഗിയുടെ മുന്നിൽ ഗ്രാൻഡ് ഫിനാലെ നടക്കുന്നു. 67 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗങ്ങളിലെ വിജയികൾക്ക് 5 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ഈ സംരംഭത്തെക്കുറിച്ച് സദ്‌ഗുരു പറയുന്നതിങ്ങനെയാണ്, "ഈശ ഗ്രാമോത്സവം കായിക വിനോദങ്ങളിലൂടെയുള്ള ജീവിതത്തിന്റെ ആഘോഷമാണ്. സാമൂഹികമായ വേർതിരിവുകൾക്കപ്പുറം മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ശക്തി കായികവിനോദങ്ങൾക്കുണ്ട്.
കളിയുടെ ആനന്ദത്തിലൂടെ ജാതി, മതം, മറ്റ് സ്വത്വങ്ങൾ എന്നിവയുടെ അതിരുകളെ ഇല്ലാതാക്കാൻ കഴിയുന്നു. ഇത് ഒരു മികച്ച കായികതാരമാകുന്നതിനുവേണ്ടിയല്ല, മറിച്ച് കായികോൽസുകതയോടെ ജീവിക്കുന്നതിനുവേണ്ടിയാണ്. നിങ്ങൾക്ക് പൂർണ്ണമായ പങ്കാളിത്തത്തോടും ഉത്സാഹത്തോടും കൂടി ഒരു പന്ത് എറിയാൻ കഴിയുമെങ്കിൽ, ആ പന്തിന് ലോകത്തെ മാറ്റാൻ കഴിയും. പരിപൂർണ്ണമായ പങ്കുചേരലോടെ കളിക്കുന്നതിന്റെ ആനന്ദം നിങ്ങൾ അനുഭവിച്ചറിയണം."കായികമത്സരങ്ങൾക്ക് പുറമേ, ഗ്രാമോത്സവം ഗ്രാമീണ ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ ആഘോഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത സാംസ്കാരിക പ്രകടനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. തമിഴ്നാടിന്റെ തവിൽ-നാദസ്വരം, വല്ലി കുമ്മി, ഓയിലാട്ടം, കേരളത്തിന്റെ പഞ്ചാരി മേളം, ചെണ്ട മേളം, തെലങ്കാനയിലെ ഗുസാടി നൃത്തം, കർണാടകയിലെ പുലി വേഷം എന്നിവയുടെ അവതരണങ്ങളും നടക്കുന്നു. കോലം വരയ്ക്കൽ, സിലമ്പം തുടങ്ങിയ പൊതുജനങ്ങൾക്കായുള്ള മത്സരങ്ങൾ ഉത്സവാന്തരീക്ഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കുന്നു.
ഗ്രാമീണ ജനങ്ങളെ ലഹരിവസ്തുക്കളിൽ നിന്ന് മുക്തരാക്കാനും, ജാതി, മതം എന്നിവയുടെ വേർതിരിവുകൾ മറികടക്കാനും, സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ ഉയർത്തിക്കൊണ്ടുവരാനും ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയുടെ ഗ്രാമീണ ചൈതന്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി 2004-ൽ സദ്‌ഗുരു ഈശ ഗ്രാമോത്സവം ആരംഭിച്ചു. പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം എന്നത് കർഷകർ, ശുചീകരണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയ സാധാരണ ഗ്രാമീണ പൗരന്മാർക്ക് വേണ്ടി മാത്രമുള്ളതാണ്. അവർക്ക് കളിക്കാനും കായികവിനോദങ്ങളിൽ പങ്കെടുക്കാനും ഗ്രാമീണ ഭാരതത്തിന്റെ ചൈതന്യത്തെ ആഘോഷിക്കാനുമുള്ള വേദി ഗ്രാമോത്സവം ഒരുക്കുന്നു.
ഗ്രാമീണ വികസനത്തിലും കായികവിനോദങ്ങളുടെ പ്രോത്സാഹനത്തിലും ഈശ ഔട്ട്‌റീച്ച് സംഘടിപ്പിക്കുന്ന ഈശ ഗ്രാമോത്സവം വഹിക്കുന്ന പങ്ക് ദേശീയ അംഗീകാരം നേടിയിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ യുവജന കാര്യ കായിക മന്ത്രാലയം ഗ്രാമോത്സവത്തെ 'നാഷണൽ സ്പോർട്സ് പ്രമോഷൻ ഓർഗനൈസേഷൻ (എൻഎസ്പിഒ)' ആയി അംഗീകരിച്ചിട്ടുണ്ട്. 2018-ൽ ഗ്രാമങ്ങളിലെ കായികരംഗത്തേക്ക് നൽകിയ മികച്ച സംഭാവനയ്ക്ക് ഈ സംരംഭത്തിന് അഭിമാനകരമായ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരവും ലഭിച്ചു.