യുഡിഎഫിനെ സംബന്ധിച്ചിടത്തോളം തൃക്കാക്കര സീറ്റ് നിലനിര്‍ത്തുക എന്നത് അഭിമാന പോരാട്ടമാണ്. പിടി തോമസ് തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഉമാ തോമസിലൂടെ പൂര്‍ത്തികരിക്കുന്നതിന് യുഡിഎഫിനായി വോട്ട് ചെയ്യണമെന്ന വികാരം തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി ഒന്നും ചെയ്യുന്നില്ല. മനുഷ്യന്‍റെ ജീവനൊഴികെ ബാക്കിയെല്ലാം വില കൂടുന്നു.
advertisement
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൊല റെയിലാണ് കെറെയില്‍. ജനങ്ങളെ കൊള്ളയടിക്കുന്നതിനായാണ് കെറെയില്‍ ഇടത് സര്‍ക്കാര്‍ കൊണ്ടുവന്നത്. സിപിഎം ആണ് യഥാര്‍ത്ഥ വികസന വികരോധികളെന്നും ചെന്നിത്തല വിമര്‍ശിച്ചു. കെവി തോമസ് കമ്മ്യൂണിസ്റ്റുകാരനായി മാറിക്കഴിഞ്ഞു . അദ്ദേഹം ഒരിക്കലും അത്തരമൊരു തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നെന്ന് ചെന്നിത്തല പറഞ്ഞു.
'പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയിൽ കല്യാണമൊന്നും നടക്കുന്നില്ല'; കെ.വി തോമസിനെ പരിഹസിച്ച് വി.ഡി സതീശൻ
കാസർകോട്: യുഡിഎഫ് പ്രചാരണങ്ങളിലേക്ക് ക്ഷണിച്ചില്ലെന്ന കെ വി തോമസിന്‍റെ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ (VD Satheesan). പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ ആരുടെയും കല്യാണമൊന്നും നടക്കുന്നില്ലല്ലോ എന്നായിരുന്നു സതീശൻ പരിഹസിച്ചത്. കെ വി തോമസുമായി (KV Thomas) ബന്ധപ്പെട്ട മറ്റു ചോദ്യങ്ങളോട് നോ കമന്റ്‌സ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. കാസർകോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
മദ്യനയം തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന കെ.സി.ബി.സിയുടെ ആവശ്യം സ്വാഗതം ചെയ്യുന്നതായി വി ഡി സതീശൻ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റുകളൊക്കെ ഇപ്പോഴും നിലവിലുണ്ട്. പിണറായി അധികാരത്തില്‍ എത്തിയ ശേഷം മദ്യം മാത്രമല്ല, മയക്ക്മരുന്ന് മാഫിയകള്‍ക്കും പാര്‍ട്ടിയുടെ പ്രദേശിക നേതൃത്വങ്ങള്‍ പിന്തുണ കൊടുക്കുകയാണ്. കുഞ്ഞുങ്ങള്‍ക്കു വേണ്ടി ചതിക്കുഴികള്‍ ഒരുക്കി വച്ചിരിക്കുകയാണ്. അക്രമങ്ങളും ക്രൂരമായ കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ഉണ്ടാകുന്നത് മയക്ക്മരുന്ന് ഉപയോഗത്തില്‍ നിന്നാണ്. ഈ മാഫിയകളെ സംരക്ഷിക്കുന്നത് സി.പി.എമ്മാണ്. ഭരണം പാര്‍ട്ടിക്ക് കൈമാറിയതിന്റെ ദുരന്തഫലമാണ് കേരളം അനുഭവിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഭരണസ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. സെക്രട്ടേറിയറ്റില്‍ ഭരണസ്തംഭനമാണ്. 25 ലക്ഷം രൂപയില്‍ കൂടുതലുള്ള ഒരു ചെക്കും പാസാക്കാനാകാതെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. പല ബില്ലുകളും പാസാകുന്നില്ല. ഈ വര്‍ഷം ശമ്പളം കൊടുക്കാന്‍ പോലും പറ്റുമോയെന്ന് ഭയപ്പെടുന്ന ധനകാര്യ മന്ത്രിയാണ് കേരളത്തിലുള്ളത്. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം കൊടുക്കാന്‍ പറ്റില്ലെന്ന് ജീവനക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ഗതാഗത മന്ത്രി പറയുന്നത്.
വേണമെങ്കില്‍ മാനേജ്‌മെന്റ് ചെയ്യട്ടേയെന്നാണ് പറയുന്നത്. മാനേജ്‌മെന്റ് സര്‍ക്കാര്‍ തന്നെയല്ലേ? കെ.എസ്.ആര്‍.ടി.സി പൊതുമേഖലാ സ്ഥാപനമല്ലേ. അപകടകരമായ രീതിയിലേക്ക് കെ.എസ്.ആര്‍.ടി.സി പോകുകയാണ്. ലാഭത്തില്‍ ഓടിക്കൊണ്ടിരുന്ന 20 ശതമാനം സര്‍വീസുകളെയും സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റി. ബാക്കി 80 ശതമാനവും നഷ്ടത്തിലുള്ള സര്‍വീസുകളാണ്. അതാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷമെന്ന് പറയുന്നവര്‍ കോണ്‍ട്രാക്ട് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് സ്വിഫ്റ്റ് കമ്പനി ഉണ്ടാക്കിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.