സമരം നടന്നുകൊണ്ടിരിക്കുന്ന ആവിക്കല്‍തോടിലും കോതിയിലും അമൃത് പദ്ധതിയില്‍ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നത് യോഗ്യതയില്ലാത്ത കണ്‍സള്‍ട്ടന്‍സിയുടെ ഡിപിആറിന്റെ പിന്‍ബലത്തിലെന്നാണ് കോര്‍പറേഷന്റെ ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. റാം ബയോളജിക്കൽസ് എന്ന കണ്‍സള്‍ട്ടന്‍സിയെ ഇ ടെണ്ടറോ ഓപ്പണ്‍ ടെണ്ടറോ ആയി തെരഞ്ഞെടുക്കേണ്ടതിന് പകരം ശുചിത്വമിഷന്‍ എംപാനല്‍ പട്ടികയില്‍ നിന്ന് തെരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്നും റിപ്പോർട്ട് പറയുന്നു.
ക്വട്ടേഷന്‍ അംഗീകരിക്കുന്നതിന് മുമ്പ് തന്നെ റാം ബയോളജിക്കല്‍സ് ഡീറ്റയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി. ഡിപിആര്‍ തയ്യാറാക്കാന്‍ മുന്‍പരിചയമില്ലാത്ത കണ്‍സള്‍ട്ടന്‍സിയെ എന്തിന് തെരഞ്ഞെടുത്തു എന്ന് റിപ്പോർട്ട് ചോദിക്കുന്നു. മലിനജലസംസ്‌കരണ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമാണ് കണ്‍സള്‍ട്ടന്‍സിക്ക് അവസാന ഗഡുവായ പത്ത് ശതമാനം തുക നല്‍കേണ്ടത്. എന്നാല്‍ ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമായി തുക കൈമാറി. മെഡിക്കല്‍ കോളജില്‍ പ്രവൃത്തി സ്ഥലം കൈമാറിയതിന്റെ രേഖകള്‍ ഇല്ല. ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് കരാര്‍ വച്ചില്ല.
advertisement
25,27,452 രൂപ കുറച്ച് എസ്റ്റിമേറ്റ് വയ്ക്കാമെന്ന് പറഞ്ഞ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കിയാണ് റാം ബയോളജിക്കൽസിനെ നിയോഗിച്ചത്. ഏഴ് പ്ലാന്റുകള്‍ സ്ഥാപിച്ചെന്ന് കണ്‍സള്‍ട്ടന്‍സി അവകാശപ്പെടുന്നുണ്ടെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ഒഴികെ മുന്‍പരിചയമുള്ളതിന്റെ രേഖകളൊന്നും റാം ബയോളജിക്കല്‍സിന് ഹാജരാക്കാനായിട്ടില്ലെന്നും കോര്‍പറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആവിക്കല്‍തോടിലും കോതിയിലും മലിനജലസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകള്‍ അക്കമിട്ടു പറയുന്നതാണ് ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്.
മുന്‍പരിചയമില്ലാത്ത റാം ബയോളജിക്കല്‍സിനാണ് കോഴിക്കോട് നഗരസഭയിലേതുള്‍പ്പെടെ അമൃതിന്‍റെ ഭാഗമായുള്ള പദ്ധതികളുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ കരാര്‍ നല്‍കിയത്. വാട്ടര്‍ അതോറിറ്റി, ഇന്‍കെല്‍ തുടങ്ങിയ സ്ഥാപനങ്ങളെ മാറ്റി നിര്‍ത്തി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ വലിയ അഴിമതിയുണ്ടെന്നാണ് ചൂണ്ടികാട്ടുന്നത്.
കേന്ദ്രപദ്ധതിയായ അമൃതില്‍ ഏഴ് നഗരങ്ങളിലുള്‍പ്പെടെ 27 പദ്ധതികളില്‍ 23 നും ഡി.പി.ആര്‍ തയ്യാറാക്കാന്‍ റാം ബയോളജിക്കല്‍സ് എന്ന സ്ഥാപനത്തെയാണ് തെരഞ്ഞെടുത്തത്. രണ്ട് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. രണ്ടിലധികം പേര്‍ ടെന്‍ഡറില്‍ പങ്കെടുത്തില്ലെങ്കില്‍ റീ ടെന്‍ഡര്‍ നടത്തണമെന്ന ചട്ടവും തള്ളിയായിരുന്നു കരാര്‍. ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ മുന്‍സിപാലിറ്റിയിലോ പദ്ധതികള്‍ നടത്തി പരിചയമുള്ള കമ്പനിക്ക് മാത്രമേ കമ്പനിക്ക് മാത്രമേ കണ്‍സല്‍ട്ടന്‍സി നല്‍കാവൂ എന്ന നിബന്ധനയും കേരളത്തില്‍ ലംഘിച്ചു. ഡി.പി.ആര്‍ തയ്യാറാക്കിയതിലൂടെ കമ്പനി കോടികള്‍ കരസ്ഥമാക്കുകയും ചെയ്തു.
കണ്‍സല്‍ട്ടന്‍സി ഏജന്‍സി തയ്യാറാക്കിയത് ഇലക്ട്രോ കൊയാഗുലേഷന്‍ ടെക്നോളജി ഉപയോഗിച്ചുള്ള പദ്ധതി രേഖയാണ്. രാജ്യത്തെവിടെയും പ്രചാരത്തിലില്ലാത്തതാണ് ഈ സാങ്കേതിക വിദ്യയെന്നും ആരോപണമുണ്ട്. കേരളത്തിലെ അമൃത് പദ്ധതി മുഴുവനായും നിര്‍ത്തിവെച്ച് അഴിമതിയെകുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.