'കേരളജനതയോട് മാപ്പു ചോദിക്കുന്നു'; യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു

Last Updated:

തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ല. തളര്‍ച്ചയല്ല. തിരുത്തലാണ് വേണ്ടത്. സ്വയം നവീകരിച്ച് മുന്നേറണം. കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണം. രക്തസാക്ഷിത്വങ്ങളോട് നീതി പുലര്‍ത്തണം.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേരളജനതയോട് മാപ്പ് ചോദിക്കുന്നതായി എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു. 'ഞങ്ങളുടെ അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, അവന്‍ എഴുതി വെച്ച മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്എഫ്‌ഐക്കാര്‍, അല്ലാത്തവര്‍ ഒറ്റുകാര്‍ മാത്രമാണെ'ന്ന് പറഞ്ഞുകൊണ്ടാണ് സാനു ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പ് ചോദിച്ചത്.
ലജ്ജിച്ച് തലതാഴ്ത്തുന്നു എന്നു പറഞ്ഞാണ് സാനുവിന്റേ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ലെന്നും കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ലെന്നും പറയുന്ന സാനു തളര്‍ച്ചയല്ല, തിരുത്തലാണ് വേണ്ടതെന്നും സ്വയം നവീകരിച്ച് മുന്നേറണമെന്നും പറയുന്നു. എസ്എഫ്‌ഐയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെക്കുറിച്ചും സാനു സംസാരിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ലജ്ജിച്ച് തല താഴ്ത്തുന്നു. കേരളജനതയോട് മാപ്പു ചോദിക്കുന്നു. ഞങ്ങളുടെ അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, അവന്‍ എഴുതി വെച്ച മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐ.ക്കാര്‍. അല്ലാത്തവര്‍ ഒറ്റുകാര്‍ മാത്രമാണ്. കടിച്ചുകീറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെയിടയിലേക്ക് ഈ പ്രസ്ഥാനത്തെയും, ശുഭ്രപതാകയെയും, മുദ്രാവാക്യങ്ങളെയും, രക്തസാക്ഷിത്വങ്ങളെയും ഇട്ടുകൊടുത്ത ഒറ്റുകാര്‍.
advertisement
കൂടെ നിന്നവരെ വീണുപോകാതെ ചേര്‍ത്തുപിടിച്ചവര്‍, ഇനി വരുന്നവരുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ തല പൊട്ടിയവര്‍, കലാലയങ്ങള്‍ സര്‍ഗാത്മകമാക്കാന്‍ മുന്നില്‍ നിന്നവര്‍, ഒപ്പമുള്ളവരുടെ വേദനയില്‍ കണ്ണുനനഞ്ഞവര്‍, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി ജീവന്‍ കൊടുത്തവര്‍, അഭിമന്യു പാടിയ നാടന്‍പാട്ടുകള്‍ ഹൃദയത്തില്‍ക്കൊണ്ടു നടക്കുന്നവര്‍, സാഹിത്യത്തെയും, കലകളെയും ഏറ്റവും മനോഹരമായി ആസ്വദിക്കുന്നവര്‍.
അവര്‍ മാത്രമാണ് ഈ പ്രസ്ഥാനത്തിന്റെ കാവല്‍ക്കാര്‍. വര്‍ഷങ്ങളെടുത്ത് അവര്‍ നിറം കൊടുത്ത സ്വപ്നങ്ങളെയും കാലങ്ങളായി അവര്‍ നയിച്ച പോരാട്ടങ്ങളെയുമാണ് കുറഞ്ഞ മണിക്കൂറുകളില്‍, ഒരു കലാലയത്തിനകത്ത് കുറച്ചാളുകള്‍ ചേര്‍ന്ന് ഒറ്റുകൊടുത്തത്.
advertisement
ഈ ശുഭ്രപതാകയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് അര്‍ഥമില്ലാത്ത വാക്കുകളല്ല. ആ മൂന്നു മഹത്തായ ആശയങ്ങളാണ് ഈ പ്രസ്ഥാനത്തെ നിര്‍വചിക്കുന്നത്. ഇന്ത്യയിലെ എത്രയോ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ ചേര്‍ത്തുവെക്കുന്നത്. പണവും ഭരണകൂടവും അറിവിനെയും വിദ്യാഭ്യാസത്തെയും നിര്‍ണയിക്കുമ്പോള്‍ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന ബഹുഭൂരിപക്ഷത്തിന്റെ പ്രതീക്ഷയാണ് എസ്.എഫ്.ഐ എന്ന മൂന്നക്ഷരങ്ങള്‍; അവര്‍ക്കു മേല്‍ വീശുന്ന തണലാണ് ഈ ശുഭ്രപതാക. അവരുടെ സംഘടിതമായചെറുത്തുനില്പുകളുടെ അടയാളമാണ് ഈ പ്രസ്ഥാനം. ഞാനടക്കമുള്ള ഒരു വ്യക്തിയുടെയും പ്രവൃത്തികള്‍ നമ്മളുയര്‍ത്തുന്ന മുദ്രാവാക്യങ്ങളെ മങ്ങലേല്പിക്കാനനുവദിച്ചുകൂടാ. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ തീജ്വാലയായി നമ്മളെ നോക്കുന്നവരെ വഞ്ചിക്കരുത്.
advertisement
മറ്റൊന്നും പറയാനില്ല. തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ല. തളര്‍ച്ചയല്ല. തിരുത്തലാണ് വേണ്ടത്. സ്വയം നവീകരിച്ച് മുന്നേറണം. കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണം. രക്തസാക്ഷിത്വങ്ങളോട് നീതി പുലര്‍ത്തണം. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവും ഇനിയുമുറക്കെ മുഴങ്ങണം. നക്ഷത്രാങ്കിത ശുഭ്രപതാക ഇതിലുമുയരത്തില്‍ പറക്കണം.
എസ്.എഫ്.ഐ. സിന്ദാബാദ്. രക്തസാക്ഷികള്‍ സിന്ദാബാദ്.
NB: വിമര്‍ശനങ്ങള്‍ അംഗീകരിക്കും. കാരണം അവ ഞങ്ങളെ സ്വയം തിരുത്താന്‍ സഹായിക്കുമെന്നതുകൊണ്ട്. പക്ഷേ അതിന്റെ പേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതനുവദിക്കാനാവില്ല. ചിത്രത്തില്‍ കാണുന്ന പോസ്റ്റിനോ, ആ ഫേസ്ബുക്ക് പേജിനോ എസ്.എഫ്.ഐ.യുമായോ, എസ്.എഫ്.ഐ. നിലപാടുകളുമായോ യാതൊരു ബന്ധവുമില്ല...
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളജനതയോട് മാപ്പു ചോദിക്കുന്നു'; യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു
Next Article
advertisement
Vijay Devarakonda| നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
  • നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു, എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

  • പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

  • ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് ബൊലേറോ പിക്കപ്പുമായി കാർ കൂട്ടിയിടിച്ചു.

View All
advertisement