നിര്‍ഭാഗ്യവശാല്‍ രവീന്ദ്രന് കോവിഡ് വന്നു. അതിന്റെ ഭാഗമായുള്ള ചില പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നു. അതിന് ചികിത്സിക്കേണ്ട എന്നു പറയാന്‍ കഴിയുമോ. അതിന് വേറെ ശങ്കിക്കേണ്ട കാര്യമില്ല. ചികിത്സയുടെ ഭാഗമായി മാത്രമാണ് അദ്ദേഹത്തിനു പോകാന്‍ കഴിയാതിരുന്നത്. രവീന്ദ്രനു നേരേ ചില ആക്ഷേപങ്ങള്‍ കിട്ടി. ആ ആക്ഷേപങ്ങള്‍ കിട്ടിയാല്‍ ഏജന്‍സികള്‍ അന്വേഷിക്കും. അദ്ദേഹം പോകും. തെളിവുകൊടുക്കും. തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് രവീന്ദ്രനെ ഒന്നും ചെയ്യാനാകില്ലെന്ന പൂര്‍ണ വിശ്വാസം തനിക്കുണ്ട്- പിണറായി പറഞ്ഞു.
advertisement
Also Read- 'ആരിൽ നിന്നും കാശ് ഈടാക്കില്ല'; കേരളീയര്‍ക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി
രവീന്ദ്രനെതിരേയുള്ള പരാതിക്കു പിന്നില്‍ 'ആര്‍എംപി'
സി.എം. രവീന്ദ്രനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയത് ആര്‍എംപിയെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ചില പ്രത്യേക മാനസികാവസ്ഥാക്കാരുണ്ട്. നിങ്ങളുടെ ചില സുഹൃത്തുക്കളാണ്. അവര്‍ ഇങ്ങനെ പരാതി അയച്ചുകൊണ്ടിരിക്കും. ഒഞ്ചിയത്തെ പ്രത്യേകതവച്ചുകൊണ്ട് ഞങ്ങളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ വിഭാഗത്തിന് ഞങ്ങളോട് കാര്യമായ രാഷ്ട്രീയ വിരോധമുണ്ട്. ആ വിരോധം കാരണം കെട്ടിച്ചമച്ച ഒരുപാട് ആരോപണങ്ങളുണ്ട്. അതില്‍ ഒന്ന് രവീന്ദ്രനെതിരേയുള്ള ആരോപണങ്ങളാണ്. അതിന്റെ ഭാഗമായി അവിടെയിവിടെ കാണുന്ന കെട്ടിടങ്ങളും ഹോട്ടലുകളും സ്ഥാപനങ്ങളും രവിയുടേതാണെന്നു പറയും. അവിടെയൊക്കെ അവര്‍ പോയി അന്വേഷിച്ചില്ലേ. എന്തു തെളിവുകിട്ടി എന്ന് അവര്‍ പറയട്ടേ. രവീന്ദ്രന് ഇക്കാര്യത്തിലൊന്നും ഭയപ്പാടുണ്ടെന്ന് എനിക്കു തോന്നുന്നില്ല'- മുഖ്യമന്ത്രി പറഞ്ഞു.
കള്ളക്കഥകള്‍ നേരത്തേയുമുണ്ടായിട്ടുണ്ടെന്ന് പിണറായി
കള്ളക്കഥകള്‍ പലതും നേത്തേയും ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടൊന്നും കമ്മ്യൂണിസ്റ്റുകാര്‍ തകര്‍ന്നു പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
'നിയമസംഹിതയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ടുകൂടാ എന്നാണ്. എന്നാല്‍ ഇവിടെ എത്ര കുറ്റവാളികള്‍ രക്ഷപ്പെട്ടാലും കുറെ നിരപരാധികളെ ശിക്ഷിക്കണമെന്നാണ് നിലപാട്. 1996ലെ തെരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരില്‍ വന്ന് എനിക്ക് രണ്ടു കോടി നല്‍കിയെന്ന് ഒരാള്‍ സിബിഐക്ക് പരാതി കൊടുത്തു. തെരഞ്ഞെടുപ്പിനു ശേഷം വൈദ്യുതി മന്ത്രിയാകുമ്പോള്‍ സ്വാധീനിക്കാനാണ് രണ്ടു കോടി നല്‍കിയെന്നായിരുന്നു കഥ. സിബിഐ എന്നെ വിളിച്ചു ചോദിച്ചു. കാര്യം എന്താണെന്ന് അറിയാമെങ്കിലും ചോദിക്കുകയാണെന്നു പറഞ്ഞ് അവര്‍ ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. ഇതാണ് അന്വേഷണ രീതി- പിണറായി പറഞ്ഞു.