ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് ആചാരലംഘനമെന്ന് തന്ത്രി
2017 ആഗസ്റ്റ് 21 ന് യേശുദാസും മുന്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതിനാണ് ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തത്. ഇരുമുടികെട്ടല്ലാതെ പതിനെട്ടാം പടികയറരുതെന്ന ആചാരവും വിശ്വാസവും ലംഘിച്ചതിനായിരുന്നു കേസ്. വിഷയത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറോടും യോശുദാസിനോടും മുന്‍ മേല്‍ശാന്തിയോടും ഹൈക്കോടതി ദേവസ്വം ബഞ്ച് വിശദീകരണവും തേടി.
അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നാണ് അന്ന് യേശുദാസ് നല്‍കിയ വിശദീകരണം. എന്നാല്‍ മേല്‍ശാന്തി കയറിയത് അറിവില്ലായ്മ കൊണ്ടാണോ എന്നായിരുന്നു കോടതിയുടെ മറു ചോദ്യം. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വം ബോഡ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ബോഡിന്റെ വിശദീകരണം കേട്ടശേഷം ഈ വര്‍ഷം എപ്രില്‍ രണ്ടിനാണ് ഈ കേസ് തീര്‍പ്പാക്കിയത്.
advertisement
ആചാരലംഘനവിവാദത്തിൽ കുടുങ്ങി വത്സൻ തില്ലങ്കേരിയും കെ.പി ശങ്കരദാസും
ചൊവ്വാഴ്ച ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസൻ വത്സൻ തില്ലങ്കേരിയും ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ നടകയറിയെന്നാണ് ആരോപണം ഉയർന്നത്. ആദ്യം വത്സൻ തില്ലങ്കേരിക്കെതിരെയാണ് ആരോപണം ഉയർന്നത്. ഇരുമുടിക്കെട്ടില്ലാതെ വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആർ.എസ്.എസ് നേതാവ് ആചാരലംഘനം നടത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ശങ്കരദാസും വിവാദത്തിൽപ്പെട്ടത്. ഇരുമുടിക്കെട്ടില്ലാതെ മേൽശാന്തിക്കൊപ്പം നട കയറുന്ന ചിത്രങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടു.
അതേസമയം, താൻ ആചാര ലംഘനം നടത്തിയിട്ടില്ലെന്നും ഇരുമുടിക്കെട്ടുമായാണ് പടി കയറിയതെന്നും ദർശനം നടത്തുന്നതിനിടെ ബഹളം കേട്ടപ്പോൾ താഴേക്ക് ഇറങ്ങിയതാണെന്നും വത്സൻ തില്ലങ്കേരി മാധ്യമങ്ങളോട് പ്രതികരിച്ചു. പതിനെട്ടാംപടിയിൽ നിന്നും താൻ താഴേക്ക് ഇറങ്ങിയിട്ടില്ല. ഇക്കാര്യം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കെ.പി ശങ്കരദാസിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവരെ പതിനെട്ടാംപടി ചവിട്ടിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഇന്ന് രാവിലെ ഇരുമുടിക്കെട്ടില്ലാതെ എത്തിയ സ്ത്രീകളെയും മറ്റ് വഴികളിലൂടെയാണ് സന്നിധാനത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചത്.

