അഞ്ചു വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള അവകാശം സംബന്ധിച്ച ബിഡ്ഡിങ്ങിൽ വിചിത്രമായ കാര്യങ്ങളാണുണ്ടായത്. അഞ്ചു വിമാനത്താവളവും ഒരു കൂട്ടർക്കു തന്നെ ലഭിക്കുമ്പോൾ പുറത്തു നിന്നു നോക്കുന്നവർക്കു സ്വാഭാവികമായും ആ ബിഡ്ഡിങ്ങിന്റെ രീതികളിൽ സംശയം വരും. വിമാനം ആകാശത്തിലൂടെ പറക്കുന്നതാണെങ്കിലും വിമാനത്താവളത്തിനുള്ള സൗകര്യം ഭൂമിയിൽ ഒരുക്കേണ്ടതാണ്. തിരുവനന്തപുരം വിമാനത്താവളം വികസനം നടക്കണമെങ്കിൽ അദാനിയെന്ന കുത്തക വിചാരിച്ചാൽ മാത്രം നടക്കില്ല. സംസ്ഥാന സർക്കാരാണു സ്ഥലമെടുത്തു കൊടുക്കേണ്ടത്. സംസ്ഥാനത്തെ ശത്രുപക്ഷത്തു നിർത്തി, ഞങ്ങൾ വിജയശ്രീലാളിതരായിരിക്കുന്നു എന്ന മട്ടിൽ അദാനി വന്നാൽ അതിനൊക്കെ വഴങ്ങുന്ന സർക്കാരാണു കേരളത്തിലുള്ളതെന്ന് അദാനി പോലും പറയില്ല. അതൊക്കെ മൊത്തത്തിൽ വിമാനത്താവളം വികസനത്തിനു തടസ്സം സൃഷ്ടിക്കും.
advertisement
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനാണു കേന്ദ്ര സർക്കാർ നടപടി. അതു സംസ്ഥാനത്തെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനു യോഗ്യതയുമുണ്ട്. സിയാൽ ലാഭകരമായി നടത്തുന്നു. സിയാലിന്റെ മാനേജ്മെന്റ് സിസ്റ്റത്തെപ്പറ്റി വിമാനക്കമ്പനികൾക്കു വലിയ അഭിപ്രായവുമാണ്. രാജഭരണ കാലത്തു രാജാവ് എടുത്ത സ്ഥലത്താണു തിരുവനന്തപുരം വിമാനത്താവളം. രാജ്യം സ്വതന്ത്രമായപ്പോൾ സർക്കാർ നൽകിയ സ്ഥലവുമുണ്ട്. സംസ്ഥാനത്തിനു പൂർണമായി തരണമെന്നാണ് ആവശ്യപ്പെട്ടത്. അതിനു തയാറാകാതെ ബിഡ്ഡിങ്ങിലേക്കു പോകുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
