ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധ കരിങ്കൊടിയുമായി ഗസ്റ്റ് ഹൗസിന് മുമ്പിൽ പ്രതിഷേധിക്കാനെത്തിയത്. ഇവർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗസ്റ്റ് ഹൗസിനകത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദിച്ച വീഡിയോയും പുറത്തുവന്നു. മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങിയയുടൻ കന്റോൺമെന്റ് റോഡിൽ വാഹന വ്യൂഹത്തിനു നേരെ ഒരു കെഎസ്‌യു പ്രവർത്തകൻ കരിങ്കൊടിയുമായി ഓടുകയായിരുന്നു. ഇയാളെ പൊലീസ് പിടികൂടി. ഇതേസമയത്ത് ഒരു സിപിഎം പ്രവർത്തകൻ ചെങ്കൊടിയുമായി ഓടിയെത്തി കെഎസ്‌യു പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചു.
advertisement
തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് പഴുതടച്ചസുരക്ഷയാണ് കണ്ണൂരില്‍ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. എട്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
തളിപ്പറമ്പിലും കുറുമാത്തൂരിനുമിടയിൽ ഒമ്പത് മണിക്കും പന്ത്രണ്ട് മണിക്കും ഇടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് നഗരം മുതൽ കിലയുടെ പരിപാടി നടക്കുന്ന കരിമ്പം ഫാം വരേയുള്ള പ്രദേശം വരെയാണ് ഇത്തരത്തിൽ കർശനമായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിൽ നിന്നു വഴിമാറി, ധർമശാലയിൽ നിന്നു പറശ്ശിനിക്കടവ് റോഡിൽ കോൾമൊട്ട - മുയ്യം വഴി ശ്രീകണ്ഠാപുരം സംസ്ഥാന പാതയിലൂടെയാണു തളിപ്പറമ്പ് കരിമ്പത്തെ പരിപാടിയുടെ വേദിയിലേക്ക് മുഖ്യമന്ത്രിയെത്തിയത്. തളിപ്പറമ്പ് ഭാഗത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടഞ്ഞിരുന്നു.
9 മുതൽ 12 വരെ തളിപ്പറമ്പിൽ ഗതാഗതം നിരോധിച്ചു. പ്രതിപക്ഷ സംഘടനകളിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ പരിപാടിയിൽ പങ്കെടുക്കരുതെന്നു കാണിച്ചു പൊലീസ് നോട്ടിസ് നൽകിയിട്ടുണ്ട്. ഉത്തര മേഖല ഡിഐജി രാഹുൽ ആർ.നായർ സുരക്ഷയ്ക്കു മേൽനോട്ടം വഹിക്കും. സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്പി എന്നിവരുടെ നേതൃത്വത്തിൽ 5 ഡിവൈഎസ് പിമാർ, 15 ഇൻസ്പെക്ടർമാർ, 45 എസ്ഐമാർ എന്നിവർ നേതൃത്വം നൽകും.
