അതിരൂപത സംരക്ഷണ സമിതിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം:
'സമാധാനത്തിന്റെ പ്രതീകമായ കഴുതക്കുട്ടിയുടെ പുറത്താണ് യേശുക്രിസ്തു ഓശാനനാളിൽ ജെറുസലേമിൽ പ്രവേശിച്ചതെങ്കിൽ സീറോമലബാര്‍ സഭയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നൂറുക്കണക്കിനു പൊലീസുകാരുടെയും കാമോന്റോസിന്റെയും അകമ്പടിയോടെയാണ് ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീദ്രൽ ബസിലിക്കയിൽ പ്രവേശിച്ചത്. ഒരു ആത്മീയ നേതാവിന്റെ പരിതാപകരമായ പരാജയത്തെയാണ് കര്‍ദിനാള്‍ അനുകൂലികള്‍ വിജയമായി കൊട്ടിഘോഷിക്കുന്നത്.
ഭൂമിയിടപാടു കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നേരിടണമെന്ന് ഇന്ത്യയിലെ പരോമന്നത കോടതി പോലും വിധിയെഴുതിയ കര്‍ദിനാള്‍ ആലഞ്ചേരി സമാധാനത്തിനല്ല, കലാപത്തിന്റെ തീകോരിയിടാനാണ് കൽദായ ഗുണ്ടകളെയും തീവ്ര കൽദായവാദികളെ കൊണ്ടും ബസിലിക്കാ നിറച്ചത്.
advertisement
കര്‍ദിനാള്‍ അവിടെ വരുന്നത് തടയുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. എന്നിട്ടും ഭയത്തോടെ സ്വന്തം ആസ്ഥാന ദേവാലയത്തിൽ വരേണ്ടിവന്ന കര്‍ദിനാള്‍ വന്‍ പരാജയമാണെന്നും ഇതിലും ഭേദം അദ്ദേഹം രാജി വച്ച് ഇറങ്ങിപോകുന്നതാണെന്നും അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവിച്ചു.
മുഖ്യമന്ത്രിയുടെ ഒത്താശയോടെ സകല സന്നാഹങ്ങളുമായാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എത്തിയതെന്ന് കരുതപ്പെടുന്നു. കെ-റെയിൽ പദ്ധതിക്ക് ഇനി സീറോ മലബാര്‍ സഭയുടെ ഭാഗത്തുനിന്നും യാതൊരു എതിര്‍പ്പും ഉണ്ടാകില്ലെന്ന ഉറപ്പും കര്‍ദിനാള്‍ നല്കിയിട്ടുള്ളതായി അറിയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കര്‍ദിനാള്‍ പക്ഷക്കാരായ ചില സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു തോറ്റിട്ടും അതിൽ നിന്നും മാര്‍ക്സിറ്റു പാര്‍ട്ടി ഇനിയും പാഠം പഠിച്ചിട്ടില്ല.
മധ്യതിരുവതാംകൂര്‍ പ്രദേശത്തെ വിവിധ മണ്ഡലങ്ങളിൽ ഭൂമിയിടപാടുകളിൽ കളങ്കിതനായ കര്‍ദിനാള്‍ അലഞ്ചേരിയെ അവഗണിക്കുന്ന വോട്ടര്‍മാരാണ് ക്രൈസ്തവര്‍ക്കിടയിൽ ഉള്ളതെന്ന് പാര്‍ട്ടി ഇനിയും മനസ്സിലാക്കിയിട്ടില്ല. വാസ്തവത്തിൽ കര്‍ദിനാള്‍ അതിരൂപതയിൽ നിലനിൽക്കുന്ന ഒഴിവു മുഖേനയുള്ള കുര്‍ബാനയര്‍പ്പണ രീതിയുടെ നിയമം ലംഘിക്കുകയാണ് ചെയ്തത്.
2022 ഡിസംബര്‍ 25 വരെ ജനാഭിമുഖ കുര്‍ബാനയര്‍പ്പണ രിതീയാണ് ഈ അതിരൂപതയിലെ ഇപ്പോഴത്തെ നിയമം. മേലാധികാരികള്‍ നിയമവാഴ്ചയെ ആദരിച്ചുകൊണ്ട് സഭാംഗങ്ങള്‍ക്ക് മാതൃക കൊടുക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. രാവിലെ കര്‍ദിനാള്‍ വന്ന് ചൊല്ലിയ കുര്‍ബാനയ്ക്കുശേഷം കത്തീദ്രൽ പള്ളിയിലെ പിന്നീടുള്ള കുര്‍ബാനകളെല്ലാം ജനാഭിമുഖമായിരുന്നു. കര്‍ദിനാളിന്റെ സര്‍ക്കുലര്‍ കത്തീദ്രൽ പള്ളി ഉൾപ്പെടെ അഞ്ചിടത്തു മാത്രമാണ് വായിച്ചത്. അതിരൂപതയിൽ പ്രസന്നപുരം, കളമശ്ശേരി യൂണിവേഴ്സിറ്റി, തോട്ടുവ, മറ്റൂര്‍ എന്നീ പള്ളികള്‍ ഒഴിച്ച് ബാക്കിയുള്ള മുന്നൂറിലേറെ ഇടവകകളിലും ജനാഭിമുഖ കുര്‍ബാന തന്നെയാണ് ചൊല്ലിയത്. സമാധാനവും സംവാദവും ഉപയോഗിക്കാതെ പൊലീസ് ഫോര്‍സ് ഉപയോഗിച്ച് അതിരൂപതയിലെ പ്രശ്നങ്ങള്‍ക്കെല്ലാം പ്രതിവിധി ഉണ്ടാക്കുന്ന രീതിയാണ് കര്‍ദിനാളും സിനഡ് മെത്രാന്മാരും അവലംബിക്കുന്നതെങ്കിൽ ലിറ്റര്‍ജിയെക്കുറിച്ചുള്ള പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ഇനിയും തുടരും. തന്റെ വൈദികരുടെയും ജനങ്ങളുടെയും ആഗ്രഹപ്രകാരം കര്‍ദിനാള്‍ ആലഞ്ചേരി പിതാവിന്റെ കൂടെയുള്ള കുര്‍ബാനയിൽ സഹകാര്‍മികനാകാതെ വിട്ടു നിന്ന അഭിവന്ദ്യ ആന്റണി കരിയിൽ പിതാവിന് അതിരൂപതാ സംരക്ഷണ സമിതിയുടെ അഭിവാദ്യങ്ങള്‍.'