രാവണന്‍ പരാമര്‍ശം: ബിജെപിക്ക് രാഹുല്‍ ഗാന്ധിയെ ഭയമെന്ന് കെ.സുധാകരന്‍ എംപി
ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയമായതിനാലാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിയുകയും ദേശീതലത്തില്‍ ബിജെപിയുടെ പ്രസക്തി മങ്ങുകുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമം ബിജെപി ക്യാമ്പ് തുടങ്ങിയതെന്ന് കെ സുധാകരൻ പറഞ്ഞു.
ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പങ്കുവെച്ച ചിത്രം ഗൗരവമേറിയതാണ്. ഇതിലൂടെ ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന്‍തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവെച്ചിരിക്കുന്നതെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.
advertisement
ഇതിനെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്നും ഒരുതുള്ളി ചോരപൊടിയാന്‍ രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കില്ല. ബിജെപിയുടെ അക്രമ ആഹ്വാനത്തിനെതിരെ രാജ്യത്തെ മതേതര ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.