ശനിയാഴ്ച രാത്രി 10.30-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ദേശീയപാതയോരത്തുണ്ടായ ശക്തമായ മണ്ണിടിച്ചിലിലാണ് ദമ്പതികൾ കുടുങ്ങിയത്. ഫയർഫോഴ്സും എൻഡിആർഎഫ് ടീമും നാട്ടുകാരും സംയുക്തമായി ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിക്കാനായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് ബിജുവിനെ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് പുറത്തെടുക്കാനായത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സന്ധ്യയുടെ കാലിന് ഗുരുതരമായ പരിക്കുകളും പൊട്ടലുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ രൂപപ്പെട്ട കട്ടിങ്ങിന് മുകൾഭാഗം അടർന്ന് പാതയിലേക്കും അടിയിലുള്ള വീടുകളിലേക്കും പതിച്ചാണ് ദുരന്തമുണ്ടായത്. അപകടത്തിൽ രണ്ട് വീടുകൾ തകർന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. മണ്ണിടിച്ചിൽ ഭീഷണി ശക്തമായതിനെത്തുടർന്ന് ബിജുവും സന്ധ്യയും നേരത്തെ തറവാട്ട് വീട്ടിലേക്ക് മാറിയിരുന്നു. രേഖകൾ എടുക്കുന്നതിനായാണ് ഇരുവരും തകർന്ന വീട്ടിലേക്ക് എത്തിയത്. വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് മണ്ണിടിഞ്ഞ് മേൽക്കൂര താഴേക്ക് പതിച്ച് അപകടമുണ്ടായത്.
advertisement
അശാസ്‌ത്രീയമായ മണ്ണെടുപ്പാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാർപ്പിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണം. ദമ്പതികളുടെ മകൻ ഒരു വർഷം മുൻപ് കാൻസർ ബാധിച്ച് മരിച്ചിരുന്നു. മകൾ കോട്ടയത്ത് നഴ്സിങ് വിദ്യാർഥിനിയാണ്. രക്ഷാപ്രവർത്തനത്തിനായി തകർന്ന വീടിന്റെ കോൺക്രീറ്റ് പാളികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാറ്റിയാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
