ജയ ആള്‍മാറാട്ടം നടത്തിയാണ് ബിന്ദു എന്ന പേരില്‍ സ്വത്ത് തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത്. ജയക്കൊപ്പം അന്ന് ഉണ്ടായിരുന്ന റുക്‌സാനക്കും കേസില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ചില പേപ്പറുകളില്‍ റുക്‌സാനയും ഒപ്പിട്ടെന്നാണ് വിവരം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പിന്നീട് ജയയും റുക്സാനയും സെബാസ്റ്റ്യന്റെ വീട്ടില്‍ എത്തി പ്രശനമുണ്ടാക്കിയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. നിലവില്‍ ജയയേയും റുക്‌സാനെയും ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
ബിന്ദുപത്മനാഭനെ 2002 മുതല്‍ കാണാനില്ലെന്നു കാട്ടി 2017ലാണ് സഹോദരന്‍ പ്രവീണ്‍ പോലീസില്‍ പരാതി നല്‍കിയത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനാണ് ഉത്തരവാദിയെന്നു കാട്ടിയായിരുന്നു പരാതി. കോടികളുടെ സ്വത്തിനുടമയായിരുന്ന ബിന്ദുപത്മനാഭന്‍ സഹോദരനുമായി സഹകരണമില്ലാതെയാണ് ജീവിച്ചത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പത്മനാഭപിള്ളയുടെയും അംബികാദേവിയുടെയും മകളായിരുന്നു. ഇരുവരും 2002ല്‍ സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലായാണ് മരിച്ചത്. മരണാനന്തരച്ചടങ്ങിലും പങ്കെടുക്കാതിരുന്ന ബിന്ദു അതിനുശേഷം പൂര്‍ണമായി സഹോദരനില്‍നിന്ന് അകന്നു. പ്രവീണ്‍ ചേര്‍ത്തലയില്‍നിന്ന് ഇടുക്കിയിലേക്കും പിന്നീട് വിദേശത്തേക്കും ജോലിക്കായി പോയിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് പരാതിനല്‍കിയത്.
advertisement
ബിന്ദു പത്മനാഭന്‍ കേസില്‍ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി സഹോദരന്‍ പ്രവീണ്‍ ആരോപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പ്രതി സെബാസ്റ്റ്യനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും തെളിവുകള്‍ സഹിതം പരാതിയിട്ടും പൊലീസ് എഫ്‌ഐആര്‍ ഇട്ടത് 70 ദിവസങ്ങള്‍ക്ക് ശേഷമാണെന്നുമായിരുന്നു പ്രവീണ്‍ ആരോപിച്ചത്.