ആനി ശിവയുടെ പരാതിയിലാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. സ്ത്രീകളടക്കം മറ്റ് നിരവധി പേരും വിവിധയിടങ്ങളിലായി പരാതി നല്‍കിയിരുന്നു. അതിരൂക്ഷമായ അധിക്ഷേപമാണ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നതെന്ന് പരാതിയില്‍ പറയുന്നു. ഐ.ടി. ആക്ട്, 580 ഐ.പി.സി., കെ.പി ആക്ട് 120 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
18 വയസില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതിനേത്തുടര്‍ന്ന് പറക്കമുറ്റാത്ത കുഞ്ഞുമായി വാടകവീടുകള്‍ തോറും അലഞ്ഞു നടന്ന ആനി ശിവ വര്‍ക്കലയില്‍ നാരങ്ങാവെള്ളക്കച്ചവടം നടത്തിയാണ് ഒരു കാലത്ത് കഴിഞ്ഞിരുന്നത്. ഇതേയിടത്ത് എസ്.ഐയായി ജോയിന്‍ ചെയ്തത് ചൂണ്ടിക്കാട്ടിയുള്ള ആനി ശിവയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള സിനിമാതാരങ്ങളും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ആശംസയുമായി രംഗത്തെത്തിയതോടെ ആനിയുടെ പോസ്റ്റ് വൈറലായി മാറി. ഇതിനു പിന്നാലെ കുട്ടിയുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് വര്‍ക്കലയില്‍ നിന്നും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ആനി ശിവയ്ക്ക് സ്ഥലംമാറ്റം നല്‍കിയിരുന്നു.
advertisement
തനിച്ചു കഴിയുന്ന സ്ത്രീകള്‍ക്ക് നേരെ സംയശമുനയെറിയുന്ന സദാചാര ഗൂണ്ടായിസത്തിനെതിരെ ആഞ്ഞടിച്ച് ആനി ശിവ രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന് കാരണം ഈ സമൂഹമാണെന്ന് ന്യൂസ് 18 ന് നല്‍കി അഭിമുഖത്തില്‍ ആനി ശിവ തുറന്നടിച്ചു.
ആനി ശിവയുടെ വാക്കുകളിങ്ങനെ
സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു. അവള്‍ക്ക് പെണ്ണായി ജീവിയ്ക്കാന്‍ കഴിഞ്ഞില്ലെന്ന്. എനിയ്ക്ക് ഇവിടെ പെണ്ണായി ജീവിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനുത്തരവാദി ഈ സമൂഹമാണ്. എന്റെ ശരീരത്തില്‍ തോണ്ടാനും എന്നെ ഉപദ്രവിയ്ക്കാനും എന്നെ കിടക്കയിലോട്ട് ക്ഷണിയ്ക്കാനും വരുന്ന ഈ സമൂഹത്തില്‍ ഞാനൊന്നു മുടിമുറിച്ച് ജീവിച്ചു. അതിനിപ്പോള്‍ എന്താണ്. നിങ്ങളുടെ കൂടെത്തന്നെയാണ് ഞാന്‍ ജീവിച്ചത്.സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറണം.
എത്രയൊക്കെ കമന്റിട്ട് പോസ്റ്റിട്ടാലും എത്ര അംഗീകരിച്ചാലും നാളെ ഒരു പെണ്ണു വരുമ്പോള്‍ ഇതു പോലെയാണ്. ഒരു പെണ്ണ് ഒറ്റയ്ക്ക് ജീവിയ്ക്കുന്നത് വേറൊരു അര്‍ത്ഥത്തിലല്ലെന്ന് മനസിലാക്കണം.
ഒറ്റയ്ക്ക് ജീവിയ്ക്കുന്ന പെണ്ണിന് ഒരാളുടെ കണ്ണില്‍ നോക്കി സംസാരിയ്ക്കാന്‍ കഴിയില്ല. പിന്നെ അവന്‍ വിളിയ്ക്കും. രാത്രി വന്ന് മിസ് കോളെങ്കിലും അവന്‍ ചെയ്തിരിയ്ക്കും. വരുന്നുണ്ടോയെന്ന് ചോദിച്ച് മിസ്ഡ് കോളെങ്കിലും ചെയ്തിരിയ്ക്കും. അതാണ് സത്യത്തില്‍. സമൂഹം ഒത്തിരിയെങ്കിലും മാറാനുണ്ട്.
അകന്ന ഒരു ബന്ധുവുണ്ട്. ഷാജിയെന്നാണ് പേര് കെ.എസ്.ആര്‍.ടി.സിയിലാണ് ജോലി ചെയ്യുന്നത്. 2014 അല്ലറ ചില്ലറ പണികളുമായി മുന്നോട്ടുപോയി. ചെയ്ത പണികളെല്ലാം അട്ടര്‍ ഫ്‌ളോപ്പാണ്. എന്റെ കൂടെയുള്ള എല്ലാവര്‍ക്കും ഇക്കാര്യമറിയാം. അത്യവശ്യം ജീവിയ്ക്കാനുള്ള വക മാത്രമേ കിട്ടുന്നുള്ളൂ. വാടക നല്‍കാന്‍ പോലും പണമില്ലാതെ വന്നതോടെ വീടുകളില്‍ നിന്നും ഇറക്കിവിട്ടുകൊണ്ടിരുന്നു സാധനങ്ങള്‍ ഒരിടത്തുനിന്നും അടുത്തിടത്തേക്ക് മാറ്റി മടുത്തു.
സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യാന്‍ തൊഴിലാളികളെ വിളിച്ചാല്‍ പ്രതിഫലമായി പണം കൊടുക്കാന്‍ പോലുമില്ലാത്ത കാലം. ഒറ്റയ്ക്കാണെന്നറിഞ്ഞാല്‍ പിന്നെ തട്ടലായി മുട്ടലായി.സാധനങ്ങള്‍ പിടിച്ചുകയറ്റലായി. ഇതോടെ സാധനങ്ങള്‍ കയറ്റലും ഇറക്കലുമൊക്കെ തന്നെയായി.
2014 ലാണ് ചരിത്രം കുറിച്ച പ്രഖ്യാപനമായി കേരള പോലീസിലേക്ക് വനിതാ എസ്.ഐമാര്‍ക്കായി വിജ്ഞാപനം പുറപ്പെടുവിച്ചത്. ബന്ധു ഷാജി എന്നെ പ്രേരിപ്പിച്ചു. ചെറു പ്രായത്തില്‍ സര്‍വ്വീസില്‍ കയറിയാല്‍ കണ്‍ഫേഡ് ഐ.പി.എസായി വിരമിച്ച് അച്ഛന്റെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാം. ഈ വാക്കുകള്‍ പ്രചോദനമായി മാറി.
തീപ്പൊരി നമ്മുടെ മനസില്‍ എപ്പോഴാണോ വീഴുന്നത് ആ തീപ്പൊരി നമ്മള്‍ ആളിക്കത്തിയ്ക്കും. അതുകഴിഞ്ഞ് ഒന്നരമാസം സമയമായിരുന്നു ഉണ്ടായിരുന്നതു. തമ്പാനൂരിലെ പരിശീലന കേന്ദ്രത്തില്‍ പഠനത്തിനായി ചേര്‍ന്നു. വാടക കൊടുക്കാന്‍ പോലും പണമില്ലാത്ത കാലം, ഫീസടക്കം എല്ലാം ബന്ധു നല്‍കി. ഒന്നരമാസം കഠിനമായ പരിശീലനത്തിന്റെ കാലം. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിയ്ക്കുന്ന മകനെ രാവിലെ സ്‌കൂളില്‍ വിടും.
പുതിയ സാഹചര്യങ്ങളോട് മകന്‍ പൂര്‍ണ്ണമായി സഹകരിച്ചു. ചെറുപ്രായത്തില്‍ തന്നെ പ്രായത്തില്‍ കവിഞ്ഞ് പക്വത മകന്‍ പ്രകടിപ്പിച്ചു. ആഹാരമൊഴിച്ചു മറ്റൊന്നിനും വേണ്ടി കൈനീട്ടാത്ത കുട്ടി. കളിപ്പാട്ടത്തിനൊന്നും വേണ്ടി ഒരിക്കലും ആവശ്യങ്ങളുന്നയിച്ചിട്ടില്ല. ഒരു നേരം ആഹാരം കഴിയ്ക്കാന്‍ പോലും ശേഷിയില്ലാത്ത കാലത്ത് ഭക്ഷണമല്ലാതെ ഒന്നിനും വേണ്ടി കുട്ടി ആവശ്യമുന്നയിച്ചിട്ടില്ല. രണ്ടു സുഹൃത്തുക്കളോടൊപ്പം കമ്പയിന്‍ സ്റ്റഡി നടത്തി. വീട്ടിലെത്തി 20 മണിക്കൂറോളം പഠിച്ചു .ഭാഗ്യവും തുണച്ചു. പഠിച്ച പാഠഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങളുമെത്തിയത് നിയോഗമായി.
ദൈവത്തിന് തോന്നിക്കാണും ഇനി കഷ്ടപ്പെടുത്തേണ്ടതില്ലെന്ന്. ഈ അവസരം നല്‍കിയില്ലെങ്കില്‍ ഇനി ഭൂമിയില്‍ ഉണ്ടാവില്ലെന്ന് ദൈവം കരുതിക്കാണും.
എസ്.ഐ.ടെസ്റ്റിനുശേഷം എഴുതിയ കോണ്‍സ്റ്റബിള്‍ പരീക്ഷ ജയിച്ചതോടെ ആദ്യം കോണ്‍സ്റ്റബിളായി ജോലിയ്ക്ക് കയറി. നിയമപോരാട്ടത്തില്‍ കുടുങ്ങി സുപ്രീംകോടതി വരെ പോരാട്ടം നടത്തിയാണ് എസ്.ഐ ജോലി ലഭിച്ചത്. രണ്ടാമത്തെ വനിതാബാച്ചിലാണ് ജോലിയില്‍ കയറിയത്. ആനി ശിവ പറഞ്ഞു.