കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സമ്മർദ്ദം മൂലമാണ് തെരഞ്ഞെടുപ്പ് മാറ്റിയത് എന്നാണ് ഇടതുമുന്നണി ആരോപിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് നീളുന്നത് ഗുണകരം എന്നാണ് യുഡിഎഫിന്റെയും ബിജെപിയുടെയും വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ സംഘടനാ സംവിധാനം പാടേ തകർന്ന കോണ്‍ഗ്രസിന് അധികസമയം അനുഗ്രഹമാകുമെന്നാണ് മുന്നണി നേതൃത്വം വിലയിരുത്തുന്നത്. പ്രഖ്യാപനം വൈകുന്നത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന് കൂടുതൽ സമയം ലഭിക്കുമെന്നും അത് ഗുണമാകുമെന്നുമാണ് ബിജെപിയുടെയും കണക്കുകൂട്ടൽ.
എന്നാല്‍, പ്രചരണ സാമഗ്രികൾ, താമസം, ഭക്ഷണം തുടങ്ങി മുന്നണികളുടെ ചിലവുകൾ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് നീളുന്തോറും സ്വാഭാവികമായും ചിലവും അധ്വാനവും ഏറും. കേഡർ പാർട്ടിയാണെങ്കിലും പ്രഖ്യാപനം അനിശ്ചിതമായി നീളുന്നത് ഗുണകരമല്ലെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.
advertisement
ഈ വർഷം ജനുവരി 14 നാണ് ചെങ്ങന്നൂർ എംഎൽഎ കെകെ രാമചന്ദ്രൻ നായർ മരിച്ചത്. എംഎല്‍എ മരിച്ചാല്‍ ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ആറുമാസത്തിന് ഇനിയും മൂന്നര മാസം ബാക്കിയുണ്ട്. എങ്കിലും മഴക്കാലത്തിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് മുന്നണികള്‍ പ്രതീക്ഷിക്കുന്നത്.