പിന്നീട് ക്യന്‍സര്‍ രോഗബാധിതയായ ഉമ്മയെ കാണുവാനും പിന്നീട് 2018 ല്‍ ഉമ്മയുടെ മരണസമയത്തും 2020-ല്‍ മൂത്തമകന്‍ ഉമര്‍മുഖ്ത്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും സുപ്രീം കോടതിയുടെ അനുമതിയോടെ കേരളത്തിലെത്തിയിരുന്നു. 2011 മുതല്‍ ബാംഗ്ലൂരിലെ സിറ്റി സിവില്‍ കോടതിയിലെ പ്രത്യേക കോടതിയില്‍ നടന്നുവരുന്ന വിചാരണ സര്‍ക്കാരുകള്‍ മാറുമ്പോള്‍ പ്രോസിക്യൂഷന്‍ അഭിഭാഷകരെ നിശ്ചയിക്കുന്നതിലെ കാലതാമസം,വിചാരണ കോടതിയിലെ ജഡ്ജിമാരുടെ സ്ഥലംമാറ്റം, സാക്ഷികളെ കൃത്യസമയത്ത് കോടതിയില്‍ ഹാജരാക്കുന്നതിലെ വീഴ്ച, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോടതികളുടെ അടച്ചിടല്‍ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ പലപ്പോഴും മുടങ്ങിയിരുന്നു. വിചാരണ നടപടിക്രമങ്ങളുടെ പ്രധാന ഘട്ടം പൂര്‍ത്തിയായെങ്കിലും കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രിം കോടതിയില്‍ നല്‍കിയ പുതിയ ഹര്‍ജിയെ തുടര്‍ന്ന് വിചാരണ നടപടിക്രമങ്ങള്‍ ഇപ്പോള്‍ തടസപ്പെട്ടിരിക്കുകയാണ്.
advertisement
കേസിലെ ചില പ്രതികള്‍ക്കെതിരെ വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ചിലരേഖകള്‍ ഇന്ത്യന്‍ തെളിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളവയല്ല എന്ന കാരണം പറഞ്ഞ് വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇന്ത്യന്‍ തെളിവ് നിയമം നിഷ്‌കര്‍ഷിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കാത്തതിനാല്‍ സര്‍ക്കാരിന്റെ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല എന്ന നിരീക്ഷണത്തോടെ ഹൈക്കോടതിയും പ്രസ്തുത ഹര്‍ജി തള്ളിയിരുന്നു.
തുടര്‍ന്ന് പ്രത്യേക അനുമതി ഹര്‍ജിയുമായി കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യപ്രകാരം സുപ്രീം കോടതി വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തെ തുടര്‍ന്ന് സ്‌ട്രോക്ക് ബാധിക്കുകയും തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലില്‍ ചികിത്സക്ക് വിധേയനാകുകയും ചെയ്തിരിന്നു. കഴിഞ്ഞ 35 വര്‍ഷത്തോളമായി അനിയന്ത്രിതമായി തുടരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിരത്തിലെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ആശുപത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഡയബറ്റിക് ന്യൂറോപതി മൂലം ശരീരത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനശേഷിയില്‍ കാര്യമായ തകരാറു സംഭവിച്ചത് മൂലം സ്പര്‍ശനശേഷിയില്‍ വര്‍ദ്ധിച്ച കുറവ് സംഭവിച്ചിട്ടുണ്ട്. പെപ്റ്റിക് അള്‍സര്‍, ഡയബറ്റിക് റെറ്റിനോപതി, വൃക്ക സംബന്ധമായ മറ്റ് അസുഖങ്ങള്‍, യൂറിക് ആസിഡ്, ഡിസ്‌ക് പ്രൊലാപ്‌സ് തുടങ്ങിയ അസുഖങ്ങള്‍ നിലവില്‍ മഅദനിയെ അലട്ടുന്നുണ്ട്.
പക്ഷാഘാതത്തിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള ചികിത്സകള്‍ തുടരുന്നുവെന്ന് മഅ്ദനിക്ക് ഒപ്പമുള്ള പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു. 12 വര്‍ഷമായി സ്‌ട്രോക്ക് ബാധിച്ച ശയ്യാവലംബിയായ തന്റെ പിതാവിനെ കാണുവാനുള്ള അനുവാദവും മഅദനി തന്റെ ഹര്‍ജിയില്‍ ആവിശ്യപ്പെടുന്നുണ്ട്.
സുപ്രിം കോടതി അഭിഭാഷകന്‍ അഡ്വ.ഹാരിസ് ബീരാന്‍ മുഖേനയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുന്നത്. നേരത്തെ 2014 ല്‍ മഅ്ദനിയുടെ ജാമ്യഅപേക്ഷ പരിഗണന വേളയില്‍ 'നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാം എന്ന് സുപ്രിം കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. കോയമ്പത്തൂര്‍ കേസില്‍ വിചാരണ തടവുകാരാനായി മഅദനി എട്ടരവര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ചിരിന്നു.