മതേതരത്വ വിഷയത്തില്‍ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസ് രണ്ടു നിലപാടാണ് സ്വീകരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ സെക്യുലറായി നില്‍ക്കുന്നു. ഉത്തരേന്ത്യയില്‍ ഹിന്ദു വോട്ടുകള്‍ ആകര്‍ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നു. ഇത് ശരിയല്ല. ജവഹര്‍ലാല്‍ നെഹ്‌റു അത്തരം കോംപ്രമൈസുകളൊന്നും ചെയ്തിരുന്നില്ല. ഹിന്ദു തീവ്രവാദികളെ പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്. ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാല്‍ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുമ്പോള്‍ പോലും നെഹ്‌റു സൂക്ഷമത പാലിച്ചു. അന്ന് വല്ലഭായ് പട്ടേലിന്റെ പോലും നിലപാടിനെ തള്ളിയാണ് നെഹ്‌റു മതേതരത്വം മുറുകെ പിടിച്ചത്.- എം. കെ മുനീര്‍ പറഞ്ഞു.
advertisement
ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ അക്രമങ്ങള്‍ നടക്കുമ്പോള്‍ അരുതെന്ന് പറയാന്‍ അവിടെയൊന്നും കോണ്‍ഗ്രസ് നേതാക്കളെ കാണുന്നില്ല. കോണ്‍ഗ്രസ് ഇതിന് മുന്നില്‍ നില്‍ക്കണം. ഈ അവസരം മറ്റാര്‍ക്കും കോണ്‍ഗ്രസ് വിട്ടുകൊടുക്കരുത്. മതേതരത്തില്‍ ഇടക്കിടെ തപ്പിത്തടയുന്ന നിലപാട് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്. മതേതരത്വമാണ് കോണ്‍ഗ്രസ്സിന്റെ സെല്ലിങ് പോയിന്റ്, അത് നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ് ഇല്ലാതാവും. ബി.ജെ.പി വിരുദ്ധ ചേരിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണം. കോണ്‍ഗ്രസ് സെക്യുലറിസം വിട്ടുവെന്ന് പറയുന്നില്ല. കോണ്‍ഗ്രസ് ചില കാര്യങ്ങളില്‍ നിലപാടെടുക്കുന്നതില്‍ ചാഞ്ചല്യമുണ്ടാവുന്നു എന്നാണ് വിമര്‍ശനം. - മുനീര്‍ വ്യക്തമാക്കി.
നെഹ്‌റുവിന്റെ പേര് പറയുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ ചാഞ്ചാട്ടമുണ്ടാകുന്നു. ആ പേര് ഉറക്കെ പറയാന്‍ പലരും പേടിക്കുന്നു. ഇന്ത്യ മുഴുവന്‍ നെഹ്‌റുവിനെ പഠിക്കണം. സെക്യുലര്‍ സ്‌പെയ്‌സ് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണം. മതേതരത്വം പഠിപ്പിക്കുന്ന നെഹ്‌റുവിയന്‍ സ്‌കൂള്‍ ഇന്ത്യയൊട്ടുക്ക് തുടങ്ങണം. കോണ്‍ഗ്രസ് ചിന്തന്‍ ബൈഠക്കിലേക്ക് തന്റെ നിര്‍ദേശം ഇതാണ്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ സ്‌കൂള്‍ ആദ്യം തുടങ്ങണം. ഇതിന് മുസ്ലിം ലീഗിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.
ഡല്‍ഹി ജഹാംഗീര്‍പുരി ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കോണ്‍ഗ്രസ് മൗനം എന്തുകൊണ്ടെന്ന ലീഗ് അണികളുടെ ചോദ്യമാണ് എം.കെ മുനീറിന്റെ വിമര്‍ശനമായി പുറത്തുവന്നത്. മതേതരത്വത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ചില്ലെങ്കില്‍ അണികള്‍ മറ്റ് രാഷ്ട്രീയം തേടിപ്പോകുമെന്ന ആശങ്കയും മുനീറിന്റെ വാക്കുകളിലുണ്ട്.