തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നിട്ടും കേരകർഷക സംഘത്തിന്റെ വേദികൾ നിഷ്ക്ഷമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എ കെ ആന്റണി, പി കെ വി , മുല്ലപ്പള്ളി രാമചന്ദ്രൻ , സി കെ ചന്ദ്രപ്പൻ, വി കെ രാജൻ , എം എം ഹസ്സൻ , തലേക്കുന്നിൽ ബഷീർ , പി സി ചാക്കോ , കെ ശങ്കര നാരായണൻ , വക്കം പുരുഷോത്തമൻ , കൊടിക്കുന്നിൽ സുരേഷ് , പാലോട് രവി , പിരപ്പൻകോട് മുരളി, അഡ്വ. ജെ ആർ പത്മകുമാർ തുടങ്ങിയ വിവിധകക്ഷി നേതാക്കളെയാകെ കേരകർഷക സംഘത്തിന്റെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുപ്പിച്ചു.
advertisement
തിരുവനന്തപുരം ജില്ലയിലെ വെമ്പായം വില്ലേജില്‍ ബഹുജന സംഘടനകള്‍ സംഘടിപ്പിച്ചുകൊണ്ട് 1947ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1954ലെ നെടുമങ്ങാട് ചന്തസമരത്തിന്റെ സംഘാടകനായിരുന്നു പി.ജി എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പി.ജി.വേലായുധന്‍ നായര്‍. ആ സമരത്തില്‍ താലൂക്കിലെ കര്‍ഷകരെ ആകെ അണിനിരത്തി.
ഒട്ടേറെ പ്രക്ഷോഭ സമരങ്ങളുടെ മുന്‍നിരയില്‍ പി.ജി ഉണ്ടായിരുന്നു. മൂന്നു കൊല്ലക്കാലം കണ്ണൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ , സി പി ഐ -എം രൂപീകരിക്കാൻ മുന്നിൽ നിന്ന ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു പി ജി. അന്ന് സി പി ഐ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ എ കെ ജി , ഈ എം എസ്, ഓ ജെ ജോസഫ്, കെ ആർ ഗൗരിയമ്മ എന്നിവരുടെ ഒപ്പം പി ജി വേലായുധൻ നായരും ഉണ്ടായിരുന്നു.
വ്യക്തി ജീവിതത്തിൽ സൗമ്യമായി ഇടപെട്ടിരുന്ന പി ജി യുടെ സമര ജീവിതം പക്ഷെ ആവേശഭരിതമായിരുന്നു. തിരുവനന്തപുരം നഗരസഭാ മന്ദിരത്തിന് തറക്കല്ലിടാൻ എത്തിയ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്താൻ സി പി ഐ എം തീരുമാനിച്ചു. ഇന്ദിരാ ഗാന്ധി എത്തിയതും കരിങ്കൊടിയുമായി ചാടിയത് പി ജി ആയിരുന്നു.
അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1969-ല്‍ സി പി എം വിട്ടു. പാര്‍ട്ടിയുടെ നയങ്ങളെ ശക്തിയായി വിമര്‍ശിച്ചുകൊണ്ട് പാര്‍ട്ടി വിട്ട അദ്ദേഹം ഒരു വര്‍ഷക്കാലം തിരുവനന്തപുരം ജില്ലയിലെ കൃഷിക്കാരെ സംഘടിപ്പിച്ചു. പിന്നീട് അവരെ ചേർത്ത് ഒരു സ്വതന്ത്ര കര്‍ഷക പ്രസ്ഥാനം രൂപീകരിച്ചു. അപ്പോഴേക്കും മാതൃസംഘടയായ സി പി ഐ യിലേക്ക് ക്ഷണിച്ച് എൻ ഇ ബലറാം , എൻ നാരായണൻ നായർ, എസ് കുമാരൻ എന്നിവർ നടത്തിയ ഇടപെടലിനെ തുടർന്ന് 1970ല്‍ പി ജി വേലായുധൻ നായരും കൂടെയുള്ള നൂറുകണക്കിന് കർഷകരും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. തുടർന്ന് പിജി കിസാന്‍ സഭയുടെ സംസ്ഥാന നേതൃത്വത്തിലേക്കെത്തി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
കേരളത്തിലെ കേരകര്‍ഷകര്‍ സംഭരിച്ച് ഏർപ്പെടുത്തിയ 'കേരമിത്ര അവാർഡ്' ലഭിച്ചു. എന്നാൽ ഒരുലക്ഷം രൂപയുടെ അവാര്‍ഡ് തുക അദ്ദേഹം ആ യോഗത്തില്‍ വച്ചുതന്നെ കേരകർഷക സംഘത്തിനു ഒരു മന്ദിരം നിര്‍മ്മിക്കുന്നതിനായി ഭാരവാഹികളെ ഏല്പിച്ചു. തന്റെ 80ാമത്തെ വയസ്സില്‍ കഴിഞ്ഞകാല സമരചരിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പി ജി രചിച്ച ‘എന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകം പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 നവംബർ 2 ന് അദ്ദേഹം അന്തരിച്ചു.
