തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 2017 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിക്കും കത്ത് നല്‍കി. 1950-ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിലെ സെക്ഷന്‍ 32 പ്രകാരം ബോര്‍ഡിന്റെ കീഴിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വരവുചെലവുകളുടെയും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്.
advertisement
ഹൈക്കോടതി നിയമിക്കുന്ന ഓഡിറ്റര്‍മാര്‍ വര്‍ഷംതോറും ഈ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്നും ഏതെങ്കിലും തരത്തിലുള്ള ക്രമരഹിതമോ, നിയമവിരുദ്ധമോ ആയ ചെലവുകളോ , ദുര്‍നടപ്പുമൂലമുള്ള നഷ്ടങ്ങളോ ഉണ്ടെങ്കില്‍ അവ വിശദമാക്കുന്ന ഒരു ഓഡിറ്റര്‍ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കേണ്ടതുമാണ്. ഹൈക്കോടതി അത്തരം റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ആവശ്യമായ നടപടികള്‍ക്കായി ബോര്‍ഡിന് കൈമാറും.
2017 മുതല്‍ 2025 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയ്ക്കും ഹൈക്കോടതി രജിസ്ട്രാര്‍ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.
