അന്വേഷണ സമിതി എന്ന പതിവ് നാടകം
തിരഞ്ഞെടുപ്പ് ഫലം വന്ന അന്നു തന്നെ പരാജയം ചർച്ച ചെയ്യാൻ അടിന്തരമായി രാഷ്ട്രീയകാര്യ സമിതി ചേരുമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ഞായറാഴ്ച ചേരും എന്നായിരുന്നു അന്ന് പറഞ്ഞത്. പിന്നീട് നേതാക്കളുടെ അസൗകര്യം ചൂണ്ടിക്കാട്ടി തീയതി ബുധാനാഴ്ചയിലേക്ക് നീട്ടി. തിങ്കളാഴ്ചയിലെ യു ഡി എഫ് യോഗത്തിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയരാനുളള സാധ്യത മുന്നിൽ കണ്ടാണോ നീട്ടിയതെന്ന സംശയവും സ്വാഭാവികമാണ്. പാർട്ടിയെ നയിക്കുന്ന പ്രധാന നേതാക്കളായ മുല്ലപ്പളളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തോൽവിക്ക് തൊട്ടു പിന്നാലെ രാഷ്ട്രീയാര്യ സമിതി വിളിക്കാൻ തീരുമാനിച്ചത്. തോൽവി പരിശോധിക്കാൻ സമിതി രൂപീകരിക്കുക എന്ന നിർദ്ദേശം വയ്ക്കാമെന്നും ഏകദേശ ധാരണയായി. എന്നാൽ ഇതിനോട് പല പ്രധാന നേതാക്കളും യോജിക്കുന്നില്ല. ഇതിൽ എ, ഐ ഗ്രൂപ്പുകളിൽ നിന്നുളള നേതാക്കളുണ്ട്. തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്നും പ്രധാന നേതാക്കൾക്ക് ഒഴിഞ്ഞു മാറാനുളള ശ്രമത്തിന്റെ ഭാഗമാണ് അന്വേഷണ സമിതി എന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. സമിതിയെ വച്ച് പരിശോധിക്കേണ്ട വിഷയമല്ല ഇതെന്നും രാഷ്ട്രീയകാര്യ സമിതി തന്നെ ചർച്ച നടത്തി തിരുത്തേണ്ട അതീവ ഗൗരവമുളള വിഷയമാണിതെന്നുമാണ് സമിതിയെ എതിർക്കുന്ന മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.
advertisement
സ്ഥാനാർത്ഥി നിർണയിലും സ്ഥാനാർത്ഥികളെ അവതരിപ്പിക്കുന്നതിലും പ്രചരണത്തിലും അടക്കം ഉണ്ടായ വീഴ്ചയുടെ ഉത്തരവാദിത്വത്തിൽ നിന്നും മൂന്ന് പ്രധാന നേതാക്കൾക്കും ഒഴിഞ്ഞു മാറാൻ ആവില്ല. തിരുത്തൽ വേണ്ടത് അവിടെയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പഴയ പതിവ് മാറിയെന്നും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റെ തോൽവിയിൽ ഒരു മാസത്തിനുളളിൽ റിപ്പോർട്ട് വാങ്ങി നടപടി എടുത്തു എന്നതാണ് അന്വേഷണ സമിതിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അതു പോലെ നാല് ബ്ളോക്ക് കമ്മിറ്റികളെ പിരിച്ചു വിടുന്ന നടപടിയല്ല വേണ്ടതെന്നും പ്രധാന നേതാക്കൾ തെറ്റ് അംഗീകരിച്ച് തിരുത്താൻ തയ്യാറാകണം എന്നുമാണ് സമിതിയെ എതിർക്കുന്നവരുടെ നിലപാട്.
മുരളി, തരൂർ, അടൂർ പ്രകാശ്, കുര്യൻ, ബാബു ജോർജ് പട്ടിക നീണ്ടതാണ്
വട്ടിയൂർക്കാവ് പരാജയത്തിൽ തിരുവനന്തപുരം എം പി ശശി തരൂരിനും വട്ടിയൂർക്കാവ് മുൻ എം എൽ എയും വടകര എം പിയുമായ കെ മുരളീധരനും ഉത്തരവാദിത്വം ഉണ്ട്. കോന്നിയിൽ മുൻ എം എൽ എയും ആറ്റിങ്ങൽ എം പിയുമായ അടൂർ പ്രകാശിനും സമാന ഉത്തരവാദിത്വം ഉണ്ട്. ഈ നേതാക്കൾ ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നു എങ്കിൽ ഈ സീറ്റുകൾ നഷ്ടമാകില്ലായിരുന്നു എന്ന് കരുതന്നവരാണ് രാഷ്ട്രീയകാര്യ സമിതിയിൽ പലരും.
ഒപ്പം അടൂർ പ്രകാശിന്റെ നിർദ്ദേശം തളളി കോന്നിയിൽ സ്ഥാനാർത്ഥിയെ മാറ്റിയത് എന്തിനെന്ന ചോദ്യവും ഉയരുന്നു. പി മോഹൻ രാജിന് വേണ്ടി മുതിർന്ന നേതാവായ പി ജെ കുര്യന്റെ നേതൃത്വത്തിൽ ഡി സി സി അധ്യക്ഷൻ ബാബു ജോർജ് നടത്തിയ പരസ്യ നീക്കങ്ങളും പ്രതികരണങ്ങളും തിരിച്ചടിയായെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നേതൃത്വത്തിന് മുന്നിൽ സമ്മർദ്ദം ശക്തമാക്കി സ്ഥാനാർത്ഥിത്വം വാങ്ങിയെടുത്ത ശേഷം ആ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ഇവർ എന്തു ചെയ്തു എന്ന മറു ചോദ്യമാണ് അടൂർ പ്രകാശിനെ അനുകൂലിക്കുന്നവർ ഉന്നയിക്കുന്നത്. ഇവർ തോൽവിയുടെ ഉത്തരവാദിത്വം പി ജെ കുര്യനും ഡി സി സി പ്രസിഡന്റ് ബാബു ജോർജിനും നൽകുന്നു.
സമുദായ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയതിനോടും എതിർപ്പുണ്ട്. എൻ എസ് എസ് പിന്തുണയിൽ ആവേശം കൊണ്ട നേതാക്കൾ തന്നെ അങ്ങനെയൊരു പിന്തുണ ഉണ്ടായിരുന്നതായി അറിയില്ലെന്ന മട്ടിൽ പിന്നീട് പ്രതികരിച്ചത് ഈ എതിർപ്പ് മുന്നിൽ കണ്ടാണ്.
വെല്ലുവിളി വേറെയും
തോൽവി എങ്ങനെ പരിശോധിക്കണം, കാരണങ്ങൾ എന്തെല്ലാം കണ്ടെത്തണം, അതിൽ ഏതെല്ലാം പുറത്ത് പറയണം തുടങ്ങിയ വെല്ലുവിളികൾ മാത്രമല്ല നേതൃത്വത്തിന് മുന്നിലുളളത്. തോൽവിയുടെ പേരിൽ ശക്തമായ മുന്നറിയിപ്പാണ് മുസ്ലീംലീഗ് അടക്കമുളള ഘടകകക്ഷികൾ തിങ്കളാഴ്ച നടന്ന യു ഡി എഫ് യോഗത്തിൽ നൽകിയത്. നവംബർ 15ന് തോൽവി ചർച്ച ചെയ്യാൻ മാത്രമായി ചേരുന്ന യു ഡി എഫ് യോഗത്തിൽ കോൺഗ്രസിന് മറുപടി പറഞ്ഞേ പറ്റൂ. രാഷ്ട്രീയകാര്യ സമിതിയിൽ പഴി ഉറപ്പുളള മറ്റൊരു വിഷയം കെ പി സി സി പുനസംഘടനയാണ്. മൂന്ന് പ്രധാന നേതാക്കളെ ചുമതല ഏൽപ്പിച്ചിട്ടും കെ പി സി സി പുനസംഘടന നടക്കാത്തതിന് എതിരായ കടുത്ത വിമർശനം പല മുതിർന്ന നേതാക്കൾക്കും ഉണ്ട്. അത് യോഗത്തിൽ അവർ ഉയർത്തുമെന്ന് ഉറപ്പാണ്. പുനസംഘടനയ്ക്ക് സമയ പരിധി നിശ്ചയിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഒപ്പം യൂത്ത് കോൺഗ്രസ് പുനസംഘടന ഉടൻ വേണം എന്ന നിർദ്ദേശവും ചില നേതാക്കൾ മുന്നോട്ടു വച്ചേക്കും. ഭരണത്തിന്റെ അവസാന വർഷം സർക്കാരിന് എതിരെ ഏറ്റവും ശക്തമായി പ്രതിഷേധിക്കേണ്ട യൂത്ത് കോൺഗ്രസിന് പുതിയ ഭാരവാഹികൾ ഇല്ലാതിരിക്കുന്നതിലെ അപകടമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.