കെപിസിസിയുടെ ആദ്യഘട്ട പുനഃസംഘടന പട്ടിക പുറത്തുവന്നിട്ടും പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തിക്കൊണ്ട് നേതൃയോഗം കൂടാൻ കഴിയാത്തതിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിംഗ് പ്രസിഡന്റുമാരും അതൃപ്തി രേഖപ്പെടുത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും നേതൃയോഗം മാറ്റിവെച്ചതിൽ അമർഷം പ്രകടിപ്പിച്ചതായാണ് സൂചന. കെപിസിസിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് തന്നോട് കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുറന്നടിച്ചു. സംസ്ഥാനത്ത് പാർട്ടിയെ നിയന്ത്രിക്കുന്നത് കെപിസിസി അധ്യക്ഷനല്ലെന്നും, വർക്കിംഗ് പ്രസിഡന്റുമാർ പാർട്ടിയെ ഹൈജാക്ക് ചെയ്തതായും സതീശൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
advertisement
അതേസമയം, കെ സുധാകരൻ അധ്യക്ഷനായിരുന്നപ്പോൾ ഉണ്ടായിരുന്ന നിസ്സഹകരണം തന്നെയാണ് സണ്ണി ജോസഫിനോടും പ്രതിപക്ഷ നേതാവ് തുടരുന്നതെന്ന് ചില നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു. മല്ലികാർജുന ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും പ്രത്യേകം ചർച്ച നടത്തിയ ശശി തരൂരും ഐക്യമില്ലാത്ത സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങളിൽ വിയോജിപ്പ് അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി അധ്യക്ഷന്മാരുടെയും കെപിസിസി സെക്രട്ടറിമാരുടെയും പുനഃസംഘടന പട്ടിക പ്രഖ്യാപിക്കാൻ ആകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
