മാറുന്ന കാലത്തിന് അനുസരിച്ച് തീര്‍ത്ഥാടകപ്രവാഹം വര്‍ദ്ധിക്കുമ്പോള്‍ അത് ആവശ്യപ്പെടുന്ന രീതിയില്‍ ഉയര്‍ന്നു ചിന്തിക്കേണ്ടതുകൊണ്ട് എന്നതാണ് ഇതിനുത്തരമെന്നും അദ്ദേഹം പറഞ്ഞു. പമ്പയിൽ ആഗോള അയ്യപ്പസംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പഭക്തന്മാരുടെ ഈ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ അനല്പമായ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ശബരിമലയ്ക്കു വേറിട്ട, തനതായ ചരിത്രവും ഐതിഹ്യങ്ങളുമുണ്ട്. അതാവട്ടെ, സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതരെന്നു കരുതപ്പെടുന്നവരുമായി കൂടി ബന്ധപ്പെട്ടതാണ്. ശബരി ഒരു തപസ്വിനിയായിരുന്നു. ഗോത്രസമൂഹത്തില്‍ നിന്നുള്ള തപസ്വിനി. സീതാന്വേഷണത്തിന്റെ ഭാഗമായി രാമലക്ഷ്മണന്മാര്‍ ആ വഴി വരുന്നതു കാത്തിരുന്ന ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലംതന്നെ അറിയപ്പെട്ടത്. അതാണു ശബരിമല. ഇതാണ് ആ ഐതിഹ്യമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം:
ശബരിമല വേര്‍തിരിവുകള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായ, മതാതീത ആത്മീയതയെ ഉല്‍ഘോഷിക്കുന്ന, എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ്. ആ നിലയ്ക്കു തന്നെ ഈ ആരാധനാലയത്തെ നമുക്കു ശക്തിപ്പെടുത്തേണ്ടതുണ്ട്. അയ്യപ്പഭക്തന്മാര്‍ ഇന്ന് ലോകത്തെമ്പാടുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ മഹാസംഗമത്തിന് ഒരു ആഗോളസ്വഭാവം കൈവരുന്നത്. നേരത്തെ കേരളത്തില്‍ നിന്നുമാത്രമുള്ള തീര്‍ത്ഥാടകരായിരുന്നു ശബരിമലയില്‍ എത്തിക്കൊണ്ടിരുന്നത്. അയല്‍സംസ്ഥാനക്കാരും. പിന്നീടു പിന്നീട് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി തീര്‍ത്ഥാടകപ്രവാഹം. ക്ഷേത്രത്തിന്റെ സാര്‍വലൗകിക സ്വഭാവം മുന്‍നിര്‍ത്തിയാവണം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഇന്ന് ശബരിമലയിലേക്ക് ആളുകള്‍ എത്തുന്നുണ്ടെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
പലപ്പോഴും ഭക്തജനസാഗരം എന്നു വിശേഷിപ്പിക്കേണ്ട തരത്തിലുള്ള സാന്നിധ്യമാണുണ്ടാവുന്നത്. ഇത്രയേറെ ആളുകള്‍ എത്തുമ്പോള്‍ ക്ഷേത്ര പ്രവേശനം സുഗമമാക്കാനും തീര്‍ത്ഥാടനം ആയാസരഹിതമാക്കാനും വലിയ തോതിലുള്ള ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഈ ബോധ്യത്തോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഇങ്ങനെയൊരു സംഗമം നടത്തുന്നത്.
തീര്‍ത്ഥാടകര്‍ക്ക് എന്താണ് വേണ്ടത് എന്നത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി സങ്കല്‍പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളില്‍ നിന്നുതന്നെ മനസ്സിലാക്കി വേണ്ടതു ചെയ്യുകയാണു ആവശ്യം. അതിനുകൂടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് ഈ ഭക്തജനസംഗമം.
ഇതിനോട് ഭക്തജനങ്ങള്‍, പ്രത്യേകിച്ച് അയ്യപ്പഭക്തര്‍ സര്‍വാത്മനാ സഹകരിക്കുന്നു എന്നുകാണുന്നത് സന്തോഷകരമാണ്. യഥാര്‍ത്ഥ ഭക്തര്‍ക്ക് ഇങ്ങനെയേ ചെയ്യാനാകൂ. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവര്‍ക്കു പ്രത്യേക അജണ്ടയുണ്ടാവാം; താല്‍പര്യങ്ങളുണ്ടാവാം. അവ മുന്‍നിര്‍ത്തി അവര്‍ ഭക്തജനസംഗമം തടയാന്‍ എല്ലാവിധ പരിശ്രമങ്ങളും നടത്തിനോക്കി. അത് നമുക്ക് ബാധകമല്ല. ആ വഴിക്കുള്ള ശ്രമങ്ങളെ ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ വിലക്കി എന്നത് നമുക്കാകെ ആശ്വാസകരവുമാണ്.
യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ല. ഭഗവത്ഗീത തന്നെ യഥാര്‍ത്ഥ ഭക്തരുടെ സ്വഭാവം എന്താണെന്നുള്ളത് വ്യക്തമാക്കിയിട്ടുണ്ട്. ഭക്തന്റെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ 12-ാം അധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായാണുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, 'അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്ര കരുണ എവ ച' എന്നു തുടങ്ങുന്ന ഭാഗമാണ്.
ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും ആയിരിക്കും ഭക്തന്‍ എന്നതാണ് ആ ഗീതാനിര്‍വചനം. അതിന് നിരക്കുന്ന തരത്തിലുള്ള ഭക്തിയുള്ളവരുടെ സംഗമമാണ് സത്യത്തില്‍ ഇത്. ഗീതയിലെ ഭക്തസങ്കല്പം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ സംഗമം.
തീര്‍ത്തും മതനിരപേക്ഷ മൂല്യങ്ങളുടെ വിശുദ്ധിയില്‍ തിളങ്ങുന്നതാണ് ശബരിമല അയ്യപ്പക്ഷേത്രം എന്നു നമുക്കറിയാം. ഓരോ മതവും വിശ്വാസപ്രമാണവും തങ്ങളുടേതായ ആരാധനാലയങ്ങളും അനുബന്ധ രീതികളും പിന്തുടരുമ്പോള്‍, എല്ലാ ജാതി-മത ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം, എല്ലാവരും ഒരുമിച്ചൊന്നായി എത്തിച്ചേരുന്ന ഇടമാണ് ശബരിമല.
'കല്ലും മുള്ളും കാലുക്കുമെത്ത' എന്ന് ശരണം വിളിച്ചുകൊണ്ട് കഷ്ടപ്പെട്ട് കാനന പാതകള്‍ താണ്ടി, പതിനെട്ടാം പടി കയറി അവിടെ എത്തുന്ന ഭക്തജനങ്ങളെ സ്വാഗതം ചെയ്യുന്നത് 'തത്വമസി' എന്ന ഉപനിഷദ് വചനമാണ്. ഛാന്ദോക്യോപനിഷത്തിലെ ഈ വചനത്തിന്റെ പൊരുള്‍ 'അതു നീ തന്നെ' എന്നതാണെന്നു നമുക്കറിയാം.
ഞാനും നീയും ഒന്നാകുന്നു എന്നു പറയുമ്പോള്‍ അന്യരില്ല എന്നുകൂടിയാണ് അര്‍ത്ഥം. അഥവാ, അന്യരിലേക്കു കൂടി ഞാന്‍ എന്ന സങ്കല്‍പം ചേര്‍ന്നുനില്‍ക്കുകയാണ്. ഇങ്ങനെ അന്യരെക്കൂടി ഉള്‍ക്കൊള്ളുകയും, അന്യനോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുമ്പോള്‍ അന്യത എന്നത് ഇല്ലാതാവുകയാണ്. അപരന്‍ എന്നൊരാള്‍ ഇല്ലാതാവുകയാണ്. എല്ലാവരും ഒന്ന് എന്ന ബോധം തെളിയുകയാണ്. അതു തെളിയിക്കുക എന്നതാണ് ശബരിമലയുടെ സന്ദേശം.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും രമണ മഹര്‍ഷിയുമൊക്കെ നമുക്കു തെളിയിച്ചുതന്ന തത്വമാണിത്. ഇതിന്റെ പ്രഘോഷണം നടത്തുന്ന ലോകത്തെ തന്നെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല. അവിടെ അയ്യപ്പന് നിത്യവും ഉറക്കുപാട്ടാകുന്നത് 'ഹരിവരാസനം' ആണെന്ന് എല്ലാവര്‍ക്കുമറിയാം. ആ കൃതി ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജന്‍ മാസ്റ്ററാണ്. അത് ആലപിച്ചതാകട്ടെ ജന്മംകൊണ്ട് ക്രൈസ്തവനായ യേശുദാസാണ്.
സന്നിധാനത്തിലേക്കുള്ള യാത്രാമദ്ധ്യേ അയ്യപ്പഭക്തന്മാര്‍ തൊഴുതുനീങ്ങുന്നത് വാവര്‍ നടയിലൂടെയാണ്. വാവര്‍ ആകട്ടെ ഇസ്ലാമാണ്. മധ്യകേരളത്തില്‍ നിന്ന് മല ചവിട്ടാന്‍ പോകുന്ന അയ്യപ്പഭക്തര്‍ ക്രൈസ്തവ ദേവാലയമായ അര്‍ത്തുങ്കല്‍ പള്ളിയിലും കാണിക്കയിടുന്നു. ഇങ്ങനെ സര്‍വധര്‍മ സമഭാവനയുടെ പ്രതീകമായിനില്‍ക്കുന്ന എത്ര ദേവാലയങ്ങളുണ്ട് ലോകത്തില്‍? അങ്ങനെ ആലോചിക്കുമ്പോഴാണ് ശബരിമലയ്ക്കുള്ള പ്രത്യേകത കൂടുതൽ കൂടുതൽ വ്യക്തമാവുക.
ശബരിമലയുടെ മതാതീത ആത്മീയത ഒരു അത്യപൂര്‍വതയാണ്. ഇതു ലോകത്തിനുമുന്നില്‍ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അങ്ങനെ, രാജ്യാന്തരങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കഴിയണം. അതിനുതകുന്ന വിധത്തില്‍ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ആകര്‍ഷകമാക്കുകയും വേണം. മധുരയുടെയും തിരുപ്പതിയുടെയുമൊക്കെ മാതൃകയില്‍ ശബരിമലയെയും തീര്‍ത്ഥാടക ഭൂപടത്തില്‍ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുക എന്നതും ഈ അയ്യപ്പസംഗമത്തിന്റെ ലക്ഷ്യമാണ്.
ശബരിമലയുടെ സ്വീകാര്യത കൂടുതല്‍ സാര്‍വത്രികമാക്കുക, അവിടുത്തെ വികസന പദ്ധതികള്‍ പരിസ്ഥിതിക്ക് പരിക്കേല്‍ക്കാത്ത വിധം മുമ്പോട്ടു കൊണ്ടുപോവുക, തീര്‍ത്ഥാടനം കൂടുതല്‍ ആയാസരഹിതമാക്കുക തുടങ്ങിയവയാണ് ഈ സംഗമത്തിന്റെ ഉദ്ദേശം. ഇതൊക്കെ എങ്ങനെ സാധ്യമാക്കണം എന്നതു സംബന്ധിച്ച നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അങ്ങേയറ്റത്തെ പ്രാധാന്യം നല്‍കി ദേവസ്വം ബോര്‍ഡും സര്‍ക്കാരും മുമ്പോട്ടുപോകും.
ലോകത്ത് എവിടെ നിന്നുമുള്ള അയ്യപ്പഭക്തര്‍ക്ക് ശബരിമലയില്‍ എത്തിച്ചേരുന്നതിനും ദര്‍ശനം നടത്തി സുരക്ഷിതമായി മടങ്ങുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. അതിനുവേണ്ടത് ബഹുമുഖമായ ഇടപെടലുകളാണ്. ഗതാഗത സംവിധാനങ്ങള്‍ മുതല്‍ വെര്‍ച്വല്‍ കണക്ടിവിറ്റി വരെ അതിനായി ഉപയോഗിക്കപ്പെടണം.
നൂതന ഗതാഗത സൗകര്യങ്ങള്‍ ഒരുങ്ങണം, ഭാഷാഭേദമന്യേ അയ്യപ്പഭക്തര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും രജിസ്‌ട്രേഷന്‍ നടത്തുന്നതിനുമുള്ള പോര്‍ട്ടലുകളും ഹെല്‍പ്പ് ഡെസ്‌ക്കുകളും ഉണ്ടാകണം. ഇക്കാര്യത്തിലൊക്കെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശ്രദ്ധ വെക്കുമ്പോള്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം. അത് ശബരിമലയുടെ താല്‍പര്യത്തിലല്ല. ഭക്തജനങ്ങളുടെ താല്‍പര്യത്തിലുമല്ല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കഴിഞ്ഞ 75 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചരിത്രപ്രദര്‍ശനവും ശബരിമലയുമായി ബന്ധപ്പെട്ട കലാരൂപങ്ങളുടെയും മറ്റ് കേരളീയ കലാരൂപങ്ങളുടെയും പ്രദര്‍ശനങ്ങളും ഈ സംഗമത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൂടെ ശബരിമലയുടെ ഖ്യാതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും മാത്രമല്ല, കേരളത്തിന്റെ സവിശേഷതകളും ലോകമെമ്പാടും എത്തിച്ചേരും.
ഇത്ര കാലവുമില്ലാത്ത ഈ സംഗമം ഇപ്പോള്‍ എന്തുകൊണ്ടാണ് എന്നാണ് ചിലര്‍ ചോദിക്കുന്നത്. മാറുന്ന കാലത്തിന് അനുസരിച്ച് തീര്‍ത്ഥാടകപ്രവാഹം വര്‍ദ്ധിക്കുമ്പോള്‍ അത് ആവശ്യപ്പെടുന്ന രീതിയില്‍ ഉയര്‍ന്നു ചിന്തിക്കേണ്ടതുകൊണ്ട് എന്നതാണ് ഇതിനുത്തരം. ചിലര്‍ ഇതു തടയാന്‍ കോടതിയില്‍ വരെ പോയി എന്നത് ഖേദകരമാണ്. അയ്യപ്പനോടുള്ള ഭക്തിയോ വനപരിപാലനത്തിലുള്ള താല്‍പര്യമോ വിശ്വാസപരമായ ശുദ്ധിയോ ഒന്നുമല്ല അവരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത് എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?
ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ പിന്മാറണം എന്ന ഒരു വാദമുണ്ട്. വിശ്വാസികളുടെ കൈകളില്‍ തന്നെയായിരുന്നല്ലോ പണ്ട് ക്ഷേത്രങ്ങള്‍. ആരും നോക്കാനില്ലാതെ അതൊക്കെ മിക്കവാറും നാശോന്മുഖമാകുന്ന നില വന്നപ്പോഴാണ് ദേവസ്വം ബോര്‍ഡ് ഉണ്ടാകണമെന്ന, സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം വിശ്വാസി സമൂഹത്തില്‍ നിന്നുതന്നെ ഉയര്‍ന്നത്. അങ്ങനെയാണ് ബോര്‍ഡുകളും മറ്റ് ഭരണസംവിധാനങ്ങളും നിലവില്‍ വന്നത്. അതോടെയാണ് തകര്‍ച്ചയിലായ ഒരുപാട് ക്ഷേത്രങ്ങള്‍ ഉദ്ധരിക്കപ്പെട്ടത്. ക്ഷേത്ര ജീവനാക്കാര്‍ക്കു കൃത്യമായി ശമ്പളം ഉറപ്പായത്. ജീര്‍ണ്ണതയില്‍ നിന്നു രക്ഷപ്പെട്ടത്.
2019 ലെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും വിഷമത്തിലാകുന്ന സ്ഥിതിയുണ്ടായി. അന്ന് 140 കോടി രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ ബോര്‍ഡിനു നല്‍കിയത്. മരാമത്ത് പണികള്‍ക്കായി 123 കോടി രൂപയും ലഭ്യമാക്കി. ഇത്തരം സത്യങ്ങള്‍ പലരും കണ്ടില്ലെന്നു നടിക്കുന്നു. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നു പറയുന്നവര്‍ സര്‍ക്കാര്‍ സഹായമില്ലാത്ത പഴയകാല ദുരിതാവസ്ഥയിലേക്കു ക്ഷേത്രങ്ങള്‍ തിരിച്ചുപോകണം എന്നാണോ ആഗ്രഹിക്കുന്നത് എന്നു വിശ്വാസികള്‍ തിരിച്ചു ചോദിക്കണം.
ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ കൈക്കലാക്കുന്നുവെന്ന വ്യാജപ്രചാരണം ചിലര്‍ ഇപ്പോഴും നടത്തുന്നുണ്ട്. പല തവണ ഇതു വിശദീകരിച്ചിട്ടുള്ളതാണ്. സര്‍ക്കാര്‍ ഒരു പൈസ പോലും എടുക്കുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ അങ്ങോട്ടു പണം നല്‍കുക കൂടി ചെയ്യുന്നു. അതുകൊണ്ടാണ് താരതമ്യേന തുച്ഛവരുമാനം മാത്രമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ ഇന്നും അന്തിത്തിരി തെളിയുന്നത്. അവിടങ്ങളിലെ ക്ഷേത്ര ജീവനക്കാര്‍ പട്ടിണിയിലാകാത്തത്.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികള്‍ ആരംഭിച്ച 2011-2012 മുതല്‍ നാളിതുവരെ 148.5 കോടിയോളം രൂപ സര്‍ക്കാര്‍ വിവിധ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിന്റെ ലേ ഔട്ട് പ്ലാനിന് 2020 ല്‍ തന്നെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനത്തിലെ കാലതാമസം കാരണം ഫണ്ട് യഥാസമയം ചെലവഴിക്കാന്‍ സാധിക്കാത്ത സാഹചര്യം മുന്‍പ് ഉണ്ടായിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ മൂലം ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ എല്ലാംതന്നെ വേഗത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി സന്നിധാനത്തിന്റെയും പമ്പയിലെ ട്രെക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയില്‍ അംഗീകാരം നല്‍കുകയുണ്ടായി.
2016-17 മുതല്‍ 2025 വരെ, ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി ആകെ 650 കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 145 കോടി രൂപ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 26 കോടി രൂപ, മലബാര്‍ ദേവസ്വം ബോര്‍ഡിന് 305 കോടി രൂപ, കൂടല്‍മാണിക്യം ദേവസ്വത്തിന് 4 കോടി രൂപ, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് 21 കോടി രൂപ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മൂന്നരക്കോടി രൂപ, ഹിന്ദുധര്‍മ്മ സ്ഥാപന ഭരണ വകുപ്പിന് 28 കോടി രൂപ എന്നിങ്ങനെയാണ് ദേവസ്വം ബോര്‍ഡുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും അനുവദിച്ച തുക.
ഇതിനുപുറമെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്ക് 83.95 കോടി രൂപയും, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് 22 കോടി രൂപയും, ഇടത്താവളം പദ്ധതികള്‍ക്കായി 116 കോടി രൂപയും അനുവദിച്ചു. ശബരിമല ഉത്സവം നടത്തിപ്പിനുവേണ്ടി കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 10 കോടിയിലധികം രൂപയാണ് അനുവദിച്ചത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍, ഏകദേശം 100 കോടി രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കായി പ്രത്യേകമായി വകയിരുത്തിയിരുന്നു. 2016-17 മുതല്‍ 2019-20 വരെ, എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കുമായി 351 കോടി രൂപ വിതരണം ചെയ്തു. ഇക്കഴിഞ്ഞ നാലര വര്‍ഷത്തിലായി ദേവസ്വം ബോര്‍ഡുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമായി 232 കോടി രൂപയാണ് അനുവദിച്ചത്. ഇങ്ങനെ സര്‍ക്കാര്‍ അങ്ങോട്ടു കൊടുക്കുന്നത് കാണാതെയാണ് സര്‍ക്കാര്‍ പണം കൊണ്ടുപോവുകയാണ് എന്ന് ആക്ഷേപിക്കുന്നത്.
സമാനമായ കള്ളപ്രചാരവേലയാണ് സര്‍ക്കാര്‍ ന്യൂനപക്ഷസംഗമവും നടത്താന്‍ പോകുന്നു എന്നത്. കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കാതെയോ, അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും സര്‍ക്കാരിനെതിരെ ഒരു നനഞ്ഞ പടക്കമെങ്കിലും എറിഞ്ഞ് കുറച്ചു പേരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാം എന്നു കരുതിയോ ആവാമിത്. കറതീര്‍ന്ന സങ്കുചിത രാഷ്ട്രീയ ദുഷ്ടലാക്കോടെ ഇത്തരം പ്രചാരണം നടത്തുന്നവരെ നമുക്ക് ആ രീതിയില്‍ കാണാം.
എന്നാല്‍ വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കാതെ, ഒരു വിഭാഗമാളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചില മാധ്യമങ്ങള്‍ ദുരുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതു ശരിയാണോ? സംഭവവികാസങ്ങളെ സത്യസന്ധമായും, വസ്തുതാപരമായും, നിഷ്പക്ഷമായും ജനങ്ങളിലെത്തിക്കുകയല്ലേ മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പ്രമാണം?
സത്യത്തില്‍ എന്താണ് പ്രചരിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സംഗമത്തിന്റെ പൊരുള്‍? 2031 ല്‍ കേരളം എങ്ങനെയൊക്കെ വികസിച്ചു മുന്നോട്ടുപോകണം എന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്താണ് 2031 ന്റെ സവിശേഷത? ഐക്യകേരള രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷമാണ് 2031. ഇതിനോടനുബന്ധിച്ച് കേരളത്തിന്റെ ഇതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, അതിന്റെ അടിസ്ഥാനത്തില്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനായി ഒക്‌ടോബര്‍ മാസത്തില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ 33 സെമിനാറുകള്‍ നടത്തുന്നുണ്ട്. ഓരോ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിലായിരിക്കും ഈ സെമിനാറുകള്‍ നടത്തുക.
സെമിനാറുകള്‍ കുറ്റമറ്റരീതിയില്‍ സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും 18 മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ 33 സെമിനാറുകള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്. അങ്ങനെയുള്ള 33 സെമിനാറുകളില്‍ ഒന്നു മാത്രമാണ് ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. കാരണം അതും ഒരു വകുപ്പാണ്. എന്നാല്‍, അതുമാത്രം അടര്‍ത്തിയെടുത്ത് വസ്തുതാവിരുദ്ധമായി പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകുമോ എന്നാണ് ഒരു കൂട്ടരുടെ ശ്രമം. ഇതിനെയൊക്കെ ഉദ്ദേശിച്ചാണ് പണ്ടുള്ളവര്‍ 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം' എന്നു പറഞ്ഞിട്ടുള്ളത്.
ഇനി ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ, പെട്ടെന്നൊരു സുപ്രഭാതത്തില്‍ തീരുമാനിച്ചതല്ല ഈ അയ്യപ്പസംഗമം. വര്‍ഷങ്ങള്‍ നീണ്ട ആലോചനയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇത്തരമൊരു പരിപാടിയിലേക്ക് എത്തിയത്. മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പലരും ഇങ്ങോട്ടു വിളിച്ച് ശബരിമലയെ ആഗോള തലത്തില്‍ ശ്രദ്ധേയമാക്കേണ്ടതിനെപ്പറ്റി സംസാരിക്കാറുണ്ട്. ഇരുമുടിക്കെട്ടുമായി വിമാനത്തില്‍ വരുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നു ആവശ്യപ്പെടാറുണ്ട്. പ്രശ്‌നപരിഹാരത്തിനു യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അവിടെയാണു സത്യത്തില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചുള്ള ചിന്തകളുടെ തുടക്കം.
തുടര്‍ന്ന് ശാസ്ത്രീയമായ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയുണ്ടായി. ശബരി റെയില്‍പ്പാതയും, റോപ്പ് വേയും, വിമാനത്താവളങ്ങളും ഒക്കെ ഉള്‍പ്പെടുന്ന മാസ്റ്റര്‍ പ്ലാനാണിത്. ഈ മാസ്റ്റര്‍ പ്ലാനിന്റെ വിശദാംശങ്ങള്‍ ഈ സംഗമത്തില്‍ ചര്‍ച്ച ചെയ്യും. വിവിധ മേഖലകളിലെ വിദഗ്ദ്ധരടക്കം ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓരോ വര്‍ഷവും ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടെന്നു നമുക്കറിയാം. ആ വര്‍ദ്ധനയ്ക്കനുസരിച്ച് സുഗമമായ യാത്രാസൗകര്യം, പാര്‍ക്കിങ്ങ്, ശുദ്ധജലലഭ്യത, സാനിറ്റേഷന്‍ സംവിധാനങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍ ഒക്കെ വേണം. ഇവ പ്രകൃതിയുടെ മനോഹാരിതയ്ക്ക് കോട്ടം തട്ടാതെയും, പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കാതെയും ആവണം. എരുമേലി അടക്കമുള്ള സമീപപ്രദേശങ്ങളും ഇതിന്റെ ഭാഗമായി വികസിപ്പിക്കണം. ഒരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് തന്നെ വികസിപ്പിക്കേണ്ടതുണ്ട്.
ഏതാണ്ട് 2050 വരെയുള്ള വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടു കൊണ്ടാണ് കാര്യങ്ങള്‍ നീക്കുന്നത്. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കല്‍ എന്നിവയുടെ സമഗ്ര വികസനമാണ് ശബരിമല മാസ്റ്റര്‍പ്ലാന്‍ ലക്ഷ്യമിടുന്നത്.
ശബരിമല സന്നിധാനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേ ഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അതോടൊപ്പം സുരക്ഷയും സൗന്ദര്യാത്മക മെച്ചപ്പെടുത്തലുകളും ലേ ഔട്ട് പ്ലാന്‍ ഉറപ്പാക്കുന്നുണ്ട്. കേരളത്തിന്റെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിക്ക് അനുസൃതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സവിശേഷതകളും ലേ ഔട്ട് പ്ലാന്‍ മുന്നോട്ടുവെക്കുന്നുണ്ട്.
ശബരിമല സന്നിധാനത്തന്റെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും, 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ, ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.
ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഒരു ട്രാന്‍സിറ്റ് ക്യാമ്പായിട്ടാണ് പമ്പയെ ലേ ഔട്ട് പ്ലാനില്‍ വിഭാവനം ചെയ്തിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് കയറുന്നതിനും സന്നിധാനത്തു നിന്നു തിരിച്ചിറങ്ങുന്നതിനും ഒരു പ്രത്യേക സര്‍ക്കുലേഷന്‍ റൂട്ട് പിന്തുടരുന്നുവെന്ന് ഉറപ്പാക്കി അതുവഴി ഭാവിയില്‍ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കുവാനുതകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ലേ ഔട്ട് പ്ലാന്‍ പ്രകാരം പമ്പയുടെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 184.75 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയും, ട്രെക്ക് റൂട്ടിന്റെ വികസനത്തിനായി 2022-2025 വരെയുള്ള ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും 2024-2026 വരെയുള്ള രണ്ടാം ഘട്ടത്തിന് 15.09 കോടി രൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകള്‍ പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 1,033.62 കോടി രൂപയാണ്. ശബരിമല മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി 2025-2030 കാലയളവില്‍ 314.96 കോടി രൂപയുടെ പദ്ധതികളാണ് ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ആവിഷ്‌കരിച്ചിട്ടുള്ളത്.
പമ്പ ഗണപതിക്ഷേത്രം മുതല്‍ പമ്പ ഹില്‍ടോപ്പ് വരെ പമ്പാ നദിക്കുകുറുകെ നിര്‍മ്മിക്കുന്ന സുരക്ഷാപാലം, നിലയ്ക്കല്‍ ഇടത്താവളത്തിലെ കോര്‍ ഏരിയയുടെ വികസനം. കുന്നാറില്‍ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, നിലയ്ക്കല്‍ ഇടത്താവളത്തിലെ റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിര്‍മ്മാണം, ശബരിമല സന്നിധാനത്തെ തീര്‍ത്ഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിര്‍മ്മാണ-വിതരണ സമുച്ചയം എന്നിവയുടെ നിര്‍മ്മാണം, ശബരിമല സന്നിധാനത്ത് അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രവൃത്തി, കൂടാതെ ശബരിമല സന്നിധാനത്തെ തീര്‍ത്ഥാടക നിര്‍ഗമന പാലം, നിലയ്ക്കല്‍ ഇടത്താവളത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും എന്നിവയ്ക്കായി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.
ഇത്തരം കാര്യങ്ങളെപ്പറ്റി ഒരു തുറന്ന ചര്‍ച്ച നടത്തുന്നതില്‍, ശബരിമലയുടെ വികസനം ആഗ്രഹിക്കുന്നവര്‍ എതിര്‍പ്പു പ്രകടിപ്പിക്കേണ്ട വല്ല കാര്യവുമുണ്ടോ? അപ്പോള്‍ എതിര്‍ക്കുന്നവരുടെ ഉള്ളിലിരുപ്പ് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാവരുടേയും അഭിപ്രായങ്ങള്‍ കേട്ടും, അവരെ ഉള്‍ക്കൊണ്ടും, അവരെയെല്ലാം ചേര്‍ത്തുപിടിച്ചുമാണ് നമ്മള്‍ ശബരിമലയുടെ വികസനം ഉറപ്പാക്കുന്നത്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഈ അയ്യപ്പസംഗമവും നടത്തുന്നത്