2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതായത്. അന്വേഷണത്തിനിടെ വിജിലിനെ ചതുപ്പില്‍ കുഴിച്ചുമൂടിയതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിനെ സരോവരത്തെ ചതുപ്പിൽ കുഴിച്ചുമൂടിയെന്നായിരുന്നു മൊഴി. കേസിലെ പ്രതികളായ വിജിലിന്റെ സുഹൃത്തുക്കളുമായ കെ കെ നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചതുപ്പില്‍ പരിശോധന നടത്തിയത്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കാനിരിക്കെയാണ് പുതിയ വഴിത്തിരിവ്.
അമിതമായി ലഹരിയുപയോഗിച്ചതിനാല്‍ വിജില്‍ മരിച്ചെന്നും തുടര്‍ന്ന് സരോവരം വാഴത്തുരുത്തി ഭാഗത്ത് കുഴിച്ചുമൂടിയെന്നും പ്രതികള്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഭാഗത്ത് പരിശോധന നടത്തിയത്.
advertisement
കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വാങ്ങിയത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി അസ്ഥികള്‍ ഒഴുക്കിയെന്ന് പ്രതികള്‍ മൊഴിനല്‍കിയ വരയ്ക്കല്‍ ബീച്ചില്‍ പ്രതികളായ വാഴത്തിരുത്തി കുളങ്ങരക്കണ്ടിമീത്തല്‍ കെ കെ നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നിവരുമായി തെളിവെടുപ്പുനടത്തി.
വിജിലിന്റെ മൃതദേഹം കുഴിച്ചിട്ടെന്നുപറഞ്ഞ സരോവരം തണ്ണീര്‍ത്തടത്തില്‍ അന്വേഷണസംഘം വ്യാഴാഴ്ച ഏഴുമണിവരെ പരിശോധനതുടര്‍ന്നു. വെള്ളിയാഴ്ച ഉച്ചവരെ തിരച്ചില്‍തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.