മണ്ണിടിയുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ മാത്രമാണ് അധികൃതർ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. എന്നാൽ, മാറ്റിപ്പാർപ്പിച്ച ക്യാമ്പിൽ താമസിക്കണമെങ്കിൽ റേഷൻ കാർഡ് ഹാജരാക്കണമെന്ന് അധികൃതർ നിർബന്ധം പിടിച്ചുവെന്നാണ് പ്രധാന ആരോപണം. ഈ നിർബന്ധമാണ് ദുരന്തത്തിന് ഇരയായ ബിജുവിനെയും സന്ധ്യയെയും അപകടത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ പറയുന്നു. ക്യാമ്പിൽ താമസിക്കാൻ റേഷൻ കാർഡ് എടുക്കുന്നതിനായി വീട്ടിലേക്ക് മടങ്ങിപ്പോയപ്പോഴാണ് ദമ്പതികൾ അപകടത്തിൽപ്പെട്ടത്.
നാട്ടുകാരുടെ വാക്കുകളിങ്ങനെ, 'നിർത്താതെ മഴ പെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. ഇന്നലെ മാത്രമാണ് അൽപം ആശ്വാസമുണ്ടായത്. ഇന്നലെ കൂടെ മഴ പെയ്തിരുന്നെങ്കിൽ ഇതിലും വലിയ ദുരന്തം ഇവിടെ സംഭവിച്ചേനെ. ഒരുപാട് വീടുകൾ പോയേനെ. മെമ്പർ പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ ഇവിടുന്ന് ഗവൺമെന്റ് സ്കൂളിലേക്ക് മാറിയത്. അവിടെ ചെന്നപ്പോൾ റേഷൻകാർഡ് വേണമെന്ന് അവർ നിർബന്ധം പിടിച്ചു. ആധാറും മൊബൈൽ നമ്പറും പോരേന്ന് ചോദിച്ചിട്ടും പോരാ റേഷൻകാർഡ് വേണമെന്ന് നിർബന്ധിച്ചപ്പോഴാണ് അത് എടുക്കാനായി വീട്ടിലേക്ക് മടങ്ങിയെത്തിയത്. അപ്പോൾ സമയം എട്ടുമണിയായി. ഓട്ടോ വിളിച്ച് വന്ന് റേഷൻ കാർഡ് എടുത്തോണ്ടുപോയതിന് പിന്നാലെയാണ് അപകടമുണ്ടായത്. പത്ത് മിനിറ്റ് താമസിച്ചിരുന്നെങ്കിൽ ഞാനും പെട്ടേനെ. അപകടത്തിൽപ്പെട്ടവരും റേഷൻ കാർഡ് എടുക്കാൻ വന്നതാണ്. അങ്ങനെയാണ് അവർ അതിൽപ്പെട്ട് പോകുന്നത്."
advertisement
അതേസമയം,ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് ശനിയാഴ്ച രാത്രി 10.30-ഓടെയാണ് നാടിനെ നടുക്കിയ മണ്ണിടിച്ചിൽ ദുരന്തമുണ്ടായത്. ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ രൂപപ്പെട്ട കട്ടിങ്ങിന് മുകൾഭാഗം അടർന്നാണ് അപകടമുണ്ടായത്. ഇടിഞ്ഞുവീണ മണ്ണും കോൺക്രീറ്റ് പാളികളും രണ്ട് വീടുകൾക്ക് മുകളിലേക്ക് പതിച്ചു. ഈ അപകടത്തിൽ വീട് തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങി ബിജു (41) മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

