അറസ്റ്റ് ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടെന്ന ആർ ശ്രീലേഖയുടെ പ്രചാരണം അടിസ്ഥാനരഹിതമെന്ന് അഡ്വ.കുളത്തൂർ ജയ്സിങ്. തിരുവനന്തപുരം കോർപ്പറേഷൻ്റെ അനുമതി വാങ്ങാതെയുള്ള ശാസ്തമംഗലം വാർഡ് കൗൺസിലറുടെ ചട്ടലംഘനമാണ് താൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടികാട്ടിയതെന്നും ഇത് സംബന്ധിച്ച് ആർ ശ്രീലേഖയുടെ പ്രചാരണം അടിസ്ഥാനരഹിതമെന്നും ആർ ശ്രീലേഖയ്ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയ അഡ്വ.കുളത്തൂർ ജയ്സിങ് വ്യക്തമാക്കി.
advertisement
ആർ ശ്രീലേഖയെ അറസ്റ്റ് ചെയ്ത് തുറുങ്കിൽ അടയ്ക്കണമെന്ന് പരാതിയിൽ ആവിശ്യപ്പെട്ടില്ല. പരാതി അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറിയ നടപടിയിൽ ശ്രീലേഖ അസ്വസ്ഥപ്പെടേണ്ടതില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകുന്നയാളുകൾ മുഴുവൻ കമ്മ്യൂണിസ്റ്റുകാരല്ലെന്നും പരാതിയെ ഓലപ്പാമ്പായി ചിത്രീകരിക്കുന്നത് തെറ്റായ അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാകാമെന്നും അദ്ദേഹം പറഞ്ഞു. പരാതിയെ രാഷ്ട്രീയ വത്കരിക്കാൻ ശ്രമിക്കുന്നത് നടത്തിയ ചട്ടലംഘനം മറയ്ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ കാര്യാലയം പ്രവർത്തിക്കുന്ന ശാസ്തമംഗലത്തെ കെട്ടിടത്തിലെ രണ്ട് മുറികളിൽ ഓരോന്ന് വീതം ഇടതുപക്ഷ എംഎൽഎയും കൗൺസിലറും കൂടി മുമ്പ് രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സ്വന്തമാക്കി. കോർപ്പറേഷൻ കൗൺസിലർമാർക്ക് ഒരേ ആനുകൂല്യമാണ് നിയമപരമായിട്ടുള്ളത്. പ്രസ്തുത മാനദണ്ഡം ആര്യ രാജേന്ദ്രൻ മേറായിരിക്കവെ അട്ടിമറിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശാസ്തമംഗലത്തെ കോർപ്പറേഷൻ്റെ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിടത്തിൽ ഇടതു കൗൺസിലർക്ക് മറ്റ് അംഗങ്ങൾക്ക് ഇല്ലാത്ത ഓഫീസ് സൗകര്യത്തിന് വഴിയൊരുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
