ജൂണ്‍ 30ന് രാത്രി 11.45ഓടെയാണ് സ്കൂട്ടറിലെത്തിയ ആള്‍ പൊലീസ് കാവലുള്ള സി.പി.എം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ഏറുപടക്കത്തിന് സമാനമായ സ്‌ഫോടകവസ്തുവെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിൽ വ്യക്തമായത്. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അന്‍പതോളം സി.സി.ടി.വി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. പ്രതിയിലേക്ക് എത്തുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ശാസ്ത്രീയ അന്വേഷണവും വിഫലമായി. പുതിയ തെളിവ് ലഭിക്കാതെ കൂടുതല്‍ തുടര്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടിലായിരുന്നു പ്രത്യേക അന്വേഷണ സംഘം. സൈബർ സെൽ എസി, കന്റോൺമെന്റ് സിഐ അടക്കം 12 പേർ ഉൾപ്പെടുന്ന സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സംഭവം നടന്ന് 23 ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ പൊലീസിന് ആയിട്ടില്ല.
advertisement
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ രൂപ രേഖ വികസിപ്പിക്കാൻ ദൃശ്യങ്ങൾ സിഡാക്കിലും ഫോറന്‍സിക് ലാബിലും നൽകിയെങ്കിലും ഫലമുണ്ടായില്ല. ഡല്‍ഹിയിലെ സ്ഥാപനത്തില്‍ അനൗദ്യോഗികമായി നടത്തിയ പരിശോധനയും ഫലം കണ്ടില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണവും എങ്ങുമെത്താതെ നിന്നു. പ്രതി മൊബൈൽ ഉപയോഗിച്ചിട്ടില്ലെന്നാണ് ഒടുവിലെ കണ്ടെത്തൽ. പ്രതി സഞ്ചരിച്ച ഇരു ചക്ര വാഹനം ഹോണ്ട ഡിയോ ആണെന്ന് ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ആദ്യ പോലീസ് അന്വേഷഷിച്ച ബിഎസ് സിക്സ് അല്ലെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്.
ഡിയോ സ്റ്റാന്‍ഡേര്‍ഡ് ആണ് പ്രതി ഉപയോഗിച്ചതെന്നും അത് ആള്‍ട്ടര്‍ ചെയ്ത വഹാനമാണെന്നും വ്യക്തമായിട്ടുണ്ട്. ആ നിലയ്ക്കുളള അന്വേഷണവും എവിടെയും എത്തിയില്ല. പ്രതിയെ കണ്ടെത്താൻ ജില്ലയിലെ പടക്ക കച്ചവടക്കാരുടെ വിവരങ്ങളും പൊലീസ് തേടിയിരുന്നു. ജില്ലയിലെ പടക്കനിർമാണക്കാരുടെയും കച്ചവടക്കാരുടെയും വിവരങ്ങളാണ് പൊലീസ് ശേഖരിച്ചിരുന്നു. ദീപാവലി സമയത്ത് പടക്ക കച്ചവടം നടത്തിയിരുന്നവരെ വിളിച്ചു വരുത്തിയും വിവരങ്ങൾ ശേഖരിച്ചിരുന്നു.
എകെജി സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ പടക്കത്തിന് സമാനമായ വസ്തുവാണെന്ന് ഫോറൻസിക് റിപ്പോർട്ട്. വലിയ നാശനഷ്ടമുണ്ടാക്കാൻ ശേഷിയില്ലാത്ത ഏറുപടക്കത്തിന് സമാനമായ വസ്തുവെന്നാണ് ഫോറൻസിക് കണ്ടെത്തൽ.
സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളിലുള്ളത് പൊട്ടാസ്യം ക്ലോറൈറ്റ്, അലൂമമിനിയം പൗഡർ എന്നിവയാണ്. വീര്യംകുറഞ്ഞ പടക്കങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് കണ്ടെത്തിയത്. കല്ലും പേപ്പറും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ബോംബ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഒന്നുംതന്നെ കണ്ടെത്തനായിട്ടില്ല.