TRENDING:

യുഡിഎഫ് സർക്കാർ പട്ടാള ബാരക്കാക്കിയ കാമ്പസ്

Last Updated:

കോളേജ് ക്യാമ്പസിനകത്ത് ഇത്തരത്തില്‍ പ്രശ്നം ഉണ്ടാകുന്നത് ഇതാദ്യമായല്ല. പക്ഷെ ഒരു വിദ്യര്‍ത്ഥി സംഘടന മാത്രം നിയന്ത്രിക്കുന്നെന്ന് പറയുന്ന കോളേജില്‍ അതേ സംഘടനയുടെ വിദ്യാര്‍ത്ഥിയെ അതെ സംഘടനയിലെ നേതാക്കള്‍ തന്നെ കുത്തിപ്പരിക്കേല്‍പ്പിക്കുന്നത് ഇതാദ്യമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഒന്നര നൂറ്റാണ്ട് പാരമ്പര്യമുളള യൂണിവേഴ്സിറ്റി കോളേജിനെതിരെ പരാതി ഉയരുന്നത് ഇത് ആദ്യമല്ല. മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതി ഏറെ നാളായി. എസ്എഫ്ഐ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമുന്നയിച്ച ഒരു വിദ്യാര്‍ത്ഥിനിക്ക് പഠനമുപേക്ഷിച്ച് പോകേണ്ടി വന്നതും അടുത്തിടെയാണ്. അഞ്ചു വര്‍ഷത്തിനിടെ പഠനം പൂര്‍ത്തിയാക്കാതെ ടിസി വാങ്ങിയത് 187 പേരാണ്. എന്നാല്‍ ഇതില്‍ എത്രപേര്‍ ഇതേ കാരണം കൊണ്ട് കോളേജ് വിട്ടെന്നത് വ്യക്തമല്ല.
advertisement

എന്തുകൊണ്ട് എസ്എഫ്ഐ

അക്കാഡമിക്ക് രംഗത്തെ കേരളത്തിന്റെ തലയെടുപ്പുള്ള കലാലയം വിവാദത്തില്‍ പെടുമ്പോള്‍, ഉത്തരവാദിത്വം പറയാനുള്ള ബാദ്ധ്യത എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കുണ്ട്. കാരണം അക്കാഡമിക്ക് രംഗത്തെ തലയെടുപ്പിനൊപ്പം സംഘടനാരാഷ്ട്രീയരംഗത്തും വേറിട്ട മുഖമാണ് യൂണിവേഴ്സിറ്റി കോളേജിന്. എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി സംഘടന മാത്രം നിയന്ത്രിക്കുന്ന കോളേജ് ക്യാമ്പസ് സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് സമാനമാണ് യൂണിവേഴ്സിറ്റി കോളേജ് എന്ന് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു.

Also Read: 'കേരളജനതയോട് മാപ്പു ചോദിക്കുന്നു'; യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു

advertisement

മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യമില്ലെന്നതായിരുന്നു യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി നേതൃത്വത്തിനെതിരെ അടുത്തകാലം വരെ ഉയരുന്ന പരാതി. പക്ഷേ ഇപ്പോള്‍ ചെങ്കോട്ടക്കുള്ളില്‍ നിന്നു തന്നെയാണ് കലാപം. കോളജില്‍ തങ്ങള്‍ക്ക് സ്വാതന്ത്യമില്ലെന്ന പരാതി ഉന്നയിക്കുന്നവരും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ. സംഘടനയുടെ യൂണിറ്റ് റൂം ഇടിമുറിയാണെന്നും എന്നെ അവിടെ കൊണ്ടിട്ട് മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഒരു വിദ്യാര്‍ത്ഥി തന്നെ തുറന്നുപറയുന്ന ക്യാമ്പസില്‍.

കോളേജ് ഭരണത്തിനായുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഈ ക്യാമ്പസില്‍ പ്രസക്തിയില്ല എന്നതാണ് ആരോപണം .

'പ്രിന്‍സിപ്പലിനോ അധ്യാപകര്‍ക്കോ ഇവിടെത്തെ ഭരണ സംവിധാനത്തില്‍ യാതൊരു സ്വാധീനവും ഇല്ല. എസ് എഫ് ഐ യൂണിറ്റ് എന്ന കോര്‍ കമ്മിറ്റിയാണ് അവസാന വാക്ക്. അതിനാല്‍ സിപിഎം അനുകൂല അധ്യാപക സംഘടനയും എസ് എഫ് ഐ യും തമ്മിലുള്ള പരസ്പര സഹകരണ സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നെറികേടുകള്‍ക്ക് എതിരെ ആരെങ്കിലും പരാതിപ്പെട്ടാല്‍ അദ്ധ്യാപകര്‍ സഹായിക്കും, തിരിച്ചും. പരസ്പരമുള്ള പുറം ചൊറിയാലാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. അവസാന നിമിഷം ക്രിമിനലുകള്‍ക്ക് അഡ്മിഷന്‍ കൊടുക്കുന്നത് മുതല്‍ ക്ലാസില്‍ കേറാതെ അറ്റെന്‍ഡന്‍സ് നല്‍കുന്നതും പരീക്ഷയില്‍ ക്രമക്കേടു നടത്തുന്നതും യൂണിയന്‍ തെരഞ്ഞെടുപ്പുമെല്ലാം ഇതില്‍ പെടും ,' കേരള സര്‍വ കലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാല പറയുന്നു

advertisement

പാടരുത്, ആണും പെണ്ണും ഒരുമിച്ചിരിക്കരുത്.

കോളേജ് ക്യാന്റീനിനുള്ളില്‍ പാട്ട് പാടിയതാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. ക്യാമ്പസിനുള്ളിലെ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ക്ക് എസ്എഫ്ഐയുടെ അനുമതി വേണമോയെന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്. ക്യാമ്പസിനുള്ളില്‍ നാളുകളായി നിലനിന്നിരുന്ന തര്‍ക്കങ്ങളും ഭിന്നതകളുമാണ് ഒടുവില്‍ പൊട്ടിതെറിയിലെത്തിയത്. തങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതൃത്വത്തെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ വെല്ലുവിളിക്കുന്നത്.

എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി പറയുന്നതാണ് കോളേജിലെ അവസാനവാക്കെന്നാണ് പ്രതിഷേധമുയര്‍ത്തുന്ന വിദ്യാര്‍ത്ഥികളും പറയുന്നത്. ഉച്ചത്തില്‍ പാടിയാലും സഹപാഠികള്‍ ഒരുമിച്ചിരുന്നാലും അടി ഉറപ്പാണെന്ന് അവര്‍ പറയുന്നു. ആണ്‍കുട്ടികള്‍ക്കൊപ്പമിരിക്കുന്ന പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുന്നത് പതിവ് സംഭവമാണെന്നാണ് ഉയരുന്ന പരാതികള്‍.

advertisement

നേരത്തെ ജിജേഷ് എന്ന സിനിമാ പ്രവര്‍ത്തകന് യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങളും കേരളത്തിന് മുന്നിലുണ്ട്. സുഹൃത്തുക്കളെ കാണാന്‍ കോളേജിലെത്തിയപ്പോഴായിരുന്നു ജിജേഷിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

അങ്ങനെ കാര്യവട്ടത്ത് ഒരു കോളേജുണ്ടായി

മുന്‍പ് യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ കോഴ്സുകള്‍ കാര്യവട്ടത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് 1191-1996 കരുണാകരന്‍ മന്ത്രിസഭാ ആലോചിച്ചിരുന്നു. ആലോചിച്ചിരുന്നു. കോളേജിനെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കി നിലനിര്‍ത്തിയായിരുന്നു ഈ നീക്കം. എല്ലാ സമരങ്ങളുടെയും പ്രധാന കേന്ദ്രമായി യൂണിവേഴ്സിറ്റി കോളേജ് മാറിയതോടെ നഗരത്തിലെ ദൈനംദിന ജീവിതത്തിന് ബുദ്ധിമുട്ടാകുന്നെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. അന്ന് പൊതുമുതല്‍ നശിപ്പിക്കുന്നതിന് എതിരെ നിയമങ്ങള്‍ കര്‍ശനമായിരുന്നില്ല. ഇത് സമരത്തിന്റെ മറവില്‍ അഴിഞ്ഞാടാന്‍ ഗുണ്ടകള്‍ക്ക് സഹായകമായിരുന്നു. അങ്ങനെ കാര്യവട്ടത്ത് ഒരു സര്‍ക്കാര്‍ കോളേജുണ്ടായി. എന്നാല്‍ അടുത്ത മന്ത്രിസഭയുടെ (1996-2001) കാലത്ത് യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ കോഴ്സുകള്‍ പതിവുപോലെ തുടര്‍ന്നു.

advertisement

പട്ടാള ബാരക്കായ കാമ്പസ്

നഗരത്തിലെ സമരങ്ങള്‍ അക്രമാസക്തമാകുന്നതിനു ഈ കാമ്പസിനുള്ള പങ്ക് കണക്കെടുത്താണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അത്തരമൊരു നീക്കമുണ്ടായത്. സോളാര്‍ അഴിമതിക്കെതിരെ ഇടതു മുന്നണി ആഹ്വാനം ചെയ്ത സെക്രട്ടേറിയറ്റ് വളയലിനു മുമ്പായിരുന്നു ഇത്. കോളജിലെ പഠനം സസ്പെന്‍ഡ് ചെയ്തശേഷം അവിടെ പട്ടാളത്തിന് ബാരക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍ ?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോളേജിലെ ഇപ്പോഴത്തെ വിവാദങ്ങളെ തള്ളി പറയുന്ന എസ്എഫ്ഐ നേതൃത്വവും ഇതിന് തൊട്ടുമുന്‍പുവരെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. സിപിഎമ്മിന്റെ ആസ്ഥാന മന്ദിരത്തോട് അതിരുപങ്കിട്ട് നില്‍ക്കുന്ന കാമ്പസിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ മുഖം വികൃതമാക്കുന്നു എന്ന യഥാര്‍ഥ്യം കണക്കിലെടുത്ത് സക്രിയമായി പ്രതികരിക്കാന്‍ പാര്‍ട്ടിക്കും കഴിഞ്ഞില്ല. സെക്രട്ടേറിയറ്റിന് വിളിപ്പാടകലെയുള്ള കലാലയത്തില്‍ കാല്‍നൂറ്റാണ്ടായി നിലനില്‍ക്കുന്ന ജനാധിപത്യപ്രശ്നങ്ങള്‍ ഫലപ്രദമായി നിയന്തിക്കാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്കും കഴിഞ്ഞിട്ടില്ല.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുഡിഎഫ് സർക്കാർ പട്ടാള ബാരക്കാക്കിയ കാമ്പസ്