ഉമ്മൻ ചാണ്ടിയടക്കമുള്ള ഗ്രൂപ്പ് നേതാക്കളുടെ പരാതിയും പരിഗണിക്കും. നേതാക്കളെ വിശ്വാസത്തിലെടുക്കണമെന്ന് കെ.പി.സി.സി. നേതൃത്വത്തിന് ഹൈക്കമാന്ഡ് നിർദ്ദേശം നൽകി. ഫലത്തിൽ കെ.പി.സി.സി. നേതൃത്വത്തെയും ഗ്രൂപ്പ് നേതാക്കളേയും ഒപ്പം നിർത്തിയുള്ള നീക്കമാണ് ഹൈക്കമാന്ഡ് നടത്തുന്നത്. സോണിയാ ഗാന്ധിയുടെ നിർദ്ദേശം കേരളത്തിലെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ നേതൃത്വത്തെ അറിയിച്ചു.
ഗ്രൂപ്പുകൾക്കും നേട്ടം
പുനഃസംഘടന നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും ഗ്രൂപ്പുകൾക്ക് നേട്ടമുണ്ട്. ഏകപക്ഷീയമായ പുനഃസംഘടന നടക്കില്ല. സംഘടനാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കെ. സുധാകരൻ പുനഃസംഘടനയെ ആയുധമാക്കുന്നുവെന്നായിരുന്നു ഗ്രൂപ്പുകളുടെ പരാതി. ഹൈക്കമാന്ഡ് ഇടപെട്ടതോടെ ഗ്രൂപ്പ് നേതാക്കളെ കൂടി വിശ്വാസത്തിലെടുക്കേണ്ടിവരുമെന്ന് ഇവർ കരുതുന്നു. ഏകപക്ഷീയമായ അച്ചടക്ക നടപടിക്കും ഇനി നേതൃത്വം തയ്യാറാവില്ലെന്നും ഗ്രൂപ്പുകൾ പ്രതീക്ഷിക്കുന്നു. ഫലത്തിൽ ഉമ്മൻ ചാണ്ടി ഡൽഹിയിൽ നടത്തിയ നീക്കം ഫലം കണ്ടുവെന്നുതന്നെയാണ് പ്രതീക്ഷ.
advertisement
രാഷ്ട്രീയകാര്യസമിതി ഉപദേശക സമിതി തന്നെ
നിർണ്ണായക തീരുമാനങ്ങളെടുക്കാൻ രൂപീകരിച്ച രാഷ്ട്രീയകാര്യ സമിതിയെ നോക്കു കുത്തിയാക്കുന്നുവെന്നായിരുന്നു പരാതി. കെ.പി.സി.സി. നേതൃയോഗതീരുമാനത്തിൽ നിന്ന് വ്യത്യസ്തമായി പുനഃസംഘടന നടത്താൻ നിർവ്വാഹക സമിതിയുടെ അനുമതിയുണ്ടെന്ന നേതൃത്വത്തിന്റെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഗ്രൂപ്പുകളുടെ നിലപാട്.
ഇതിനിടെ രാഷ്ട്രീയകാര്യ സമിതിയെന്നത് ഉപദേശസമിതിയാണെന്ന വാദവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തെത്തി. ഇതേ നിലപാട് തന്നെയാണ് താരിഖ് അൻവറും സ്വീകരിച്ചത്. രാഷ്ട്രീയകാര്യ സമിതി ഉപദേശക സമിതി തന്നെ. നേതാക്കൾ ഉന്നയിച്ച എല്ലാകാര്യങ്ങളും പരിഹരിക്കാൻ കഴിഞ്ഞേക്കില്ല. എന്നാൽ നേതാക്കളെ ഉൾപെടുത്തി സമവായത്തിലൂടെ മുന്നോട്ട് പോകുമെന്നാണ് താരിഖ് അൻവർ പ്രതികരിച്ചത്.