തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആദ്യ ഘട്ടമായി മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം കോര്‍പ്പറേഷൻ യുഡിഎഫ് പിടിക്കുമെന്നും തിങ്കളാഴ്ച മുതൽ പ്രചാരണ ജാഥകള്‍ ആരംഭിക്കുമെന്നും പട്ടിക പ്രഖ്യാപിച്ചു കൊണ്ട് കെ മുരളീധരൻ വ്യക്തമാക്കി. സീറ്റുകളുടെ എണ്ണം പത്തിൽ നിന്ന് 51 എത്തുക എന്നതാണ് ലക്ഷ്യം എന്നും കെ മുരളീധരൻ പറഞ്ഞു.യുഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഡിസിസി അധ്യക്ഷൻ എൻ ശക്തനും പ്രതികരിച്ചു.നവംബര്‍ 12വരെയായിരിക്കും വാഹന പ്രചാരണ ജാഥയെന്നും എൻ ശക്തൻ പറഞ്ഞു.
advertisement
കവടിയാറിൽ നിന്നാണ് കെഎസ് ശബരിനാഥൻ മത്സരിക്കുന്നത്. നിയമ വിദ്യാർത്ഥിയും കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റുമായ വൈഷ്ണ സുരേഷ് മുട്ടട വാർഡിൽ നിന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു രഘുവരൻ പാങ്ങപാറയിൽ നിന്നും ആശാ പ്രവർത്തക എസ് ബി രാജി കാച്ചാണി വാർഡിൽ നിന്നും മത്സരിക്കും.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ വഴുതക്കാട് വാർഡിൽ നിന്നാണ് മത്സരിക്കുന്നത്.മുൻ എംപി എ ചാള്‍സിന്‍റെ മരുമകള്‍ എസ്‍ ഷേര്‍ളി പായം വാര്‍ഡിലും മത്സരിക്കും.വാർഡ് തലത്തിൽ തീരുമാനിച്ച സഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം ചൊവ്വാഴ്ച അന്തിമ പട്ടിക പുറത്തുവിടും. അതേ സമയം മേയർ സ്ഥാനാർത്ഥി ആരെന്ന് പറയുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
