സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രതിനിധിയായി സാമൂഹ്യപ്രവർത്തകയും കുഞ്ഞിന് സുരക്ഷയൊരുക്കാൻ മൂന്നു പൊലീസുകാരുമാണ് ഇന്നു രാവിലെ ഹൈദരാബാദിലേക്ക് പോയത്. ഇന്നോ നാളെയോ കുഞ്ഞിനെ വിമാന മാർഗം തിരുവനന്തപുരത്ത് കൊണ്ടുവരാനാണ് ശ്രമം. കുഞ്ഞിനെ ഇപ്പോൾ സംരക്ഷിക്കുന്ന ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുമായി സംസ്ഥാന ശിശുക്ഷേമസമിതി നേരത്തെ ആശയ വിനിമയം നടത്തിയിരുന്നു. അവരുടെ അനുമതിയോടെയാകും കുഞ്ഞിനെ തിരിച്ചെത്തിക്കുക.
advertisement
ഡിഎൻഎ പരിശോധന നടത്തുംവരെ കുഞ്ഞിൻ്റെ സംരക്ഷണം ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കായിരിക്കും. ഡിഎൻഎ പരിശോധനയ്ക്കു വേണ്ട ക്രമീകരണങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഒരുക്കും. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് ഇപ്പോൾ ആശങ്കയില്ലെന്ന് അനുപമ പറഞ്ഞു. നേരത്തേ ഇക്കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷൻ അടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എങ്കിലും കുഞ്ഞിനെ എവിടെ താമസിപ്പിക്കണമെന്ന കാര്യത്തിൽ കൃത്യമായ നിർദേശം നൽകുമെന്നും അനുപമ പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസത്തെ സാവകാശമാണ് സി ഡബ്ലു സി കുടുംബ കോടതിയോട് ആവശ്യപ്പെട്ടത്. അന്വേഷണ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച കോടതി സി ഡബ്ല്യുഡിയെ അഭിനന്ദിക്കുകയും ചെയ്തു. ഇതേ രീതിയിൽ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് നിർദേശം.
ദത്തു നൽകൽ ലൈസൻസിൻ്റെ ഒറിജിനൽ ഹാജരാക്കാത്തതിനാണ് സംസ്ഥാന ശിശുക്ഷേമ സമിതിയെ ഇന്നു കോടതി വിമർശിച്ചത്. സ്റ്റേറ്റ് അഡോപ്ഷൻ റെഗുലേറ്ററി അതോറിറ്റി അഫിലിയേഷൻ ലൈസൻസ് 2016ൽ അവസാനിച്ചിരുന്നു. ഇതിൻ്റെ പുതുക്കിയ ഒറിജിനൽ രേഖ സത്യവാങ്‌മൂലത്തോടൊപ്പം ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.