വീഡിയോയിൽ നിന്ന്
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്താണെന്ന് നിരവധി പേരാണ് എന്നോട് ചോദിക്കുന്നത്. സിനിമാ രംഗത്തെ ചില പ്രമുഖര്‍, സുഹൃത്തുക്കള്‍, വിമര്‍ശകര്‍ ഒക്കെ ചോദിച്ചു. നിരവധി ഇടതുപക്ഷ ഹാന്‍ഡിലുകളില്‍, ‘എന്താടാ നിന്റെ നാവിറങ്ങിപ്പോയോ?’ എന്നൊക്കെ ഉളള പോസ്റ്റുകള്‍ അടിച്ചിറക്കുന്നുണ്ട്. ഇവരെ സംബന്ധിച്ച് കെപിസിസിയുടെ തീരുമാനത്തേക്കാളും കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തേക്കാളും ഒക്കെ വലുതായിട്ടായിരിക്കാം എന്റെ അഭിപ്രായത്തെ കാണുന്നത്.
ഞാൻ പല വിഷയങ്ങളിലും അഭിപ്രായം പറയാറുണ്ട്. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്ന ചില വിഷയങ്ങളിലും സത്യത്തെ ചിലർ വളച്ചൊടിച്ച് സംസാരിക്കുന്ന സമയത്തുമൊക്കെ എന്റെ മനസ്സിൽ തോന്നുന്ന ചില ചിന്തകൾ പങ്കുവയ്ക്കും. അല്ലാതെ എല്ലാ വിഷയങ്ങളിലും മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
advertisement
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇതിനു മുമ്പും ഇത്തരം പരാതികള്‍ വ്യക്തിപരമായി ഞാനും കേട്ടിട്ടുണ്ട്. രാഹുല്‍ ഇങ്ങനെ മെസ്സേജ് അയയ്ക്കുന്ന കാര്യത്തെക്കുറിച്ച് എന്നോടും ചില ആളുകള്‍ പറഞ്ഞിട്ടുണ്ട്. ഒരാള്‍ മെസ്സേജ് അയക്കുന്നത് ഈ രാജ്യത്ത് നിയമപരമായി തെറ്റല്ലാത്തത് കൊണ്ട് ഞാനത് കേട്ട് കളഞ്ഞു. ഒരു പെൺകുട്ടി എന്നോടും നേരിട്ട് പറഞ്ഞിട്ടൊക്കെയുണ്ട്. ‘ഈ പുള്ളി നല്ല കക്ഷിയാണോ, ഇയാൾ ഇങ്ങനെ മെസ്സേജ് ഒക്കെ അയയ്ക്കുന്നുണ്ടല്ലോ, പുളളി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല’ എന്നുള്ള സംശയങ്ങളൊക്കെ വച്ചുകൊണ്ട് ഒന്നിലധികം ആളുകൾ എന്നോടിങ്ങനെ പറഞ്ഞിട്ടുണ്ട്.
ബിഗ് ബോസ് പരിപാടിയുടെ ഓഡിഷനുമായി ബന്ധപ്പെട്ട് ഒരു സമയത്ത് ഞാൻ പറഞ്ഞ പ്രസ്താവന വിവാദമായി മാറിയിരുന്നു. ഞാൻ പറഞ്ഞതിനെ ചിലർ വളച്ചൊടിക്കുകയാണ് ചെയ്തത്. അതുപോലെ ഞാൻ മുമ്പറിഞ്ഞൊരു വിഷയത്തിൽ, ഇങ്ങനെ പറയുകയാണ് ‘ദേ രാഹുൽ മാങ്കൂട്ടത്തിൽ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നുണ്ട്. അയാളുടെ ക്യാരക്ടർ ശരിയല്ല.’
അപ്പോൾ നിങ്ങൾ പറയും, രാഹുലിനോടുള്ള അസൂയ കൊണ്ടാണ്, വളർന്നു വരുന്നൊരു ചെറുപ്പക്കാരനെ തകർക്കാൻ നിങ്ങളെന്തിനാണ് നിൽക്കുന്നതെന്നൊക്കെ ചോദ്യം വരും. അതുകൊണ്ടു തന്നെ നിയമപരമായി ഒരു പെൺകുട്ടി കേസിനു പോകാത്തിടത്തോളം കാലം ഇതൊന്നും നമ്മളാരും പൊതുമധ്യത്തിൽ ചര്‍ച്ച ചെയ്തിട്ട് ഒരു കാര്യവും ഇല്ല. ഇപ്പോഴും നിയമപരമായി ഒരു പോയിട്ടില്ലെങ്കിൽ പോലും കോൺഗ്രസ് പാർട്ടി മഹത്തായൊരു തീരുമാനമെടുത്തതിൽ അവരെ അഭിനന്ദിക്കുക എന്നതല്ലാതെ മറ്റൊന്നും പറയാനില്ല.
ഏതൊരു യുവനേതാവിനെ സംബന്ധിച്ചടത്തോളം സ്വപ്ന തുല്യമായൊരു സ്ഥാനമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. ആ സ്ഥാനത്തിന്റെ, ആ പദവിയുടെ വലിപ്പം മനസ്സിലാക്കി, അല്ലെങ്കില്‍ എംഎൽഎ ആകണമെന്ന് വർഷങ്ങളായി ആഗ്രഹിച്ച് ഒരു തിരഞ്ഞെടുപ്പിൽ പോലും പങ്കെടുക്കാനാകാതെ രാഷ്ട്രീയജീവിതം അവസാനിച്ചുപോയ എത്രയോ നേതാക്കന്മാരുള്ള നമ്മുടെ നാട്ടിൽ, വളരെ ചെറിയ പ്രായത്തിൽ അർഹതയുടെ അളവുകോൽ പരിശോധിച്ചാൽ രാഹുലിനേക്കാള്‍ അർഹത ഉള്ള പലരും ഉണ്ടായിരിക്കെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിച്ചു.
എനിക്കറിയാവുന്ന നിരവധി യൂത്ത് കോൺഗ്രസിന്റെ േനതാക്കന്മാരേക്കാളും മുകളിൽ രാഹുലിന് എത്തിച്ചേരാൻ കഴിഞ്ഞത്, അയാളുടെ സംസാരിക്കാനുള്ള കഴിവും ആർജവത്തോടെ ഇടതുപക്ഷത്തെ ആക്രമിക്കാനുളള കഴിവും കൊണ്ടുമാണ്. ഒരേസമയം രാഹുൽ ഉയരത്തിലേക്ക് പോയത് രാഹുലിന്റെ കഴിവു കൊണ്ടും അതേ ഉയരത്തിൽ നിന്ന് താഴേക്കു വീണത് രാഹുലിന്റെ ***** കൊണ്ടുമാണെന്ന് പറയാതെ വയ്യ.
കുറഞ്ഞ പക്ഷം, താനിരിക്കുന്ന പദവിയുടെ വലിപ്പം മനസ്സിലാക്കി, തന്റെ ഭാവി സാധ്യതകളെ മനസ്സിലാക്കി, മുന്നോട്ടുപോയി കഴിഞ്ഞാൽ മന്ത്രിയോ, മുഖ്യമന്ത്രിയോ ഒക്കെ ആകാന്‍ സാധ്യതയുള്ള സ്ഥാനത്തു നിന്നുമാണ് ഈ പതനം. പടുമരണം എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പറയുമ്പോൾ എതിർവിഭാഗം ആക്രമിച്ചതാണ്, ശത്രുക്കൾ പിന്നിൽ നിന്നു കുത്തിയതാണ് ഇതൊക്കെ ഒരു ഭാഗത്തുനില്‍ക്കുമ്പോഴും എന്തുകൊണ്ട് ഇതൊക്കെ സംഭവിച്ചു എന്ന് രാഹുൽ ഒരു നിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു.
തന്റെ സ്വഭാവ ദൂഷ്യം കൊണ്ട് സംഭവിച്ചതാണ്. അത് ഈ രാജ്യത്ത് നിയമപരമായി കുറ്റമാണോ എന്നു ചോദിച്ചാൽ അല്ല. പക്ഷേ രാഹുലിനെ വിമർശിക്കാൻ യോഗ്യതയുള്ള എത്രപേർ കേരളത്തിലുണ്ടെന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരു രാഷ്ട്രീയപാർട്ടിയിൽപെട്ടവർക്കും ഹൃദയത്തിൽ തട്ടി വിമർശിക്കാൻ പറ്റണമെന്നില്ല, നിങ്ങൾക്കും പറ്റണമെന്നില്ല. എപ്പഴൊക്കെയോ നമ്മളൊക്കെ തന്നെ സ്വകാര്യതയിൽ നമ്മളോട് അടുപ്പം കാണിച്ച ആളുകളുടെ അടുത്ത് തുറന്നു സംസാരിക്കുന്ന സമീപനങ്ങൾ കാണിച്ചിട്ടുണ്ട്. അതല്ലായിരുന്നു ഇവിടുത്തെ പ്രശ്നം.
തന്റെ പദവി മനസ്സിലാക്കാതെ, സ്ത്രീകളെ ശരീരം മാത്രമായി കണ്ട് പെരുമാറാൻ ശ്രമിച്ചതാണ് രാഹുലിന്റെ പ്രശ്നം. ഇവിടെ കാതലായ ഒരു ചോദ്യമുണ്ട്, ജനപ്രതിനിധി എന്ന നിലയിൽ ഏതൊരു വീട്ടിലേക്കും അയാൾക്ക് കയറിച്ചെല്ലുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. തന്റെ രക്ഷകനായി വീട്ടിലേക്കു വരുന്ന എംഎൽഎ, ഈ വീട്ടിൽ വന്നു കയറി തന്റെ ഭാര്യ, മകൾ, അമ്മ തുടങ്ങിയവരോട് പെരുമാറുന്നത് എപ്രകാരമാണ് പെരുമാറന്നതെന്ന സംശയം പൊതു ജനങ്ങൾക്കിടയിൽ ഉണ്ടായി. അതുകൊണ്ടാണ് കോൺഗ്രസ് രാഷ്ട്രീയ പ്രസ്ഥാനം ഇത്രയും ധീരമായ നടപടി സ്വീകരിച്ചത്.